അജ്മീര്‍ ദര്‍ഗ സ്‌ഫോടനം: പ്രഗ്യ സിംഗിനും ഇന്ദ്രേഷ് കുമാറിനും പങ്കില്ലെന്ന് എന്‍ ഐ എ റിപ്പോര്‍ട്ട്

സംഭവത്തില്‍ ഇവര്‍ ഉള്‍പ്പെട്ടതായി അന്വേഷണത്തില്‍ തെളിഞ്ഞില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ജയ്പൂരിലെ എന്‍ ഐ എ പ്രത്യേക കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചു.

അജ്മീര്‍ ദര്‍ഗ സ്‌ഫോടനം: പ്രഗ്യ സിംഗിനും ഇന്ദ്രേഷ് കുമാറിനും പങ്കില്ലെന്ന് എന്‍ ഐ എ റിപ്പോര്‍ട്ട്

അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന സാധ്വി പ്രഗ്യ സിംഗ്, ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ എന്നിവരെ ദേശീയ അന്വേഷണ ഏജന്‍സി കുറ്റവിമുക്തരാക്കി. സംഭവത്തില്‍ ഇവര്‍ ഉള്‍പ്പെട്ടതായി അന്വേഷണത്തില്‍ തെളിഞ്ഞില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ജയ്പൂരിലെ എന്‍ ഐ എ പ്രത്യേക കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചു.

"കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന സാധ്വി പ്രഗ്യ, ഇന്ദ്രേഷ് കുമാര്‍, പ്രിന്‍സ്, രാജേന്ദ്ര എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം അവസാനിപ്പിക്കുന്നതായി കാണിച്ച് എന്‍ ഐ എ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അജ്മീര്‍ ദര്‍ഗ സ്‌ഫോടനവുമായി ബന്ധപ്പെട്ട ഈ റിപ്പോര്‍ട്ട് സ്വീകരിക്കണമോയെന്ന കാര്യം ഈ മാസം 17ന് കോടതി തീരുമാനിക്കും"

പബ്ലിക് പ്രോസിക്യൂട്ടര്‍ അശ്വിനി ശര്‍മ പറഞ്ഞു.

മറ്റ് മൂന്ന് പ്രതികളായ സന്ദീപ് ദാംഗെ, സുരേഷ് നായര്‍, രാം ചന്ദ്ര കൊല്‍സാംഗ്ര എന്നിവര്‍ക്കെതിരെ അന്വേഷണം തുടരുമെന്ന് എന്‍ ഐ എ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മൂന്ന് പേരെയും അറസ്റ്റ് ചെയ്യാനാകാത്തതില്‍ എന്‍ ഐ കോടതി അതൃപ്തി പ്രകടിപ്പിച്ചു. 2007 ഒക്ടോബറിലാണ് പ്രശസ്തമായ സൂഫി ആരാധനാലയമായ അജ്മീര്‍ ദര്‍ഗയില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. 17 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്വാധി പ്രഗ്യ സിംഗ് 2008ലെ മലേഗാവ് സ്‌ഫോടനക്കേസിലും പ്രതിയാണ്.