കാമുകിയുമായുള്ള പിണക്കം തീർക്കാൻ ചെലവഴിച്ചത് 72000 രൂപ; യുവാവ് അറസ്റ്റിൽ

ശിവദ എന്ന തന്റെ കാമുകിയുമായി താന്‍ പിണക്കത്തിലാണെന്നും ഇത് തീര്‍ക്കാനാണ് ബോര്‍ഡ് വച്ചതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

കാമുകിയുമായുള്ള പിണക്കം തീർക്കാൻ ചെലവഴിച്ചത് 72000 രൂപ; യുവാവ് അറസ്റ്റിൽ

കാമുകിയുമായുള്ള പിണക്കം തീർക്കാനായി യുവാവ് ചെലവഴിച്ചത് 72000 രൂപ. പിണക്കം തീർക്കൽ അതിരു കടന്നതോടെ യുവാവിനെതിരെ പൊലീസ് കേസെടുത്തു. പൂനെ സ്വദേശിയായ എംബിഎ വിദ്യാർത്ഥി ഖേദേക്കറാണ് സോറി പറഞ്ഞതിൻ്റെ പേരിൽ അറസ്റ്റിലായത്.

72,000 രൂപ ചെലവിട്ട് തന്റെ കാമുകിയുടെ വീട്ടിലേക്കുള്ള വഴിയിലെ ഇലക്‌ട്രിക് പോസ്റ്റിലെല്ലാം 'ഐ ആം സോറി ശിവദേ' എന്ന ബോര്‍ഡ് വച്ചായിരുന്നു ഖേദേക്കറിന്റെ മാപ്പുപറച്ചില്‍. പൂനെയിലെ പിംപ്‌രി മേഖലയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് പ്രദേശത്തെ റോഡരികില്‍ മുഴുവന്‍ ഐ ആം സോറി ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ഏതാണ്ട് മുന്നൂറോളം ബോര്‍ഡുകള്‍ ഇത്തരത്തില്‍ ഉണ്ടായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ വിവരം കോര്‍പ്പറേഷന്‍ അധികൃതരെ അറിയിക്കുകയും അനധികൃതമായി ബോര്‍ഡുകള്‍ വച്ചതിന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഖേദേക്കറിനെക്കുറിച്ച്‌ വിവരം ലഭിക്കുന്നത്.

ശിവദ എന്ന തന്റെ കാമുകിയുമായി താന്‍ പിണക്കത്തിലാണെന്നും ഇത് തീര്‍ക്കാനാണ് ബോര്‍ഡ് വച്ചതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. തന്റെ സുഹൃത്തുമായി ചേര്‍ന്നാണ് ഖേദേക്കര്‍ പദ്ധതി നടപ്പിലാക്കിയതെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ അധികൃതരുടെ പരാതിയില്‍ കേസെടുത്തതിനാല്‍ ഖേദേക്കര്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും പൊലീസ് അറിയിച്ചു.

Read More >>