25 വര്‍ഷമായി ഭക്ഷണം പച്ചില മാത്രം; പാക്ക് സ്വദേശി മെഹമ്മൂദ് ഭട്ട് അത്ഭുതമാകുന്നു

പച്ചില തീറ്റ കൊണ്ടാണോയെന്നറിയില്ല, ഉര്‍വശീ ശാപം ഉപകാരമായി എന്ന് പറയുമ്പോലെ ഭട്ടിന് ഈ കാലയളവില്‍ ഒരു പനി പോലും ഉണ്ടായിട്ടില്ല.

25 വര്‍ഷമായി ഭക്ഷണം പച്ചില മാത്രം; പാക്ക് സ്വദേശി മെഹമ്മൂദ് ഭട്ട് അത്ഭുതമാകുന്നു

കഴിഞ്ഞ 25 വര്‍ഷമായി പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ താമസിക്കുന്ന മെഹമ്മൂദ് ഭട്ട് കഴിക്കുന്നത് പച്ചില മാത്രമാണ്. പ്രകൃതി സ്‌നേഹം കൊണ്ടോ വ്യത്യസ്തമായ ഭക്ഷണ രീതി സ്വീകരിച്ചതുകൊണ്ടോ സംഭവിച്ചതല്ലിത്. ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാത്ത ഗതികേടുകൊണ്ടാണ് ഇദ്ദേഹം പച്ചില തിന്നാന്‍ തുടങ്ങിയത്. പച്ചില തീറ്റ കൊണ്ടാണോയെന്നറിയില്ല ഉര്‍വശീ ശാപം ഉപകാരമായി എന്ന് പറയുമ്പോലെ ഭട്ടിന് ഈ കാലയളവില്‍ ഒരു പനി പോലും ഉണ്ടായിട്ടില്ല.

25 വയസ് പ്രായമുള്ളപ്പോഴാണ് ജോലിയില്ലാതെ ദാരിദ്ര്യത്തില്‍പ്പെട്ട ഭട്ട് പച്ചില ഭക്ഷണമാക്കിത്തുടങ്ങിയത്. ''കുടുംബത്തില്‍ പട്ടിണിയായിരുന്നു. ഒരു നേരത്തെ ഭക്ഷണം പോലും എനിക്ക് ലഭിക്കാത്ത സാഹചര്യത്തിലാണ് തെരുവില്‍ ഭിക്ഷയെടുക്കുന്നതിലും ഭേദം പച്ചില തിന്ന് വിശപ്പടക്കുന്നതണെന്ന് കരുതിയത്'' ദി ന്യൂസ് ഇന്റര്‍നാഷണലിനോട് അദ്ദേഹം പറഞ്ഞു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ജോലി കണ്ടെത്താനും സമ്പാദിക്കാനും തുടങ്ങിയെങ്കിലും പച്ചില വിട്ടൊരു ഭക്ഷണത്തെക്കുറിച്ച് അദ്ദേഹത്തിന് ചിന്തിക്കാനായില്ല. ഇന്ന് പ്രതിദിനം 600 രൂപ വേതനം ലഭിക്കുന്ന ജോലിയുണ്ടായിട്ടും ഹോട്ടലില്‍ പോകാനോ വീട്ടില്‍ ഭക്ഷണമുണ്ടാക്കാനോ ഭട്ട് തയ്യാറല്ല. പേരാലിന്റെ ഇലയാണ് തനിക്കേറ്റവും പ്രിയപ്പെട്ടതെന്ന് ഭട്ട് പറയുന്നു.