ഇളയരാജയും യേശുദാസും പകർപ്പാവകാശ തർക്കങ്ങളും

സംഗീതത്തിന്റെ കാര്യത്തിൽ സംഗീതസംവിധായകൻ ആണ് സൃഷ്ടിയുടെ ആദ്യത്തെ അവകാശി. നിർമ്മാതാവിനും അവകാശം ഉണ്ടാകും. മറ്റുള്ളവരുടെ അവകാശങ്ങൾ കരാർ അനുസരിച്ചായിരിക്കും നിശ്ചയിക്കപ്പെടുക.

ഇളയരാജയും യേശുദാസും പകർപ്പാവകാശ തർക്കങ്ങളും

സംഗീതസംവിധായകൻ ഇളയരാജ തന്റെ പാട്ടുകൾ ഉപയോഗിക്കണമെങ്കിൽ അനുവാദം വാങ്ങണമെന്നും അല്ലെങ്കിൽ നിയമനടപടി ഉണ്ടാകുമെന്നും എസ് പി ബാലസുബ്രഹ്മണ്യത്തിന് വക്കീൽ നോട്ടീസ് അയച്ചത് കൂടുതൽ ചർച്ചകൾക്ക് വഴിതെളിക്കുന്നു. സിനിമയിലെ പാട്ടിന്റെ അവകാശം ആർക്കായിരിക്കും എന്നതിനെക്കുറിച്ചാണ് പ്രധാനമായും തർക്കം.

1957 ലെ പകർപ്പാവകാശനിയമം അനുസരിച്ച് സാഹിത്യം, നാടകം, സംഗീതം, മറ്റ് കലാസൃഷ്ടികൾ എന്നിവയുടെ അവകാശം അതാതിന്റെ സൃഷ്ടാക്കൾക്കും നിർമ്മാതാക്കൾക്കും ആണ്. സംഗീതത്തിന്റെ കാര്യത്തിൽ സംഗീതസംവിധായകൻ ആണ് സൃഷ്ടിയുടെ ആദ്യത്തെ അവകാശി. നിർമ്മാതാവിനും അവകാശം ഉണ്ടാകും. മറ്റുള്ളവരുടെ അവകാശങ്ങൾ കരാർ അനുസരിച്ചായിരിക്കും നിശ്ചയിക്കപ്പെടുക.

അപ്പോൾ, ഇളയരാജ സംഗീതം നൽകിയ ഗാനങ്ങളുടെ പകർപ്പവകാശം പ്രാഥമികമായി ഇളയരാജക്കു തന്നെയായിരിക്കും. മദ്രാസ് ഹൈക്കോടതി ശരിവച്ചതും ആ വാദമാണ്. ഇളയരാജയുടെ ഗാനങ്ങൾ ഏത് രൂപത്തിൽ ഉപയോഗിക്കണമെങ്കിലും അദ്ദേഹത്തിന്റെ അനുവാദം വാങ്ങേണ്ടതാണെന്നതാണ് കോടതിയെടുത്ത നിലപാട്.

പകർപ്പാവകാശനിയമം നൽകുന്നത് പ്രധാനമായും ആറ് അവകാശങ്ങളാണ്. ഗാനത്തിന്റെ പകർപ്പെടുക്കൽ, അനുകരിക്കൽ, വിതരണം ചെയ്യൽ, പ്രദർശിപ്പിക്കൽ, സംവിധാനം ചെയ്യുമ്പോൾ ഉപയോഗിക്കൽ, റെക്കോർഡ് ചെയ്യുമ്പോൾ ഉപയോഗിക്കൽ എന്നിവയാണത്. മറ്റൊരാൾക്ക് ഇവയിൽ എന്തുചെയ്യണമെങ്കിലും അതാത് ഗാനത്തിന്റെ ഉടമയുടെ സമ്മതം വാങ്ങിക്കേണ്ടതാണ്.

2012 ൽ ഗാനരചയിതാവായ ജാവേദ് അഖ്തർ പകർപ്പാവകാശനിയമം ഭേദഗതിചെയ്യുന്ന ബിൽ രാജ്യസഭയിൽ പാസ്സാക്കിയെടുത്തിരുന്നു. സംഗീതരംഗത്ത് പ്രവർത്തിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു ജാവേദ് മുൻകയ്യെടുത്തുണ്ടാക്കിയ നിയമം. ഗാനരചയിതാക്കൾക്കും സംഗീതസംവിധായകർക്കും ഗാനത്തിൽ അവകാശം നൽകുന്ന ബിൽ ആയിരുന്നു അത്. അന്ന് ഗായകൻ സോനു നിഗം ട്വിറ്ററിൽ കുറിച്ചത് ഗായകർക്കും അവകാശം വേണമെന്നായിരുന്നു. അതേപ്പറ്റി പക്ഷെ, തുടർ ചർച്ചകളൊന്നും ഉണ്ടായില്ല.

ഇപ്പോഴത്തെ നിലയിൽ ഗായകനും അവകാശം നൽകുന്നതായി കരാർ ഉണ്ടെങ്കിൽ മാത്രമേ റോയൽറ്റി ഉൾപ്പെടെയുള്ള അവകാശങ്ങൾ ഗായകനു വരുന്നുള്ളൂ. യേശുദാസ് തന്റെ ഗാനങ്ങൾ ഉപയോഗിക്കരുതെന്നു പറഞ്ഞപ്പോൾ വിവാദം ഉണ്ടായതും ഈ അവസരത്തിൽ ഓർക്കാവുന്നതാണ്. യേശുദാസിന്റെ ഉടമസ്ഥതയിലുള്ള തരംഗിണി എന്ന സംഗീത പ്രൊഡക്ഷൻ കമ്പനി പണം മുടക്കി നിർമ്മിക്കുന്ന ഗാനങ്ങളുടെ പകർപ്പവകാശം യേശുദാസിനും അവകാശപ്പെട്ടതാണ്. അപ്പോൾ, പകർപ്പാവകാശനിയമം അനുസരിച്ച് തരംഗിണി നിർമ്മിച്ച പാട്ടുകൾ ഉപയോഗിക്കുന്നതിന് യേശുദാസിന്റെ അനുവാദം വാങ്ങണമെന്ന് പറയുന്നതിൽ തെറ്റൊന്നുമില്ല.

സിനിമയും സംഗീതവുമാണ് ഏറ്റവും കൂടുതൽ പകർപ്പാവകാശലംഘനങ്ങൾ നടക്കുന്ന മേഖലകൾ.. ഇന്റർനെറ്റിലൂടെ പാട്ടും സിനിമയും ആർക്കും അപ് ലോഡ് ചെയ്യാനും ഡൗൺ ലോഡ് ചെയ്യാനും സാധിക്കുമ്പോൾ യഥാർഥത്തിൽ നഷ്ടം സംഭവിക്കുന്നത് അതിന്റെ നിർമ്മാതാക്കൾക്കാണ്. മുമ്പ് യേശുദാസിന്റേതായാലും ഇപ്പോൾ ഇളയരാജയുടേതായാലും, പകർപ്പാവകാശനിയമം സംബന്ധിച്ച് കൂടുതൽ വ്യക്തതയുണ്ടാവേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിവാദങ്ങൾ വിരൽ ചൂണ്ടുന്നത്.

Read More >>