സ്റ്റോക്ഹോമില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ പ്രധാനമന്ത്രിക്ക് അല്‍വാറിനെക്കുറിച്ച് മിണ്ടാട്ടമില്ല

രാജസ്ഥാനിൽ നിന്നു പശുക്കളെ വാങ്ങിപ്പോയ ക്ഷീരകർഷകനായ പെഹ്ലു ഖാൻ എന്ന മദ്ധ്യവയസ്കനെ അല്‍വാറില്‍ ഗോസംരക്ഷർ കൊലപ്പെടുത്തിയതിനെ കുറിച്ച് പാർലമെന്റിൽ പ്രസ്താവന നടത്തവേ, അങ്ങനെയൊരു സംഗതി നടന്നിട്ടില്ല എന്നായിരുന്നു കേന്ദ്ര മന്ത്രി അബ്ബാസ്‌ നഖ്‌വി വാദിച്ചത്. അടുത്ത ദിവസം തന്റെ പ്രസ്താവന നഖ്‌വിയ്ക്കു തിരുത്തേണ്ടതായും വന്നു.

സ്റ്റോക്ഹോമില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ പ്രധാനമന്ത്രിക്ക് അല്‍വാറിനെക്കുറിച്ച് മിണ്ടാട്ടമില്ല

പശുക്കളെ കടത്തിയെന്നാരോപിച്ച് ഗോസംരക്ഷകര്‍ നടപ്പിലാക്കിയ കിരാത നയത്തിനൊടുവില്‍ പെഹ്‌ലു ഖാൻ എന്ന 55 വയസുകാരന്‍ രാജസ്ഥാനിലെ ആല്‍വാറില്‍ കൊല്ലപ്പെട്ടു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ ഈ സംഭവം ചര്‍ച്ച ചെയ്തപ്പോഴും ഇന്ത്യന്‍ പ്രധാനമന്ത്രി മൌനം പാലിച്ചു.എന്നാല്‍ നാലു ദിവസങ്ങള്‍ക്കു ശേഷം സ്വീഡനിലെ സ്റോക്ക്ഹോമില്‍ ഒരു ട്രക്കിടിച്ചു 4 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അദ്ദേഹം ഞെട്ടല്‍ രേഖപ്പെടുത്തി, അപ്പോഴും അല്‍വാറില്‍ പഴയ മൌനം തുടരുകയും ചെയ്യുന്നു.

പ്രധാനമന്ത്രിയുടെ ഈ സമീപനം സോഷ്യല്‍ മീഡിയയില്‍ പരക്കെ വിമര്‍ശനത്തിനു വഴി തുറന്നു. പെഹ്‌ലു ഖാൻ കൊല്ലപ്പെട്ടത് അല്‍വാര്‍ ദെ ജനൈറോ എന്നൊരു സ്ഥലത്തായിരുന്നെങ്കില്‍ ഒരു പക്ഷെ പ്രധാനമന്ത്രി അത് ശ്രദ്ധിക്കുമായിരുന്നു എന്നാണ് ആദ്യം ഉയര്‍ന്ന വിമര്‍ശനം. ക്ഷേത്രത്തിലുണ്ടായ അഗ്നിബാധയുടെ ഇരയായവര്‍ക്ക് നല്‍കിയ സഹായ പദ്ധതികള്‍ പോലും പ്രധാനമന്ത്രിയോ, മുഖ്യമന്ത്രിയോ പെഹ്‌ലു ഖാനിന്റെ കുടുംബത്തിനു നല്‍കിയില്ല.

അല്‍വാറില്‍ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്നായിരുന്നു കേന്ദ്ര മന്ത്രി അബ്ബാസ്‌ നഖ്‌വി പറഞ്ഞത്. അടുത്ത ദിവസം തന്റെ പ്രസ്താവന നഖ്‌വിയ്ക്കു തിരുത്തേണ്ടതായും വന്നു. രാജസ്ഥാനിലെ കാര്യമല്ല, ഗുജറാത്ത്‌, മധ്യപ്രദേശ്‌, യു.പി എന്നിവടങ്ങളില്‍ അങ്ങനെയൊന്നു നടന്നിട്ടില്ല എന്നായിരുന്നു താന്‍ പറഞ്ഞതെന്ന് അദ്ദേഹം വാദിച്ചു. രാജ്യസഭാ നടപടികളുടെ വീഡിയോ ദൃശ്യങ്ങള്‍ പോലും ലഭ്യമാണ് എന്നിരിക്കെ പറഞ്ഞതില്‍ പിഴവ് സംഭവിച്ചു എന്നുപോലും ഏറ്റു പറയാന്‍ നഖ്‌വി തയ്യാറായില്ല, കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കുമെന്ന് അറിയിച്ചു നഖ്‌വിയും തലയൂരി.

