സംഘപരിവാര്‍ നേതാക്കള്‍ പ്രതികളായ സ്ഫോടന കേസുകളില്‍ കൈയയച്ച് സഹായം; എന്‍ഐഎയുടെ ഹിന്ദുത്വ അജണ്ട ഇങ്ങനെ

2008ലെ മലേഗാവ് സ്‌ഫോടന കേസില്‍ പ്രതിയും അഭിനവ് ഭാരത് എന്ന ഹിന്ദുത്വ സംഘടനാ നേതാവുമായ സ്വാമിനി പ്രജ്ഞാ സിങ് ഠാക്കൂറിനെതിരെ ചുമത്തിയിരുന്ന എല്ലാ വകുപ്പുകളും എടുത്തുകളഞ്ഞ് ക്ലീന്‍ ചിറ്റ് നല്‍കിയതോടെയാണ് എന്‍ഐഎയുടെ ഹിന്ദുത്വ കാര്‍ഡ് പുറത്തായത്.

സംഘപരിവാര്‍ നേതാക്കള്‍ പ്രതികളായ സ്ഫോടന കേസുകളില്‍ കൈയയച്ച് സഹായം; എന്‍ഐഎയുടെ ഹിന്ദുത്വ അജണ്ട ഇങ്ങനെ

രാജ്യത്ത് തീവ്രവാദ കേസുകള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംഘപരിവാര്‍ സംഘടനകള്‍ക്കും നേതാക്കള്‍ക്കും നല്‍കിവരുന്നത് കണക്കില്ലാത്ത സഹായം. രാജ്യത്തെ നടുക്കിയ വിവിധ സ്‌ഫോടന കേസുകളില്‍ പ്രതികളായ ഹിന്ദുത്വ സംഘടനാ നേതാക്കളേയും പ്രവര്‍ത്തകരേയും രക്ഷിക്കാന്‍ ഊര്‍ജിത ശ്രമമാണ് എന്‍ഐഎ നടത്തിയത്. എന്‍ഐഎ കേന്ദ്രസര്‍ക്കാരിന്റെ കൈയിലെ ചട്ടുകമായാണ് വര്‍ത്തിക്കുന്നതെന്ന ആരോപണം മുമ്പുതന്നെ ഉയര്‍ന്നിരുന്നു. ഇതോടനുബന്ധിച്ച് വിവിധ സ്‌ഫോടന കേസുകളില്‍ എന്‍ഐഎ സ്വീകരിച്ച നിലപാട് വിലയിരുത്തുമ്പോഴാണ് അതിനു പിന്നിലെ ഹിന്ദുത്വ അജണ്ട വ്യക്തമാകുന്നത്.

മലേ​ഗാവ് സ്ഫോടനത്തിനു ശേഷമുള്ള ഒരു ദൃശ്യം


2008ലെ മലേഗാവ് സ്‌ഫോടന കേസില്‍ പ്രതിയും അഭിനവ് ഭാരത് എന്ന ഹിന്ദുത്വ സംഘടനാ നേതാവുമായ സ്വാമിനി പ്രജ്ഞാ സിങ് ഠാക്കൂറിനെതിരെ ചുമത്തിയിരുന്ന എല്ലാ വകുപ്പുകളും എടുത്തുകളഞ്ഞ് ക്ലീന്‍ ചിറ്റ് നല്‍കിയതോടെയാണ് എന്‍ഐഎയുടെ ഹിന്ദുത്വ കാര്‍ഡ് പുറത്തായത്. 2016 മെയിലായിരുന്നു ഇത്. ഇതുകൂടാതെ രാജ്യത്തു സംഘപരിവാര്‍ നേതാക്കള്‍ പ്രതികളായ മറ്റു ചില ബോംബ് സ്‌ഫോടനകേസുകളിലും ദേശീയ അന്വേഷണ ഏജന്‍സി അവരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പ്രജ്ഞാസിങ് ഠാക്കൂര്‍ അടക്കമുള്ളവര്‍ പ്രതികളായ 2008 ലെ രണ്ടാം മലേഗാവ് സ്‌ഫോടന കേസില്‍ മൃദുസമീപനം സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടറായ രോഹിണി സാലിയന് എന്‍ഐഎ നിര്‍ദേശം നല്‍കിയതാണ് ഇതുമായി ബന്ധപ്പെട്ട ആദ്യത്തെ സംഭവം. 2014 ജൂണിലായിരുന്നു ഇത്. ഇക്കാര്യം വെളിപ്പെടുത്തി സാലിയന്‍ തന്നെ രംഗത്തെത്തിയിരുന്നു.

