യോഗി ആദിത്യനാഥിന്റെ പശുക്കളെ പരിപാലിക്കുന്നതും പണം കൈകാര്യം ചെയ്യുന്നതും മുസ്ലീങ്ങള്‍

35 വര്‍ഷത്തോളമായി മഠത്തിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നതും ക്ഷേത്രത്തിലെ ചിലവുകളുടെ കണക്കുകള്‍ കൈകാര്യം ചെയ്യുന്നതും യാസിന്‍ അന്‍സാരിയെന്ന മുസ്ലീമാണ്. യോഗിയുടെ 400 പശുക്കളെ പരിപാലിക്കുന്നതാകട്ടെ മുഹമ്മദ് എന്നയാളുടെ നേതൃത്വത്തിലും.

യോഗി ആദിത്യനാഥിന്റെ പശുക്കളെ പരിപാലിക്കുന്നതും പണം കൈകാര്യം ചെയ്യുന്നതും മുസ്ലീങ്ങള്‍

വര്‍ഗീയ പരാമര്‍ശങ്ങളെത്തുടര്‍ന്ന് ശ്രദ്ധേയനായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മഠത്തില്‍ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതും പശുക്കളെ പരിപാലിക്കുന്നതും മുസ്ലീങ്ങള്‍. ആദിത്യനാഥിന്റെ ഗോരഖ്‌നാഥ് മഠത്തിലാണ് മതസൗഹാര്‍ദ അന്തരീക്ഷമുള്ളത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

35 വര്‍ഷത്തോളമായി ഈ മഠത്തിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നതും ക്ഷേത്രത്തിലെ ചിലവുകളുടെ കണക്കുകള്‍ കൈകാര്യം ചെയ്യുന്നതും യാസിന്‍ അന്‍സാരിയെന്നയാളാണ്. ഛോട്ടെ മഹാരാജ് എന്നാണ് യോഗി ആദിത്യനാഥ് ഇവര്‍ക്കിടയില്‍ അറിയപ്പെടുന്നത്. അദ്ദേഹവുമായി അടുത്ത ബന്ധമാണുള്ളത്. അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്‌സില്‍ സ്വതന്ത്രമായി സഞ്ചരിക്കും. അടുക്കളയിലും കിടപ്പുമുറിയില്‍ പ്രവേശിക്കുന്നതിനും യാതൊരു വിലക്കുമില്ല. അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിക്കും, ഈ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ചില കടകള്‍ മുസ്ലീങ്ങളാണ് നടത്തുന്നതെന്നും യാസിന്‍ അന്‍സാരി പറഞ്ഞു.

യാസിന്‍ അന്‍സാരിയുടെ ഭാര്യാമാതാവും പിതാവും ഇവിടുത്തെ ജോലിക്കാരായിരുന്നു. 1977 മുതല്‍ 1983 വരെ അന്‍സാരിയായിരുന്നു ക്ഷേത്രത്തിലെ കാഷ്യര്‍. അതിന് ശേഷമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടക്കാരനായത്. മതവും ജാതിയും നോക്കാതെ യോഗി നിരവധിപേര്‍ക്ക് സഹായം നല്‍കുന്നത് കണ്ടിട്ടുണ്ട്. എന്റെ കുടുംബത്തിലെ വിവാഹങ്ങള്‍ക്കെല്ലാം പങ്കെടുക്കുന്നു, എന്തെങ്കിലും തരത്തിലുള്ള വിവേചനം നടത്തുന്നതായി തോന്നിയിട്ടില്ലെന്ന് ക്ഷേത്രത്തോട് ചേര്‍ന്ന് കച്ചവടം നടത്തുന്ന സൈദ് അസീസുന്ന പറയുന്നു.


യോഗിയുടെ 400 പശുക്കളെ പരിപാലിക്കുന്നത് മുഹമ്മദ് എന്നയാളുടെ നേതൃത്വത്തിലാണ്. ആദ്യം തന്റെ പിതാവായിരുന്നു ഈ ജോലി ചെയ്തിരുന്നതെന്നും ഇപ്പോള്‍ താന്‍ ഏറ്റെടുത്ത് തുടരുകയാണെന്നും ഇതുവരെ ഒരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്നും മുഹമ്മദ് പറയുന്നു.നിരവധി മുസ്ലീങ്ങള്‍ ക്ഷേത്രത്തിനുള്ളില്‍ വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ആദ്യ എന്‍ജിനിയറും മുസ്ലീമായിരുന്നു. മഹാറാണാ പ്രതാപ് പോളി ടെക്‌നിക്ക് പ്രിന്‍സിപ്പളായിരുന്ന നിസാര്‍ അഹമ്മദായിരുന്നു ആദ്യ എന്‍ജിനിയര്‍. ഗോരഖ്‌നാഥ് ആശുപത്രി, സംസ്‌കൃത വിദ്യാലയം, രാധാകൃഷ്ണ മന്ദിരം, ശങ്കര്‍ മന്ദിരം തുടങ്ങി ക്ഷേത്രവുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങള്‍ നിര്‍മ്മിച്ചത് താന്‍ രൂപം നല്‍കിയ ഡിസൈനിലായിരുന്നുവെന്ന് നിസാര്‍ അഹമ്മദ് പറഞ്ഞു.