മോദിയുടെ നോട്ട് നിരോധനം മുട്ട കൊണ്ടു കല്ലുപൊട്ടിക്കലെന്ന് സാമ്പത്തിക ശാസ്ത്രജ്ഞൻ ഹെയിൻസ് കുർസ്

വർഗ്ഗീയലഹളകളും, പരിസ്ഥിതിപ്രശ്നങ്ങളും, അന്തരീക്ഷമലിനീകരണവും, വിദ്യാഭ്യാസത്തിന്റേയും അറിവിന്റേയും തുല്യതയില്ലാത്ത വിതരണവും, വരുമാനത്തിലുള്ള അനുപാതമില്ലായ്മയുമെല്ലാം രാജ്യത്തിന്റെ സമ്പത്ഘടനയെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദിയുടെ നോട്ട് നിരോധനം മുട്ട കൊണ്ടു കല്ലുപൊട്ടിക്കലെന്ന് സാമ്പത്തിക ശാസ്ത്രജ്ഞൻ ഹെയിൻസ് കുർസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനം മുട്ട കൊണ്ട് കല്ല് പൊട്ടിക്കാൻ ശ്രമിക്കുന്നത് പോലെയായിരുന്നെന്ന് ഓസ്ട്രിയയിലെ ഗ്രാസ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തികശാസ്ത്രജ്ഞൻ ഹെയിൻസ് കുർസ്. അഴിമതി ഇല്ലാതാക്കാൻ ഏറ്റവും ദുർബലമായ ഉപകരണമാണ് നോട്ട് നിരോധനം എന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം കൊണ്ട് ഉദ്ദേശിച്ച കാര്യം സർക്കാർ ഉപേക്ഷിച്ച മട്ടാണെന്നും കുർസ് പറഞ്ഞു.

2000 രൂപയുടെ പുതിയ നോട്ടുകൾ അവതരിപ്പിച്ചതുമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹം തന്റെ അഭിപ്രായം അറിയിച്ചത്. നിരോധിച്ച നോട്ടുകളേക്കാൾ രണ്ടോ നാലോ മടങ്ങ് മൂല്യമുള്ള നോട്ടുകൾ വിപണിയിൽ എത്തിക്കുന്നതിനെ നോട്ട് നിരോധനം എന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കുകളിൽ തിരിച്ചെത്തിയ 500, 1000 രൂപാ നോട്ടുകൾ എണ്ണിയിട്ടുണ്ടെങ്കിലും അവയെല്ലാം കള്ളപ്പണമാണെന്ന് പരിശോധിച്ചിട്ടില്ല. നോട്ട് നിരോധനത്തിന്റെ ആഘാതം ഇന്ത്യയുടെ സാമ്പത്തികവളർച്ചയെ ബാധിച്ചിരിക്കുന്നതു കൊണ്ട് വളർച്ചയെക്കുറിച്ച് ഇപ്പോൾ പറയാനാവില്ല. ഇപ്പോൾ കാണിക്കുന്ന കണക്കുകൾ ആഘാതം ഉൾപ്പെടുത്തിയതാവില്ല. അതുകൊണ്ട് നോട്ട് നിരോധനം സമ്പത് വ്യവസ്ഥയെ ബാധിച്ചിട്ടില്ലെന്ന് പറയാനാവില്ല, കുർസ് തുടർന്നു.

loading...