ഓഖി: മുംബൈ തീരത്തടിഞ്ഞത് 80 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ

ഉൾക്കടലിൽ ഒഴുകി നടന്ന മാലിന്യമാണ് ഓഖി കാരണമുണ്ടായ തിരത്തള്ളലിൽ തീരത്തടിഞ്ഞത്

ഓഖി: മുംബൈ തീരത്തടിഞ്ഞത് 80 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ

ഓഖി ചുഴലിക്കാറ്റ് ദക്ഷിണേന്ത്യയിൽ അപഹരിച്ച ജീവനുകളും വരുത്തിയ നാശനഷ്ടങ്ങളും ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. അതേസമയമാണ് ഓഖി ചുഴലിക്കാറ്റുമൂലം വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ മുംബൈ കടൽതീരത്തടിഞ്ഞത്. മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഖരമാലിന്യ നിയന്ത്രണ വിഭാഗമാണ് 80,000 കിലോ പ്ലാസ്റ്റിക് മാലിന്യം തീരത്തടിഞ്ഞെന്ന കണക്ക് പുറത്തുവിട്ടത്.

ഉൾക്കടലിൽ ഒഴുകി നടന്ന മാലിന്യമാണ് ഓഖി കാരണമുണ്ടായ തിരത്തള്ളലിൽ തീരത്തടിഞ്ഞത്. ചൊവ്വ ബുധൻ ദിവസങ്ങളിലായാണ് ഇത്രയും മാലിന്യങ്ങൾ തിരിച്ചു വന്നത്. വിവിധ ബീച്ചുകളിൽ നിന്നായി 26 ട്രക്ക് ലോഡ്‌ മാലിന്യം ശേഖരിച്ചുവെങ്കിലും ഇനിയും ദിവസങ്ങളെടുത്താലെ മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്യാനാവൂ എന്ന് ഖരമാലിന്യ നിയന്ത്രണ വിഭാഗം മേധാവി അറിയിച്ചു.

വെര്‍സോവ, ജൂഹു ബീച്ചുകളിലാണ് ഏറ്റവും കൂടുതല്‍ മാലിന്യക്കൂമ്പാരങ്ങൾ കണ്ടെത്തിയിട്ടുള്ളത്. 15,000 കിലോ,10,000 കിലോ എന്നിങ്ങനെ ഈ ബീച്ചുകളിൽ ആകെ 25000 കിലോ മാലിന്യങ്ങളാണ് അടിഞ്ഞിരിക്കുന്നത്. ബാക്കിയുള്ള ബീച്ചുകളിൽ ആണ് അഞ്ച് ടണ്ണിൽ കൂടതൽ മാലിന്യങ്ങൾ അടിഞ്ഞിരിക്കുന്നത്. ചില ബീച്ചുകളിൽ രണ്ടടിയോളം ഉയരത്തിൽ മാലിന്യം അടിഞ്ഞു കിടക്കുകയാണ്.

അതേസമയം ഓഖി ചുഴലിക്കാറ്റ് മുംബൈയിലെ വായുവിനെ കഴിഞ്ഞദിവസം ശുദ്ധമാക്കിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് മാലിന്യ കൂമ്പാരങ്ങൾ തീരത്തടിഞ്ഞത്.

Read More >>