നിര്‍മ്മാതാവിന് വധഭീഷണി; നടന്‍ സഞ്ജയ് ദത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

സിനിമയിൽ അഭിനയിക്കാമെന്ന് സമ്മതിച്ച് സഞ്ജയ് ദത്ത് വാക്ക് മാറിയത് കൊണ്ട് നഷ്ടപരിഹാരം വേണമെന്ന് ഷക്കീൽ നുറാനി ആവശ്യപ്പെട്ടു. പിന്നീട് ദത്തിന്റെ പേരിൽ അധോലോകത്ത് നിന്നും വധഭീഷണി വന്നെന്ന് നുറാനി കോടതിയിൽ പരാതിപ്പെട്ടു.

നിര്‍മ്മാതാവിന് വധഭീഷണി; നടന്‍ സഞ്ജയ് ദത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. സംവിധായകനും നിര്‍മ്മാതാവുമായ ഷക്കീല്‍ നുറാനിയെ ഭീഷണിപ്പെടുത്തി എന്നാണ് കേസ്. അന്ധേരി കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ഏപ്രില്‍ 2002 ല്‍ സഞ്ജയ് ദത്ത് തന്‌റെയൊപ്പം 'ജാന്‍ കീ ബാസി' എന്ന സിനിമ ചെയ്യാമെന്ന് സമ്മതിക്കുകയും പിന്നീട് വാക്ക് മാറിയെന്നും നുറാനി പരാതിപ്പെട്ടിരുന്നു. കരാര്‍ എഴുതിയതിനുള്ള തുകയായ 50 ലക്ഷം രൂപയും നഷ്ടപരിഹാരമായി രണ്ട് കോടി രൂപയും തനിക്ക് ലഭിക്കണമെന്ന് നുറാനി ആവശ്യപ്പെട്ടിരുന്നു. കേസ് പരിഗണിച്ച കോടതി ദത്തിന്‌റെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് ഉത്തരവിട്ടു.

അപ്പോഴാണ് തനിക്ക് അധോലോകത്തു നിന്നും ദത്തിന്‌റെ പേരില്‍ വധഭീഷണി വന്നെന്ന് നുറാനി കോടതിയില്‍ പരാതിപ്പെട്ടത്.

2013 ല്‍ ദത്ത് കോടതിയില്‍ ഹാജരാകാത്തതു കാരണം ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് കോടതി പുറപ്പെടുവിച്ചിരുന്നു. പിന്നീട് ദത്ത് ഹാജരായപ്പോള്‍ വാറണ്ട് റദ്ദാക്കി.

പിന്നീട് 1993 ലെ മുംബൈ സ്‌ഫോടനക്കേസില്‍ ദത്ത് ശിക്ഷിക്കപ്പെടുകയും ആയുധം കൈവശം വച്ചതിന് അഞ്ച് വര്‍ഷത്തേയ്ക്ക് തടവുശിക്ഷ വിധിക്കപ്പെടുകയും ചെയ്തിരുന്നു.

ദത്ത് ജയില്‍ മോചിതനായ ശേഷം നുറാനിയുടെ വക്കീല്‍ അഡ്വ. നീജര് ഗുപ്ത ദത്തിനെ വിചാരണ ചെയ്യുന്നതിനായി കോടതിയില്‍ ഹര്‍ജി നല്‍കി. ദത്ത് ജയില്‍ മോചിതനായതു കൊണ്ട് കോടതിയില്‍ ഹാജരാകേണ്ടതാണെന്നും എന്നാല്‍ വരാന്‍ കൂട്ടാക്കുന്നില്ലെന്നും നീരജ് കോടതിയില്‍ പറഞ്ഞു.

എന്നാല്‍ വക്കീലുമാരുമായുള്ള ആശയവിനിമയത്തിലുണ്ടായ പാളിച്ചയാണ് കോടതിയില്‍ ഹാജരാകാതിരുന്നതിന്‌റെ കാരണം എന്ന് സഞ്ജയ് ദത്ത് പറയുന്നു