സോളാർ: ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിന് രാജിക്കത്ത് നല്‍കി; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് എ കെ ആന്റണി

ഉമ്മന്‍ചാണ്ടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യത്തില്‍ നിൽക്കുകയാണ് എ കെ ആന്റണി. സോളാറില്‍ പൊള്ളി ഹൈക്കമാന്‍ഡ്. എന്ത് തീരുമാനമെടുക്കണമെന്നറിയാതെ രാഹുല്‍ ഗാന്ധി.

സോളാർ: ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിന് രാജിക്കത്ത് നല്‍കി; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് എ കെ ആന്റണി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് രാജിക്കത്ത് നല്‍കി. എംഎല്‍എ സ്ഥാനം രാജി വയ്ക്കാനുള്ള സന്നദ്ധതയും രാജി കത്തില്‍ അറിയിച്ചിട്ടുണ്ട്. സോളാര്‍ അന്വേഷണത്തിന്റെ ജുഡീഷ്യൽ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ലൈംഗീക പീഡന വകുപ്പ് അടക്കം ചുമത്തി കേസെടുക്കുമെന്ന സാഹചര്യം നിലനില്‍ക്കെയാണ് രാജിക്കത്ത് നൽകിയത്.

ഇടതുപ‌ക്ഷ സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രാഷ്ട്രീയ പ്രേരിതമായി നീങ്ങുകയാണെന്ന നിലപാട് പാര്‍ട്ടിയെടുക്കുമെന്നാണ് സോളാർ കമ്മീഷന്റെ റിപ്പോർട്ടിൽ പേരു വന്ന നേതാക്കൾ കരുതിയിരുന്നത്. രാഹുലില്‍ നിന്നു തന്നെ ഇത്തരം പ്രസ്താവന വരുമെന്നും നേതാക്കൾ കരുതിയിരുന്നു. എന്നാൽ അതുണ്ടായില്ല. കേരളത്തിലെ സ്ഥിതിഗതികള്‍ അറിയുന്നതിന് എ കെ ആന്റണി, പി ജെ കുര്യന്‍, അഹമ്മദ് പട്ടേല്‍ എന്നിവരുടെ നിലപാടാണ് രാഹുല്‍ ആരാഞ്ഞത്.

ഉമ്മന്‍ചാണ്ടിയടക്കമുള്ള കുറ്റാരോപിതരെ പാര്‍ട്ടിയ്ക്കു പുറത്തുനിർത്തണമെന്ന് എ കെ ആന്റണി ആവശ്യപ്പെട്ടു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കുണ്ടായ പ്രതിച്ഛായ നഷ്ടം ഉമ്മന്‍ചാണ്ടിയെയും കൂട്ടരെയും പുറത്താക്കി മാത്രമേ പരിഹരിക്കാൻ കഴിയുവെന്നാണ് ആന്റണിയുടെ നിലപാട്. അതേസമയം, പി ജെ കുര്യനും അഹമ്മദ് പട്ടേലും നടപടി പാടില്ലെന്നാണ് ആവശ്യപ്പെട്ടത്.

ഉമ്മന്‍ചാണ്ടിയെ പുറത്താക്കുന്നതിലൂടെ കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതെയാവുമെന്നാണ് ഇരുവവരുടെയും നിലപാട്. പാര്‍ട്ടി നടപടിയെടുത്താൽ പാര്‍ട്ടി വിടുമെന്ന ശക്തമായ ഭീഷണിയും ഉമ്മന്‍ചാണ്ടി മുഴക്കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി പാര്‍ട്ടി വിട്ട് മറ്റൊരു പാര്‍ട്ടിയുണ്ടാക്കുകയോ ലയിക്കുകയോ ചെയ്യുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ആത്മഹത്യാപരമാണ്. രാഹുല്‍ ഗാന്ധി അത്തരം ഒരു സാഹചര്യം ഒഴുവാക്കാനുള്ള ഫോര്‍മുലയാണ് തേടുന്നത്.

പുറത്താക്കിയേ പറ്റുവെന്ന കടുത്ത നിലപാടില്‍ ആന്റണി ഉറച്ചുനില്‍ക്കുന്നത് ചെന്നിത്തല ഗ്രൂപ്പിന്റെ ഉന്നമനത്തിനു വേണ്ടിയാണ്. തന്നെ പുകച്ചു ഡല്‍ഹിക്കു ചാടിച്ചത് ഉമ്മന്‍ചാണ്ടിയുടെ കുതന്ത്രമാണെന്ന് അറിയാവുന്ന ആന്റണി തനിക്കു പ്രതികരിക്കാനുള്ള സമയമായാണ് ഇതിനെ കാണുന്നത്. ഉമ്മന്‍ചാണ്ടിയില്ലെങ്കില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റ് പോലും കിട്ടില്ലെന്ന് കുര്യനും പട്ടേലും രാഹുലിനെ അറിയിച്ചു.

അതേസമയം, കേരളത്തിലെ സംഭവങ്ങള്‍ ഹൈക്കമാന്‍ഡിനെ ആശയക്കുഴപ്പത്തിലാക്കി കഴിഞ്ഞു. രാഷ്ട്രീയമായ വലിയ പ്രതിസന്ധിയായിട്ടും ട്വീറ്റുകളില്‍ നിന്നടക്കം ഒഴിഞ്ഞുനില്‍ക്കുകയാണ് രാഹുല്‍. ഉമ്മന്‍ചാണ്ടിയെയും ആന്റണിയെയും ഒരേ പോലെ തൃപ്തിപ്പെടുത്തുന്ന തീരുമാനം വേണ്ടിവരും. ഉമ്മന്‍ചാണ്ടി നല്‍കിയ രാജിക്കത്ത് സ്വീകരിക്കുന്നതും നിഷേധിക്കുന്നതും ദോഷകരമായേ വരൂവെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് ദേശീയ നേതൃത്വം.

Read More >>