വിമാനം ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ ദേശീയഗാനം കേട്ടാല്‍ എന്ത് ചെയ്യും!

തിരുപ്പതിയിൽ നിന്നും ഹൈദരാബാദിലേയ്ക്കു പോകുകയായിരുന്ന സ്പൈസ് ജെറ്റിലാണ് ലാന്റ് ചെയ്യുന്നതിനു മുമ്പ് ദേശീയഗാനം മുഴങ്ങിയത്. സീറ്റ് ബെൽറ്റ് ധരിച്ചിരുന്ന യാത്രക്കാർ ആശയക്കുഴപ്പത്തിലായി.

വിമാനം ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ ദേശീയഗാനം കേട്ടാല്‍ എന്ത് ചെയ്യും!

വിമാനം ലാന്‌റ് ചെയ്യാനൊരുങ്ങുമ്പോള്‍ ദേശീയഗാനം ആലപിച്ചാല്‍ എന്തു ചെയ്യും? സ്‌പൈസ് ജെറ്റിലാണ് ഇങ്ങനെയൊരു സംഭവം നടന്നത്. തിരുപ്പതിയില്‍ നിന്നും ഹൈദരാബാദിലേയ്ക്ക് പോകുകയായിരുന്ന വിമാനത്തിലാണ് ഇറങ്ങുന്നതിനു മുമ്പ് ദേശീയഗാനം പാടാന്‍ തുടങ്ങിയത്. ഏപ്രില്‍ പതിനെട്ടിനായിരുന്നു ഈ അപ്രതീക്ഷിത ദേശീയഗാനം മുഴങ്ങിയത്.

ദേശീയഗാനം കേട്ടാല്‍ ഉടനെ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കണം എന്നാണല്ലോ! പക്ഷേ, സീറ്റ് ബെല്‍റ്റ് മുറുക്കി വിമാനം താഴെയിറങ്ങുന്നതും കാത്തിരിക്കുന്ന യാത്രക്കാര്‍ എന്തു ചെയ്യും!

സ്‌പൈസ് ജെറ്റ് എസ് ജി 1044 ലെ കാബിന്‍ ക്രൂ ആണ് ലാന്‌റ് ചെയ്യുന്നതിനു മിനിറ്റുകള്‍ക്കു മുമ്പ് ദേശീയഗാനം വച്ചത്. യാത്രക്കാര്‍ക്കോ മറ്റു കാബിന്‍ ക്രൂവിനോ ആദരപൂര്‍വം എഴുന്നേറ്റു നില്‍ക്കാനുള്ള അവസ്ഥയായിരുന്നില്ല അപ്പോള്‍.

'സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ പൈലറ്റ് പറഞ്ഞതിനു ശേഷമായിരുന്നു ദേശീയഗാനം. എല്ലാവരും അത്ഭുതപ്പെട്ടു പോയി,' യാത്രക്കാരനായ പുനീത് തിവാരി പറയുന്നു.

ദേശീയഗാനം പകുതിയായപ്പോള്‍ ആരോ മ്യൂസിക് സിസ്റ്റം ഓഫ് ചെയ്തു. അല്പസമയെ കഴിഞ്ഞ് വീണ്ടും ഓൺ ചെയ്തു. കാബീന്‍ ക്രൂവിനു തെറ്റ് പറ്റിയതാണെന്നും യാത്രക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ട് ക്ഷമിക്കണമെന്നും സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു.

കാബിന്‍ ക്രൂവിനു വിമാനത്തില്‍ ദേശീയഗാനം വയ്ക്കാനുള്ള അധികാരമില്ലെന്നും പരാതി നല്‍കിയിട്ടുണ്ടെന്നും പ്രത്യൂഷി എന്ന യാത്രക്കാരന്‍ പറഞ്ഞു. അത് അംഗീകരിച്ച സ്‌പൈസ് ജെറ്റ് വക്താവ് യുക്തമായ രീതിയില്‍ ഉപയോഗിക്കാനാണ് ദേശീയഗാനം പ്ലേലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്ന് വിശദീകരിച്ചു.