'പദ്മാവത്': പ്രദർശന ദിവസം ഭാരത് ബന്ദ് പ്രഖ്യാപിച്ച് കർണിസേന

സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ കത്തിക്കുമെന്നും നഷ്ടം ഉടമകൾ സഹിച്ചുകൊള്ളണമെന്നും ലോകേന്ദ്ര സിംഗ്

പദ്മാവത്: പ്രദർശന ദിവസം ഭാരത് ബന്ദ് പ്രഖ്യാപിച്ച് കർണിസേന

ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയുടെ വിവാദചിത്രം പദ്മാവതിന്റെ പ്രദർശന ദിവസമായ ജനുവരി 25നു ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌ത്‌ രജ്‌പുത് കർണിസേന. ചിത്രം പ്രദർശനത്തിനെത്തുകയാണെങ്കിൽ രാജ്യമൊട്ടാകെ ഫലപ്രമായിതന്നെ ബന്ദ് നടത്തുമെന്നും കർണിസേന മേധാവി ലോകേന്ദ്ര സിംഗ് കൽവി അറിയിച്ചു. കൂടാതെ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ കത്തിക്കുമെന്നും നഷ്ടം ഉടമകൾ സഹിച്ചുകൊള്ളണമെന്നും ലോകേന്ദ്ര സിംഗ് പറഞ്ഞു.

സിനിമ പ്രദർശനത്തിനെത്തുന്ന തിയേറ്ററുകളുടെ ഉടമകളെ കർണിസേന ഭീഷണപ്പെടുത്തിയതിനാൽ സിനിമ പ്രദർശിപ്പിക്കുന്നതിൽനിന്നും പിന്മാറുകയാണെന്നും തിയേറ്ററുകളുടെ നാശനഷ്‌ടം താങ്ങാനാവില്ലെന്നും ഗുജറാത്ത് മൾട്ടിപ്ലെക്‌സ് അസോസിയേഷൻ ഡയറക്ടർ അറിയിച്ചു.

രജപുത്ര സംസ്‍കാരത്തെയും പദ്മാവതിയെയും കളങ്കപ്പെടുത്തുന്ന രീതിയിലുള്ളതാണ് സിനിമ എന്നാരോപിച്ചാണ് കർണിസേന പ്രതിഷേധം നടത്തുന്നത്. ചിത്രത്തിനെതിരെ നേരത്തെയും ഭീഷണികൾ ഉയർന്നിരുന്നു. ചിത്രത്തിന്റെ സംവിധായകൻ സഞ്ജയ് ലീല ബൻസാലി, നായിക ദീപിക പദുകോൺ എന്നിവർക്കെതിരെ നേരത്തെ ലോകേന്ദ്ര വധഭീഷണി പുറപ്പെടുവിച്ചിരുന്നു.

ഗുജറാത്ത്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങി നാലു സംസ്ഥാങ്ങളിൽ ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെയുള്ള നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്‌തിരുന്നു. കൂടാതെ ചിത്രം രാജ്യത്തെ ക്രമസമാധാനം തകർക്കുന്നുവെന്ന് ആരോപിച്ച് എം എൽ ശർമ്മ നൽകിയ പൊതുതാത്പര്യ ഹർജി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു.

Read More >>