ശിലാഫലകങ്ങളില്‍ പേരുകള്‍ വേണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉത്തരവ്

വിഐപി സംസ്‌കാരം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി

ശിലാഫലകങ്ങളില്‍ പേരുകള്‍ വേണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉത്തരവ്

ഇനി മുതല്‍ ശിലാഫലകങ്ങളില്‍ വ്യക്തികളുടെ പേരുകള്‍ ചേര്‍ക്കേണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. വിഐപി സംസ്‌കാരം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മന്ത്രിമാര്‍, എംഎല്‍എമാര്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ ആരുടേയും പേരുകള്‍ ശിലാഫലകത്തില്‍ ചേര്‍ക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു.

മുഖ്യമന്ത്രിയും പുതിയ ഉത്തരവിന് കീഴില്‍ വരും. വാഹനങ്ങളിലെ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കി മാതൃകയാകണമെന്ന് നേരത്തെ അമരീന്ദര്‍ സിംഗ് തന്റെ സഹപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. പൊതുജനങ്ങളോട് വിനയത്തോടെ പെരുമാറാനും മുഖ്യമന്ത്രി സഹമന്ത്രിമാരോട് ആവശ്യപ്പെട്ടു. ''നമ്മള്‍ ഈ സ്ഥാനത്തിനിരിക്കാന്‍ കാരണം ജനങ്ങളാണ്. അതിനാല്‍ അവരോട് എല്ലായ്‌പ്പോഴും വിനയത്തോടെയും ബഹുമാനത്തോടെയും പെരുമാറണം'' അമരീന്ദര്‍ സിംഗ് പറഞ്ഞു. വിഐപി സംസ്‌കാരത്തിനെതിരെ ശക്തമായ നിലപാടുള്ള അമരീന്ദര്‍ സിംഗ് ഈയിടെ മുംബൈയ്ക്കുള്ള യാത്രക്കായി ചണ്ഡീഗഡ് വിമാനത്താവളത്തില്‍ ക്യൂവില്‍ നിന്ന് ചെക്ക് ഇന്‍ ചെയ്തത് ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.