നിസാമുദ്ദീന്‍ ദര്‍ഗയിലെ മുഖ്യ പുരോഹിതനെ പാക്കിസ്താനില്‍ കാണാതായി

20ന് രാവിലെ ഇന്ത്യയിലേക്ക് തിരികെ വരാനിരിക്കുകയായിരുന്നു ആസിഫ് അലി.

നിസാമുദ്ദീന്‍ ദര്‍ഗയിലെ മുഖ്യ പുരോഹിതനെ പാക്കിസ്താനില്‍ കാണാതായി

ന്യൂഡല്‍ഹിയിലെ പ്രശസ്തമായ നിസാമുദ്ദീന്‍ ദര്‍ഗയിലെ പ്രധാന പുരോഹിതനെ പാക്കിസ്താനില്‍ വെച്ച് കാണാതായി 80കാരനായ ആസിഫ് അലി നിസാമിയെയാണ് ബുധനാഴ്ച മുതല്‍ കാണാതായിരിക്കുന്നത്. മാര്‍ച്ച് ആറിനാണ് അദ്ദേഹം പാക്കിസ്താനിലെത്തിയത്. ലാഹോര്‍ വിമാനത്താവളത്തിലാണ് അദ്ദേഹത്തെ അവസാനമായി കണ്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കറാച്ചിയിലുള്ള സഹോദരിയോടൊപ്പം താമസിക്കുകയായിരുന്ന ആസിഫ് അലി ലാഹോറിലുള്ള ചില സൂഫി പള്ളികളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് ശേഷം കറാച്ചിയിലേക്ക് തിരികെപ്പോകാന്‍ വിമാനത്താവളത്തിലെത്തിയ ശേഷമാണ് ഇദ്ദേഹത്തെ കാണാതായത്. ബുധനാഴ്ച വൈകിട്ട് 4.25 മുതല്‍ ആസിഫ് അലിയുടെ ഫോണ്‍ സ്വിച്ച് ഓഫായ നിലയിലാണ്.

ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ സഹായമഭ്യര്‍ത്ഥിച്ച് ഇന്ത്യയിലുള്ള പാക്കിസ്താന്‍ ഹൈക്കമ്മീഷണറെ സന്ദര്‍ശിച്ചിട്ടുണ്ട്. ഇസ്ലാമാബാദിലുള്ള ഇന്ത്യന്‍ ഹൈകമ്മീഷണറേയും കുടുംബാംഗങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ട്. 20ന് രാവിലെ ഇന്ത്യയിലേക്ക് തിരികെ വരാനിരിക്കുകയായിരുന്നു ആസിഫ് അലി. ന്യൂഡല്‍ഹിയിലെ പ്രശസ്തമായ സൂഫി ആരാധനാലയമാണ് നിസാമുദ്ദീന്‍ ദര്‍ഗ.