സ്വാമിനി പ്രജ്ഞാസിങ് ഠാക്കൂർ


തുടര്‍ന്ന്, 2008ല്‍ ഗുജറാത്തിലെ മൊദാസയില്‍ നടന്ന ബോംബ് സ്‌ഫോടന കേസില്‍ തെളിവില്ലെന്നും മുഖ്യപ്രതിയെ കണ്ടെത്താനായില്ലെന്നും പറഞ്ഞ് എന്‍ഐഎ 2015 ജൂലൈയില്‍ അന്വേഷണം അവസാനിപ്പിച്ചു. അതേമാസം തന്നെയാണ് ബിജെപി നേതാവായ സുനില്‍ ജോഷി വധക്കേസ് മധ്യപ്രദേശിലേക്ക് തിരിച്ചയച്ചത്. തീവ്ര ഹിന്ദുത്വ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായ കേസാണ് തെളിവില്ലെന്നും തീവ്രവാദ പശ്ചാത്തലം ഇല്ലെന്നുമുള്ള വാദമുന്നയിച്ച് എന്‍ഐഎ മടക്കിയത്. ഇതുകൊണ്ടും തീര്‍ന്നില്ല. 2007ലെ സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസില്‍ പ്രതിയായ സ്വാമി അസീമാനന്ദയുടെ ജാമ്യാപേക്ഷയെ എന്‍ഐഎ സുപ്രീംകോടതിയില്‍ എതിര്‍ത്തില്ല. ലോക്‌സഭയില്‍ ഹൈദ്രാബാദ് എംപിയായ അസദുദ്ദീന്‍ ഉവൈസിയുടെ ചോദ്യത്തിന് മറുപടി പറയുമ്പോള്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിഭായ് പ്രതിഭായി ഛൗധരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും പിന്നീട് സനാതന്‍ സന്‍സ്ത നേതാവുമായ സ്വാമി അസീമാനന്ദ സംഝോതയെ കൂടാതെ മലേഗാവ്, അജ്മീര്‍ ദര്‍ഗ, മക്കാ മസ്ജിദ് സ്‌ഫോടനക്കേസുകളിലും പ്രതിയാണ്.

സ്വാമി അസീമാനന്ദ


ഹൈദ്രാബാദ് മക്കാ മസ്ജിദ് സ്‌ഫോടനക്കേസ് പ്രതികളായ ദേവേന്ദര്‍ ഗുപ്ത, ലോകേഷ് ശര്‍മ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ച വിധിയെ ചോദ്യം ചെയ്തുള്ള ഹരജിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നതും ഇതേ മാസമാണ്. 2006ലെ ഒന്നാം മലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളാക്കപ്പെട്ട ഒമ്പത് മുസ്ലിം യുവാക്കള്‍ നിരപരാധികളാണെന്ന് ആദ്യം പറഞ്ഞ എന്‍ഐഎ പിന്നീട് നിലപാട് മാറ്റുകയും ഇവരുടെ മോചനം തടയുകയും ചെയ്തു. 2016 ഏപ്രിലിലായിരുന്നു ഇത്. അഭിനവ് ഭാരത് പ്രവര്‍ത്തകരാണ് കേസിലെ പ്രതികളെന്ന് ബോധ്യപ്പെട്ടിട്ടും മുസ്ലിം യുവാക്കളെ വിചാരണ പോലും നിഷേധിക്കപ്പെട്ട് തടവിലിടുകയാണ് എന്‍ഐഎ ചെയ്തത്. എന്നാല്‍ അഞ്ചുവര്‍ഷത്തിനു ശേഷം നിരപരാധിത്വം ബോധ്യപ്പെട്ട മുംബൈ ഹൈക്കോടതി തെളിവുകളുടെ അഭാവത്തില്‍ 2016 ഏപ്രില്‍ 26ന് ഇവരെ വെറുതെവിടുകയായിരുന്നു.

