പിഡിപി നേതാവിന്റെ പരാതി: അർണബിനെതിരെ ജാമ്യമില്ലാ വാറന്റ്

തനിക്കെതിരെ അടിസ്ഥാനരഹിതമായ, കെട്ടിച്ചമച്ച അഴിമതി ആരോപണം ഉന്നയിച്ചെന്നാണ് അക്തര്‍ അര്‍ണബിനെതിരെ നല്‍കിയ പരാതി.

പിഡിപി നേതാവിന്റെ പരാതി: അർണബിനെതിരെ ജാമ്യമില്ലാ വാറന്റ്

റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ​ഗോസാമിക്കും മറ്റ് മൂന്നു മാധ്യമപ്രവർത്തകർക്കുമെതിരെ ശ്രീനഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. മുന്‍ മന്ത്രിയും പിഡിപി നേതാവുമായ നയീം അക്തര്‍ നല്‍കിയ കേസിലാണ് കോടതി നടപടി. അര്‍ണബ് ഗോസാമി നേരിട്ട് ഹാജരാകണമെന്ന് ശ്രീനഗര്‍ കോടതി നേരത്തെ ഉത്തവിട്ടിരുന്നു. ഫെബ്രുവരി ഒമ്പതിന് കോടതി മുമ്പാകെ ഹാജരാകാനാണ് അര്‍ണബ് ഉള്‍പ്പെടെ നാലു മാധ്യമപ്രവര്‍ത്തകരോട് കോടതി ആവശ്യപ്പെട്ടത്. എന്നാൽ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അറസ്റ്റ് വാറന്റ്. മാര്‍ച്ച് 23 ന് നാലു പേരെയും കോടതിയില്‍ ഹാജരാക്കാനാണ് ജില്ലാ പൊലീസ് മേധാവിക്ക് കോടതി നൽകിയിരിക്കുന്ന നിർദേശം.

2018 നവംബര്‍ 16നാണ് നയീം അക്തര്‍ അര്‍ണബിനും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ കോടതിയെ സമീപിച്ചത്. തനിക്കെതിരെ അടിസ്ഥാനരഹിതമായ, കെട്ടിച്ചമച്ച അഴിമതി ആരോപണം ഉന്നയിച്ചെന്നാണ് അക്തറിന്റെ പരാതി. ബിജെപി നേതാവ് ഖാലിദ് ജഹാംഗീര്‍, റിപബ്ലിക് ടിവിയിലെ മാധ്യമപ്രവര്‍ത്തകരായ ആദിത്യ രാജ് കൗള്‍, സീനത്ത് സീഷാന്‍ ഫാസില്‍, സാകല്‍ ഭട്ട് എന്നിവര്‍ക്കെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്. ഇവരോടും ഹാജരാകാന്‍ കോടതി ഉത്തരവിട്ടിരുന്നു.എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് കശ്മീരില്‍ ഉടലെടുത്ത സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ സമന്‍സിന് മറുപടി നല്‍കാന്‍ ഗോസാമിക്കും മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്കും കഴിയില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ഇര്‍ഷാദ് അഹമ്മദ് കോടതിയെ ബോധിപ്പിച്ചു. ഇതേസമയം, ജോലിത്തിരക്കും മറ്റു സ്വകാര്യ ആവശ്യങ്ങളും കാരണം ഫാസിലിനും ഹാജരാകാന്‍ കഴിയില്ലെന്ന് കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതിഭാഗത്തിന്റെ വാദം തള്ളിയ കോടതി, അടുത്ത നടപടികളിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് അര്‍ണബിനും മറ്റു മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.

നേരത്തെ ശശി തരൂര്‍ നല്‍കിയ മാനനഷ്ടക്കേസിലും അര്‍ണബ് നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് അര്‍ണബിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഭാര്യ സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്നാണ് തരൂരിന്റെ പരാതി.

Read More >>