സെന്‍സര്‍ ബോര്‍ഡ് നേതൃസ്ഥാനത്തുനിന്നും പഹ്ലജ് നിഹലാനിയെ നീക്കി; പ്രസൂൺ ജോഷി പുതിയ ചെയര്‍മാന്‍

ഒരു ചുംബനരംഗം പോലും ഇന്ത്യക്കാര്‍ കാണരുത് എന്ന് നിഹലാനിക്ക് നിര്‍ബന്ധമായിരുന്നു. അമര്‍ത്യസെനിനെ കുറിച്ചുള്ള ഡോക്യുമെന്ററിയില്‍നിന്നും ഗുജറാത്ത്, പശു, ഹിന്ദു ഇന്ത്യ തുടങ്ങിയ വാക്കുകളാണ് നിഹലാനി വെട്ടിക്കളയാന്‍ ആവശ്യപ്പെട്ടത്.

സെന്‍സര്‍ ബോര്‍ഡ് നേതൃസ്ഥാനത്തുനിന്നും പഹ്ലജ് നിഹലാനിയെ നീക്കി; പ്രസൂൺ ജോഷി പുതിയ ചെയര്‍മാന്‍

'സന്‍സ്‌കാര്‍' സിനിമാവെട്ടുകളുടെ പിതാവ് പഹ്ലജ് നിഹലാനിയെ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നീക്കി. ഗാനരചയിതാവ് പ്രസൂൺ ജോഷി പുതിയ ചെയര്‍മാനാകും. സഹപ്രവര്‍ത്തകരില്‍ നിന്നടക്കം എതിര്‍പ്പ് നേരിട്ടതോടെയാണ് നിഹലാനിയെ പുറത്താക്കിയത്. സിനിമാസംവിധായകരും സിനിമാ നിരൂപകരും പ്രേക്ഷകരും നിഹലാനിയുടെ കട്ട് ശൈലിയോട് വിയോജിപ്പ് അറിയിച്ചിരുന്നു.

ഇന്ത്യന്‍ പ്രേക്ഷകര്‍ എന്ത് കാണണം എന്ത് കാണരുത് എന്ന് ബീപ്പുകള്‍ കൊണ്ട് തീരുമാനിച്ച പഹ്ലജ് നിഹലാനി സെന്‍സര്‍ ബോര്‍ഡ് തലപ്പത്തിരുന്ന കാലമത്രയും, ഇന്ത്യന്‍ സംസ്‌കാരത്തിനു ചേരുന്ന രീതിയില്‍ സിനിമകളെ വെട്ടിവിടുകയായിരുന്നു. ഇത് സിനിമാ പ്രേമികളെ അസ്വസ്ഥരാക്കി. ബിജെപി ഭരിക്കുന്ന കാലത്ത് സിനിമകളില്‍ നിന്നും എന്ത് ഒഴിവാക്കണം എന്ന് കൃത്യമായ ധാരണയുള്ള ചെയര്‍മാന്‍ ആയിരുന്നു നിഹലാനി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനെ വ്യക്തിതാല്‍പര്യങ്ങളനുസരിച്ച് ഉപയോഗിക്കുന്നു എന്നതാണ് നിഹലാനിക്കെതിരെ സഹപ്രവര്‍ത്തകര്‍ ഉയര്‍ത്തിയ വിമര്‍ശനം.

മധുര്‍ ഭണ്ഡാര്‍ക്കറിന്റെ ഇന്ദു സര്‍ക്കാര്‍, സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യസെനിനെ കുറിച്ച് സുമന്‍ ഘോഷ് സംവിധാനം ചെയ്ത ദ ആര്‍ഗ്യുമെന്റേറ്റീവ് ഇന്ത്യന്‍ എന്ന ഡോക്യുമെന്ററി, അലംകൃത ശ്രീവാസ്തവയുടെ ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ എന്ന സ്ത്രീപക്ഷ സിനിമ, ഏറ്റവുമൊടുവില്‍ ബാബുമോശായ് ബന്ദൂക്ബാസ് എന്ന സിനിമ എന്നിവയാണ് ഈയടുത്തായി സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് പരിക്കേറ്റ് പുറത്തിറങ്ങിയതും റിലീസ് മുടങ്ങിക്കിടക്കുന്നതുമായ സിനിമകള്‍. ഒരു ചുംബനരംഗം പോലും ഇന്ത്യക്കാര്‍ കാണരുത് എന്ന് നിഹലാനിക്ക് നിര്‍ബന്ധമായിരുന്നു. അമര്‍ത്യസെനിനെ കുറിച്ചുള്ള ഡോക്യുമെന്ററിയില്‍നിന്നും ഗുജറാത്ത്, പശു, ഹിന്ദു ഇന്ത്യ തുടങ്ങിയ വാക്കുകളാണ് നിഹലാനി വെട്ടിക്കളയാന്‍ ആവശ്യപ്പെട്ടത്.

Read More >>