അരുണ്‍ ജയ്റ്റ്‌ലിയുടെ വാദം തള്ളി ചിദംബരം; സാമ്പത്തികരംഗം തകര്‍ച്ചയിലേക്കെന്ന് മുന്‍ ധനമന്ത്രി

അടിയന്തര ഇടപെടല്‍ നടത്തിയില്ലെങ്കില്‍ സാമ്പത്തിക രംഗം ഇനിയും കൂപ്പുകുത്തുമെന്നും അദ്ദേഹം പറഞ്ഞു

അരുണ്‍ ജയ്റ്റ്‌ലിയുടെ വാദം തള്ളി ചിദംബരം; സാമ്പത്തികരംഗം തകര്‍ച്ചയിലേക്കെന്ന് മുന്‍ ധനമന്ത്രി

ആഗോള സാമ്പത്തിക രംഗത്തിന്റെ ഇന്നത്തെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ജിഡിപി നിരക്ക് മികച്ചതാണെന്ന ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ വാദം തള്ളി മുന്‍ ധനമന്ത്രി പി ചിദംബരം രംഗത്തെത്തി. ജിഡിപി നിക്ഷേപം, ക്രെഡിറ്റ് നിരക്കിലെ വര്‍ധന, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നീ മൂന്നു കാര്യങ്ങളിലും എന്‍ഡിഎ സര്‍ക്കാര്‍ പരാജയപ്പെട്ടതായി അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ ജിഡിപി നിരക്ക് 2016-17ല്‍ മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ് 7.1 ശതമാനത്തിലെത്തിയതായി കഴിഞ്ഞ ദിവസം കേന്ദ്ര ഗവണ്‍മെന്റ് അറിയിച്ചിരുന്നു.

മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം ജിഡിപി നിരക്ക് 6.1 ശതമാനമായിരുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ''ഒരു രാജ്യത്തിന്റെ വികസന സൂചികകളായ ജിഡിപി നിക്ഷേപ നിരക്ക്, ക്രെഡിറ്റിലെ വര്‍ധന, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയില്‍ കേന്ദ്ര സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു''-ചിദംബരം പറഞ്ഞു. അടിയന്തര ഇടപെടല്‍ നടത്തിയില്ലെങ്കില്‍ സാമ്പത്തിക രംഗം ഇനിയും കൂപ്പുകുത്തുമെന്നും അദ്ദേഹം പറഞ്ഞു.

''നിരവധി ഘടകങ്ങള്‍ ജിഡിപിയെ ബാധിക്കും. നോട്ടുനിരോധനത്തിന് മുമ്പു തന്നെ ജിഡിപി വളര്‍ച്ചയില്‍ കുറവ് കാണിച്ചിരുന്നു. നിലവിലെ ആഗോള സാമ്പത്തിക രംഗം പരിഗണിക്കുകയാണെങ്കില്‍ ഇന്ത്യയുടെ 7-8 ശതമാനം വളര്‍ച്ച തൃപ്തികരമാണ്''-ചിദംബരം കഴിഞ്ഞ ദിവസം പറഞ്ഞു. എന്‍ഡിഎ ഗവണ്‍മെന്റ് സാമ്പത്തിക മേഖലയുടെ വിശ്വാസ്യത പുനസ്ഥാപിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.