തൃണമൂല്‍ നേതാക്കള്‍ക്കെതിരായ സിബിഐ അന്വേഷണം; ദേശീയമാധ്യമങ്ങളില്‍ നിറഞ്ഞ് നാരദാന്യൂസ്

നാരദാന്യൂസ് സ്റ്റിംഗ് ഓപ്പറേഷനിലൂടെയാണ് തൃണമൂല്‍ മന്ത്രിമാരുടെയും എംപിമാരുടെയും അഴിമതി പുറത്തുവന്നത്. ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് തെളിഞ്ഞതിനു പിന്നാലെ കൊല്‍ക്കത്ത ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

തൃണമൂല്‍ നേതാക്കള്‍ക്കെതിരായ സിബിഐ അന്വേഷണം; ദേശീയമാധ്യമങ്ങളില്‍ നിറഞ്ഞ് നാരദാന്യൂസ്

തൃണമൂല്‍ എംപിമാരുടെയും എംഎല്‍എമാരും കോഴവാങ്ങിയതുകള്‍ സംബന്ധിച്ച് കൊല്‍ക്കത്ത ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതോടെ അഴിമതി പുറത്തുകൊണ്ടുവന്ന നാരദാന്യൂസ് ദേശീയമാധ്യമങ്ങളില്‍ നിറഞ്ഞു. ടെലഗ്രാഫ്, ഇന്ത്യന്‍ എക്‌സ്പ്രസ്, ഹിന്ദുസ്ഥാന്‍ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ, തുടങ്ങിയ പ്രമുഖ ദേശീയ പത്രങ്ങളും എന്‍ഡിടിവി, ന്യൂസ് 18, ടൈംസ് നൗ തുടങ്ങിയ ദേശീയ ചാനലുകളും നാരദയുടെ ഇടപെടലിന്റെ ഫലം അതീവപ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.

-

മിക്കപത്രങ്ങളുടെയും ഒന്നാംപേജ് ലീഡ് വാര്‍ത്ത ഹൈക്കോടതി അന്വേഷണത്തെക്കുറിച്ചായിരുന്നു. ഇത് ജേണലിസത്തിന്റെ വിജയമാണെന്ന നാരദ ചീഫ് എഡിറ്റര്‍ മാത്യുസാമുവലിന്റെ പ്രസ്താവനയും ദേശീയമാധ്യമങ്ങള്‍ ഏറ്റെടുത്തു.


കഴിഞ്ഞവര്‍ഷം ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പാണ് നാരദാന്യൂസ് ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരും എംപിമാരുമുള്‍പ്പെടെ 12 പേര്‍ കോഴ വാങ്ങുന്നതിന്റെ ഒളിക്യാമറാ ദൃശ്യങ്ങളാണ് നാരദ പുറത്തുകൊണ്ടുവന്നത്. മുന്‍ റെയില്‍വേമന്ത്രി മുകുള്‍ റോയ്, മുന്‍ കേന്ദ്രമന്ത്രി സുഗത റോയ്, സംസ്ഥാനമന്ത്രിമാരായ സുബ്രതോ മുഖര്‍ജി, ഫര്‍ഹദ് ഹക്കീം, എംപിമാരായ സുല്‍ത്താന്‍ അഹമ്മദ്, പ്രസൂണ്‍ ബാനര്‍ജി, ഇക്ബാല്‍ അഹമ്മദ് എംഎല്‍എ, കൊല്‍ക്കത്ത മേയര്‍ സുവോന്‍ ബാനര്‍ജി, പാര്‍ട്ടി നേതാവ് കകോലി ഘോഷ് ദസ്തിക്കര്‍, തൃണമൂല്‍ യുവജനവിഭാഗം അധ്യക്ഷന്‍ സുവേന്ദു അധികാരി, മുന്‍ ഗതാഗതമന്ത്രി മദന്‍ മിത്ര, ബുര്‍ദ്വാന്‍ എസ് പി എം.എ.ച്ച് അഹമ്മദ് മിര്‍സ എന്നിവരാണ് നാരദയുടെ ഒളിക്യാമറയില്‍ പെട്ടത്.


നാരദ പുറത്തുവിട്ട ദൃശ്യങ്ങള്‍ കൃത്രിമമല്ലെന്ന് ഛണ്ഡീഗഡിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറി സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. നാരദ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇത് സംബന്ധിച്ച് പോലീസ് അന്വേഷണത്തിന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ അന്വേഷണം കോടതി നടപടികളെ സ്വാധീനിക്കുകയില്ലെന്ന് അന്വേഷണത്തിന് ഉത്തരവിടുന്നതിനിടെ കൊല്‍ക്കത്ത ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.