കൃത്രിമം കാണിച്ചാല്‍ തനിയെ കണ്ടെത്തുന്ന വോട്ടിംഗ് യന്ത്രം വാങ്ങാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രശ്‌നങ്ങള്‍ സ്വയം കണ്ടെത്താനാവുന്ന ഓട്ടോ ഡയഗ്‌നോസിസ് സാങ്കേതിക വിദ്യ അടങ്ങിയതാവും പുതിയ യന്ത്രങ്ങള്‍. ആണവോര്‍ജ്ജ രംഗത്തെ പൊതുമേഖലാ സ്ഥാപനമായ ഇസിഐഎല്‍, പ്രതിരോധ രംഗത്തെ പൊതുമേഖലാ സ്ഥാപനമായ ബിഇഎല്‍ എന്നിവയാണ് യന്ത്രത്തിന്റെ നിര്‍മ്മാണച്ചുമതല ഏറ്റെടുക്കുക

കൃത്രിമം കാണിച്ചാല്‍ തനിയെ കണ്ടെത്തുന്ന വോട്ടിംഗ് യന്ത്രം വാങ്ങാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടിംഗ് യന്ത്രത്തില്‍ വ്യാപകമായ കൃത്രിമം നടക്കുന്നതായുള്ള ആരോപണങ്ങള്‍ക്കിടെ പുതിയ വോട്ടിംഗ് യന്ത്രം വാങ്ങാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറെടുക്കുന്നു. 'എം3' ശ്രേണിയില്‍ പെട്ട വോട്ടിംഗ് യന്ത്രം വാങ്ങാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പദ്ധതിയിടുന്നത്. കൃത്രിമം നടത്താനുള്ള ശ്രമമുണ്ടായാല്‍ പ്രവര്‍ത്തനരഹിതമാകുന്ന നിലയിലാവും യന്ത്രത്തിന്റെ സംവിധാനം. ഈയിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് കൃത്രിമം നടന്നതായുള്ള ആരോപണമാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നതിലേക്ക് എത്തിച്ചത്.

പ്രശ്‌നങ്ങള്‍ സ്വയം കണ്ടെത്താനാവുന്ന ഓട്ടോ ഡയഗ്‌നോസിസ് സാങ്കേതിക വിദ്യ അടങ്ങിയതാവും പുതിയ യന്ത്രങ്ങള്‍. ആണവോര്‍ജ്ജ രംഗത്തെ പൊതുമേഖലാ സ്ഥാപനമായ ഇസിഐഎല്‍, പ്രതിരോധ രംഗത്തെ പൊതുമേഖലാ സ്ഥാപനമായ ബിഇഎല്‍ എന്നിവയാണ് യന്ത്രത്തിന്റെ നിര്‍മ്മാണച്ചുമതല ഏറ്റെടുക്കുക.2006നു മുമ്പു വാങ്ങിയ 9,30,430 യന്ത്രങ്ങള്‍ക്കു പകരമാണ് പുതിയ യന്ത്രങ്ങളെത്തുക. 1940 കോടി രൂപ ചെലവ് വരുന്ന യന്ത്രങ്ങള്‍ 2018ഓടെ ഇലക്ഷന്‍ കമ്മിഷന്റെ ശേഖരത്തിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. 2019ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇത് ഉപയോഗിക്കാനാകുമെന്ന് കരുതുന്നതായി നിയമന്ത്രാലയം അറിയിച്ചു.

പതിനഞ്ചു വര്‍ഷമായി ഉപയോഗത്തിലിരിക്കുന്ന വോട്ടിങ് മെഷീനുകളുടെ പ്രവര്‍ത്തന കാലാവധി തീര്‍ന്നതിനാലാണ് മെച്ചപ്പെട്ട സാങ്കേതിക സൗകര്യങ്ങളുള്ള പുതിയ തലമുറ വോട്ടിങ് മെഷീനുകള്‍ വാങ്ങാന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ മുന്‍കൈയെടുക്കുന്നത്. പുതിയ വോട്ടിംഗ് യന്ത്രങ്ങള്‍ വാങ്ങാനായി കേന്ദ്രം കഴിഞ്ഞ ഡിസംബര്‍ ഏഴിന് 1,009 കോടി രൂപ വകയിരുത്തിയിരുന്നു. കഴിഞ്ഞ മൂന്നു സാമ്പത്തികവര്‍ഷങ്ങളിലും കമ്മിഷന്‍ പുതിയ മെഷീനുകള്‍ വാങ്ങിയിരുന്നില്ല.