ഇന്ത്യന്‍ നഗരങ്ങളെ വാസയോഗ്യമാക്കാന്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് നീതി ആയോഗ് നിര്‍ദ്ദേശം

ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുക വഴി ആഗോളതലത്തില്‍ തന്നെ ഇന്ത്യയെ വൃത്തിയുടെയും സുഗമമായ യാത്രാസൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെയും മാതൃകയാക്കാൻ കഴിയുമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ നഗരങ്ങളെ വാസയോഗ്യമാക്കാന്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് നീതി ആയോഗ് നിര്‍ദ്ദേശം

ഇലക്ട്രിക് കാറുകളും യാത്രക്കാരെ പങ്കുവച്ചുള്ള യാത്രാ രീതിയും ശീലിക്കുകയാണെങ്കില്‍ ഇന്ത്യയ്ക്കു 2030 ഓടെ 60 ലക്ഷം കോടി ഡോളറിന്റെ ഊര്‍ജ്ജം ലാഭിക്കാമെന്നു നീതി ആയോഗിന്റെ റിപ്പോര്‍ട്ട്. മാത്രമല്ല ഒരു ജിഗാടണ്‍ കാര്‍ബണ്‍ പുറന്തള്ളലും കുറയ്ക്കാമെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായുള്ള നീതി ആയോഗിന്റെ, വാഹനങ്ങളുടെ വൈദ്യുതിവൽ‍കരണത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ടിലാണു ഇക്കാര്യം പറയുന്നത്. യാത്രാക്കുരുക്കുകള്‍ക്കുള്ള പരിഹാരത്തെ കുറിച്ചുള്ള റിപ്പോർട്ടാണ് നീതി ആയോഗ് തയ്യാറാക്കിയിരിക്കുന്നത്.

134 പേജുള്ള റിപ്പോര്‍ട്ടില്‍ മൂന്നു പ്രധാനമാറ്റങ്ങളാണു നിര്‍ദ്ദേശിക്കുന്നത്. സ്വകാര്യ ഉടമസ്ഥതയില്‍ നിന്നും പങ്കിട്ടുള്ള ഉപയോഗത്തിലേയ്ക്കുള്ള മാറ്റം, പെട്രോള്‍/ഡീസര്‍ കാറുകളില്‍ നിന്നും ഇലക്ട്രോണിക്/ഇലക്ട്രിക് കാറുകളിലേയ്ക്കുള്ള മാറ്റം, കാറുകള്‍ക്കു വേണ്ടി രൂപകല്പന ചെയ്തിട്ടുള്ള നഗരങ്ങളില്‍ നിന്നും മനുഷ്യനു വേണ്ടി രൂപകല്പന ചെയ്തിട്ടുള്ള നഗരങ്ങള്‍ എന്നിവയാണവ.

ഇത്തരം മാറ്റങ്ങള്‍ക്ക് ആഗോളതലത്തില്‍ തന്നെ ഇന്ത്യയെ വൃത്തിയുടെയും സുഗമമായ യാത്രാസൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെയും മാതൃകയാക്കാൻ കഴിയുമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇലക്ട്രിക് വാഹനങ്ങള്‍ക്കു നികുതിയിളവും സബ്‌സിഡികളും നല്‍കി പ്രോല്‍സാഹിപ്പിക്കണം എന്നുംറിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇലക്ട്രിക് ടാക്‌സികള്‍ക്കുള്ള പലിശ കുറയ്ക്കുകയും അനുബന്ധ ഉല്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുകയും ചെയ്തു പെട്രോള്‍/ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.