കാശില്ലെങ്കിൽ ആംബുലൻസുമില്ല; പഞ്ചാബിൽ പിതാവിന്റെ മൃതദേഹം ഉന്തുവണ്ടിയിലേറ്റി യുവാവ്

പശുക്കൾക്കു പോലും ആംബുലൻസ് ഏർപ്പെടുത്തിയ ഇന്ത്യയിലാണ് ആശുപത്രി അധികൃതരുടെ കാരുണ്യമില്ലായ്മ വീണ്ടും ആവർത്തിച്ചിരിക്കുന്നത്. തൊഴിലാളിയായ സരബ്ജിത് എന്ന യുവാവാണ് പിതാവിന്റെ മൃതദേഹം ഉന്തുവണ്ടിയിൽ വച്ച് ആശുപത്രിയിൽ നിന്നും വീട്ടിലെത്തിച്ചത്. സ്വകാര്യ ആംബുലൻസിനു കൊടുക്കാൻ 400 രൂപ ഇല്ലാതെവന്നതോടെയാണ് സരബ്ജിത്തിന് ഇത്തരമൊരു മാർ​ഗം സ്വീകരിക്കേണ്ടിവന്നത്.

കാശില്ലെങ്കിൽ ആംബുലൻസുമില്ല; പഞ്ചാബിൽ പിതാവിന്റെ മൃതദേഹം ഉന്തുവണ്ടിയിലേറ്റി യുവാവ്

അധികാരികളുടെ കണ്ണിൽച്ചോരയില്ലായ്മയ്ക്ക് ഉത്തരേന്ത്യയിൽ നിന്നും മറ്റൊരു ഉദാഹരണം കൂടി. കൂലി കാെടുക്കാനില്ലാത്തതിനാൽ ആംബുലൻസ് നിഷേധിച്ചതിനെ തുടർന്ന് പിതാവിന്റെ മൃതദേഹം ഉന്തുവണ്ടിയിലേറ്റി യുവാവ്. പ‍ഞ്ചാബിലെ ജലന്തറിൽ വ്യാഴാഴ്ചയാണു സംഭവം.

പശുക്കൾക്കു പോലും ആംബുലൻസ് ഏർപ്പെടുത്തിയ ഇന്ത്യയിലാണ് ആശുപത്രി അധികൃതരുടെ കാരുണ്യമില്ലായ്മ വീണ്ടും ആവർത്തിച്ചിരിക്കുന്നത്. തൊഴിലാളിയായ സരബ്ജിത് എന്ന യുവാവാണ് പിതാവിന്റെ മൃതദേഹം ഉന്തുവണ്ടിയിൽ വച്ച് ആശുപത്രിയിൽ നിന്നും വീട്ടിലെത്തിച്ചത്. സ്വകാര്യ ആംബുലൻസിനു കൊടുക്കാൻ 400 രൂപ ഇല്ലാതെവന്നതോടെയാണ് സരബ്ജിത്തിന് ഇത്തരമൊരു മാർ​ഗം സ്വീകരിക്കേണ്ടിവന്നത്.

പിതാവ് ചികിത്സയിലായിരുന്ന സിവിൽ ആശുപത്രിയിലെ ഡോക്ടർമാർ ആംബുലൻസ് നിഷേധിച്ചതിനെ തുടർന്നാണ് സരബ്ജിത് സ്വകാര്യ സർവീസ് നടത്തുന്നയാളെ ബന്ധപ്പെട്ടത്. എന്നാൽ 400 രൂപ കൂലി കൊടുക്കണമെന്നായിരുന്നു ആവശ്യം. ഇത്രയും തുക ഇല്ലാതെവന്നതോടെ, തനിക്ക് ഒരു ബന്ധു ഒരു ഉന്തുവണ്ടി ഏർപ്പാടാക്കി നൽകുകയായിരുന്നുവെന്ന് സരബ്ജിത് പറഞ്ഞു.

ഉന്തുവണ്ടിയിൽ മൃതദേഹം വച്ച് ഉന്തിക്കൊണ്ടുപോകവെ, പിന്നീട് ജങ്ഷനിൽ കണ്ട ഓട്ടോറിക്ഷയിൽ 150 രൂപ കൂലികൊടുത്താണ് സരബ്ജിത് പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്.

ഞായറാഴ്ചയാണ് സരബ്ജിത് പിതാവിനെ സിവിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ അദ്ദേഹം മരണപ്പെട്ടു. തുടർന്ന്, മൃതദേഹം വീട്ടിലെത്തിക്കാൻ ആശുപത്രി അധികൃതരോട് ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും നൽകാനാവില്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചതെന്ന് സരബ്ജിത് വ്യക്തമാക്കി. ഇതേ തുടർന്നാണ് പുറത്തുള്ള ഒരു ആംബുലൻസിനെ വിളിച്ചതും ഡ്രൈവർ 400 രൂപ കൂലി ആവശ്യപ്പെട്ടതും. എന്നാൽ ഇത്രയും രൂപ തന്റെ കൈയിൽ ഇല്ലായിരുന്നെന്നു സരബ്ജിത് പറയുന്നു.

അതേസമയം, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോ​ഗികൾക്കു മാത്രമേ ആംബുലൻസ് സേവനം ലഭ്യമാക്കൂ എന്നും മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകാൻ ‌വാഹനം കൊടുത്തുവിടാറില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ട് കമൽജീത് സിങ് ബാവയുടെ വാദം. ഇക്കാര്യം തങ്ങൾ സർക്കാരിനെ അറിയിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.

ഇതിനു മുമ്പ് പഞ്ചാബിലെ സിദ്ധി ജില്ലയിലും സമാന സംഭവം അരങ്ങേറിയിരുന്നു. മരണപ്പെട്ട മകന്റെ മൃതദഹേം മുളയിൽക്കെട്ടി കൊണ്ടുപോവേണ്ട ​ഗതികേടാണ് ഇവിടെയുള്ളൊരു കുടുംബത്തിനുണ്ടായത്. സിദ്ധി മുനിസിപ്പൽ കോർപറേഷൻ അധികൃതർ വാഹനം നിഷേധിച്ചതിനെ തുടർന്നായിരുന്നു ഇത്.

ആശുപത്രി അധികൃതർ ആംബുലൻസ് സേവനം നിഷേധിച്ചതിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ നിർധനരായ ആളുകൾ ഉറ്റവരുടെ മൃത​ദേഹവുമേന്തി കിലോമീറ്ററുകൾ നടന്നും മുളയിൽ വച്ചു കെട്ടിയും വീട്ടിലെത്തിച്ച സംഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്. ആംബുലൻസിനു നൽകാൻ പണമില്ലാത്തതിനാൽ ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി 13 കിലോമീറ്ററോളം നടന്ന ഒറീസ സ്വദേശി ദനാ മാജിയായിരുന്നു ഇതിൽ ഏറ്റവും കൂടുതൽ കരളലിയിപ്പിച്ചത്. ഇത് വലിയ വാർത്തയായിരുന്നു. സംഭവം അറിഞ്ഞ ബഹ്റൈൻ രാജാവ് പിന്നീട് മാജിക്ക് 8.87 ലക്ഷം രൂപ ധനസഹായം നൽകിയിരുന്നു.