ഉത്തര്‍പ്രദേശില്‍ വിമുക്ത ഭടന്റെ വീട്ടില്‍ നിന്ന് 117 കിലോ നീലക്കാള ഇറച്ചിയും തോക്കുകളും ഒരു കോടി രൂപയും പിടികൂടി

40 തോക്കുകള്‍, 50,000 വെടിയുണ്ടകള്‍, അഞ്ച് മാന്‍ തല, മാന്‍ കൊമ്പുകള്‍, മൃഗങ്ങളുടെ തോല്‍, ആനക്കൊമ്പ് എന്നിവയും വിമുക്ത ഭടന്റെ വീട്ടില്‍ നിന്ന് പിടികൂടിയതായി അധികൃതര്‍ അറിയിച്ചു

ഉത്തര്‍പ്രദേശില്‍ വിമുക്ത ഭടന്റെ വീട്ടില്‍ നിന്ന് 117 കിലോ നീലക്കാള ഇറച്ചിയും തോക്കുകളും ഒരു കോടി രൂപയും പിടികൂടി

ഉത്തര്‍പ്രദേശിലെ ഒരു വിമുക്ത ഭടന്റെ വീട്ടില്‍ നിന്ന് 117 കിലോ നീലക്കാളയിറച്ചിയും ഒരു കോടി രൂപയും 40 തോക്കുകളും 50,000 വെടിയുണ്ടകളും പിടികൂടി. വനംവകുപ്പിന്റെ സഹായത്തോടെ ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്. മീററ്റ് സ്വദേശിയായ റിട്ടയേഡ് കേണല്‍ ദേവീന്ദ്ര കുമാറിന്റെ വീട്ടില്‍ നിന്നാണ് ഇവ പിടികൂടിയത്. റെയ്ഡ് 17 മണിക്കൂര്‍ നീണ്ടുനിന്നു.

അഞ്ച് മാന്‍ തല, മാന്‍ കൊമ്പുകള്‍, മൃഗങ്ങളുടെ തോല്‍, ആനക്കൊമ്പ് എന്നിവയും ഇയാളുടെ വീട്ടില്‍ നിന്ന് പിടികൂടിയതായി അധികൃതര്‍ പിടിഐയോട് പറഞ്ഞു. ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയിലായിരുന്നു മാംസമെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മുകേഷ് കുമാര്‍ അറിയിച്ചു. മാംസത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേവീന്ദ്ര കുമാറിന്റെ മകന്‍ പ്രശാന്ത് ഭിഷോണി രാജ്യാന്തര ഷൂട്ടറാണ്. ഇരുവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുകേഷ് കുമാര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കാണപ്പെടുന്ന വന്യമൃഗമാണ് നീലക്കാള. കാഴ്ച്ചയില്‍ പശുവിനെ പോലെ തോന്നിക്കുന്ന നീലക്കാള മാന്‍ വര്‍ഗ്ഗത്തില്‍ പെട്ട ഒരു മൃഗമാണ്. മങ്ങിയ ചാരനിറം കലര്‍ന്ന നീലയാണ് ഇതിന്റെ നിറം. പെണ്‍ മൃഗങ്ങള്‍ക്ക് ചെമ്പ് നിറം. ഇവ കാര്‍ഷിക വിളകള്‍ കൂട്ടത്തോടെ തിന്നു നശിപ്പിക്കാറുണ്ട്. എങ്കിലും പശുവിനോട് സാമ്യമുള്ളതിനാല്‍ ഉത്തരേന്ത്യന്‍ ഗ്രാമവാസികള്‍ ഇതിനെ ഉപദ്രവിക്കാറില്ല. അഞ്ചടിയോളം ഉയരവും 240 കിലോയോളം ഭാരവും ഇവയ്ക്കുണ്ട്. ഇന്ത്യ,പാകിസ്താന്‍, ദക്ഷിണ നേപാള്‍ എന്നിവിടങ്ങളില്‍ കാണപ്പെടുന്നു.

Read More >>