മലേ​ഗാവ് സ്ഫോടന കേസിൽ നിരപരാധികളെന്ന് ബോധ്യപ്പെട്ട് കോടതി വെറുതെവിട്ട മുസ്ലിം യുവാക്കളിൽ രണ്ടുപേർ


2008ലെ രണ്ടാം മലേഗാവ് സ്‌ഫോടനകേസിലെ പ്രധാന സാക്ഷിമൊഴി പ്രത്യേക എന്‍ഐഎ കോടതിയില്‍ നിന്ന് കാണാതായതാണ് മറ്റൊരു ദുരൂഹ സംഭവം. പ്രതികളായ ഹിന്ദുത്വ തീവ്രവാദികൾക്കെതിരെയുള്ള ഏഴ് വെളിപ്പെടുത്തലുകള്‍ അടങ്ങിയ സാക്ഷിമൊഴിയാണ് എന്‍ഐഎ കോടതിയില്‍ നിന്നും കാണാതായത്. ബന്ധപ്പെട്ട മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തിയതായിരുന്നു ഈ സാക്ഷിമൊഴി. തുടര്‍ന്ന് 2016 മെയിലാണ് കേസിലെ പ്രതികളായ പ്രജ്ഞാ സിങ് ഠാക്കൂര്‍, കേണല്‍ ശ്രീകാന്ത് പുരോഹിത് അടക്കമുള്ള 14 ഹിന്ദുത്വ നേതാക്കള്‍ക്ക് എന്‍ഐഎ ക്ലീന്‍ചിറ്റ് നല്‍കിയത്. ഇതിനു പിന്നാലെ പ്രജ്ഞാസിങ് നല്‍കിയ ജാമ്യാപേക്ഷയെ എന്‍ഐഎ എതിര്‍ത്തതുമില്ല.

മക്കാ മസ്ജിദ് സ്ഫോടനം


ഇതുകൂടാതെ എന്‍ഐഎ അന്വേഷിച്ച മറ്റൊരു കേസായിരുന്നു ആര്‍എസ്്എസ് പ്രചാരകനായ സുനില്‍ ജോഷി വധക്കേസ്. ഈ കേസില്‍ 2017 ഫെബ്രുവരിയില്‍ പ്രജ്ഞാസിങ് അടക്കമുള്ള ഏഴ് പ്രതികള്‍ കുറ്റവിമുക്തരായി. ഇതിലേക്ക് നയിച്ചതും എന്‍ഐഎയുടെ ഇടപെടലായിരുന്നു. തുടര്‍ന്ന് 2017 മാര്‍ച്ചില്‍ അജ്മീര്‍ ദര്‍ഗ സ്‌ഫോടന കേസില്‍ സ്വാമി അസീമാനന്ദയടക്കം ആറു പ്രതികള്‍ കുറ്റവിമുക്തരായി. ഇതേ മാസം തന്നെയാണ് മക്കാ മസ്ജിദ് സ്‌ഫോടനകേസില്‍ അസീമാനന്ദയ്ക്ക് ജാമ്യം ലഭിക്കുന്നത്. തുടര്‍ന്ന് 2017 ആഗസ്റ്റില്‍ കേണല്‍ ശ്രീകാന്ത് പുരോഹിത് അടക്കം ഏഴു പേര്‍ക്കും ജാമ്യം ലഭിച്ചു.മാത്രമല്ല, ഹിന്ദുത്വ തീവ്രവാദികൾ പ്രതികളായ സ്‌ഫോടന കേസുകള്‍ക്കു നേരെ വിവിധ ഗ്രൂപ്പുകള്‍, ആള്‍ക്കൂട്ടം എന്നിങ്ങനെയാണ് എന്‍ഐഎ തങ്ങളുടെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മുസ്ലിം സംഘടനാ പ്രവര്‍ത്തകരേയും മാവോയിസ്റ്റുകളേയും പ്രതി ചേര്‍ത്തിരിക്കുന്ന കേസുഖളില്‍ അതാതു സംഘടനകളുടെ പേരുകള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട് താനും. എന്‍ഐഎ അന്വേഷിക്കുകയും 70 സംഘപരിവാറുകാരെ പ്രതി ചേര്‍ക്കുകയും ചെയ്ത ഒമ്പത് കേസുകളില്‍ മൂന്നു പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. കൂടാതെ, സുനില്‍ ജോഷി വധക്കേസ്, ഒന്നും രണ്ടും ഗോവ സ്‌ഫോടനക്കേസ്, അജ്്മീര്‍ സ്‌ഫോടന കേസ് എന്നിവയില്‍ പ്രതിയാക്കപ്പെട്ട 29 സംഘപരിവാര്‍ പ്രവര്‍ത്തകരെയാണ് വെറുതെവിട്ടത്.മാത്രമല്ല, എന്‍ഐഎ അന്വേഷിച്ച കേസുകളിലെ 70 പ്രതികളില്‍ 12 പേര്‍ ഒളിവിലുമാണ്. ഇവരെ ഇതുവരെ കണ്ടെത്താന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് ആയിട്ടില്ല. തീര്‍ന്നില്ല, ഒന്നും രണ്ടും മലേഗാവ് സ്‌ഫോടന കേസുകളിലെ 18 പ്രതികളില്‍ ആറു പേര്‍ക്കെതിരായ കേസ് ഒഴിവാക്കി. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന അന്വേഷിച്ച താനെ ബോംബ് സ്‌ഫോടന കേസില്‍ രണ്ട് സനാതന്‍ സന്‍സ്ത പ്രവര്‍ത്തകര്‍ പത്തു വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ എന്‍ഐഎ അന്വേഷിച്ച ഒന്നും രണ്ടും ഗോവ സ്‌ഫോടന കേസുകളില്‍ പ്രതികളായ സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരെ വെറുതെ വിടുകയാണുണ്ടായത്.2014 ല്‍ കേന്ദ്രത്തില്‍ ബിജെപി നേതൃത്വത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം വിവിധ ഹിന്ദുത്വ തീവ്രവാദ കേസുകളിലെ പ്രതികള്‍ക്ക് രക്ഷപെടാന്‍ വഴിയൊരുക്കുന്ന സമീപനമാണ് എന്‍ഐഎയില്‍ നിന്നുണ്ടാവുന്നതെന്ന ആരോപണത്തിന് ബലമേകുന്നതാണ് ഈ സംഭവങ്ങള്‍. ന്യൂ ഡല്‍ഹിയില്‍ 98, ഗുവാഹത്തിയില്‍ 25, ഹൈദ്രാബാദില്‍ 18, കൊച്ചിയില്‍ 13, മുംബൈയില്‍ ഏഴ്, ലഖ്‌നൗവില്‍ നാല് എന്നിങ്ങനെയാണ് എന്‍ഐഎ അന്വേഷിക്കുന്ന കേസുകളുടെ എണ്ണം. 2008 ലെ മുംബൈ ഭീകരാക്രമണ കേസിന്റെ പശ്ചാത്തലത്തിലാണ് എന്‍ഐഎ രൂപീകരിക്കപ്പെടുന്നത്. രാധാ വിനോദ് രാജുവായിരുന്നു ആദ്യത്തെ ഡയറക്ടര്‍ ജനറല്‍. തുടര്‍ന്ന് 2013 ജൂലൈയില്‍ ശരത് കുമാര്‍ ഈ സ്ഥാനം ഏറ്റെടുത്തു. ഇതുവരെ 165 കേസുകളാണ് എന്‍ഐഎ അന്വേഷിച്ചിരിക്കുന്നത്.


Read More >>