മന്ത്രിയുടെ വിശദീകരണം പൊതുജനത്തെ കൂടുതല്‍ പ്രകോപിതരാക്കുകയാണ് ചെയ്തത്. പിന്നെങ്ങനെയാണ് പെഹ്‌ലു മരിച്ചത്? ഇയാളെ തല്ലി ചതയ്ക്കുന്ന ഗുണ്ടകളുടെ വീഡിയോയെക്കുറിച്ച് എന്താണ് പറയാനുള്ളത്? ഇനി പൊലീസും കള്ളം പറയുകയാണോ? എന്തിനാണ് അവര്‍ എഫ്.ഐ.ആര്‍ തയ്യാറാക്കി കേസ് റെജിസ്റ്റര്‍ ചെയ്തത്? അവരെന്തിനാണ് ആളുകളെ അറസ്റ്റ് ചെയ്തത്?ആരാണ് എന്നെയും എന്റെ സഹോദരന്മാരെയും തല്ലി ചതച്ചത്?

ഹരിയാന നഹിലെ ക്ഷീരകര്‍ഷകരില്‍ ഭൂരിപക്ഷമായ മുസ്ലിമുകള്‍ ആശങ്കയിലാണ്. കാലങ്ങളായി അവര്‍ ഉരുക്കളെ വാങ്ങുന്നത് രാജസ്ഥാനില്‍ നിന്നാണ്. ഇങ്ങനെ നഹിലേക്ക് രണ്ടു ചെറിയ ട്രക്കുകളിലായി അഞ്ചു പശുക്കളെ കൊണ്ടു വരുമ്പോഴാണ് പെഹ്ലു ഖാനും കൂട്ടാളികളും ആക്രമിക്കപ്പെടുന്നത്.ആക്രമണത്തിന്റെ വിശദമായ റിപ്പോര്‍ട്ടുകള്‍ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ തുടര്‍ച്ചയായി നല്‍കി.

"ജയ്പൂരില്‍ നിന്നും എരുമകളെ വാങ്ങുന്നത് ഞങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്നതല്ലായെന്നും അതിനാല്‍ 5 പശുക്കളെയും 4 കിടാവുകളെ വാങ്ങാമെന്നു പിതാവാണ് പറഞ്ഞത്. റംസാന്‍ പെരുന്നാള്‍ അടുത്തു വരുന്നതിനാല്‍ പാലിന് കൂടുതല്‍ ആവശ്യക്കാരുണ്ടാകും. ഇത് മാത്രമാണ് ഞങ്ങളുടെ വരുമാന മാര്‍ഗ്ഗം."

കൊല്ലപ്പെട്ട പെഹ്‌ലു ഖാനിന്റെ മകന്‍ 20 വയസുകാരനായ ഇര്‍ഷാദ് ബി.ബി.സിയോടു പ്രതികരിച്ചു.

"ഇത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പിഴച്ചു പോയ തീരുമാനമാണ് എന്ന് അപ്പോള്‍ അറിഞ്ഞിരുന്നില്ലെലോ... "

ഗോപാലനത്തിന് രാജസ്ഥാനില്‍ ബി.ജെ.പി സര്‍ക്കാര്‍ ഒരു വകുപ്പ് തന്നെ 2013ല്‍ രൂപീകരിച്ചു ഒരു മന്ത്രിയ്ക്കു ഇതിന്റെ മേല്‍നോട്ട ചുമതലയും നല്‍കി. എന്നാല്‍ വിപ്ലവകരമായ ഈ തീരുമാനത്തിനു നാലു വര്‍ഷങ്ങള്‍ക്കു ശേഷവും ഗോക്കളുടെ അവസ്ഥയ്ക്ക് അവിടെ ഒരു മാറ്റവും ഉണ്ടായില്ല എന്ന് യോഗേന്ദ്ര യാദവ് ഒരു ട്വീറ്റിലൂടെ പരിഹസിച്ചിരുന്നു. ഒരു മുസ്ലിമായതിനാലാണ് പെഹ്ലു ഖാന്‍ കൊല്ലപ്പെട്ടതെന്ന ആരോപണത്തിനു ഹരിയാന സര്‍ക്കാരും രാജസ്ഥാന്‍ സര്‍ക്കാരും പ്രതികരിച്ചിട്ടില്ല.

"എന്റെ പിതാവ് എന്റെ കണ്‍മുന്‍പിലാണ് കൊല്ലപ്പെട്ടത്. ഞങ്ങള്‍ ഒരു തെറ്റും ചെയ്തിരുന്നില്ല."

പെഹ്‌ലുവിന്റെ മകന്റെ വേദനയും ഒരു ജനത്തിന്റെ ആശങ്കയും കണ്ടില്ലെന്നു നടിക്കുന്നതാണ് സുരക്ഷിതമെന്ന് ഭരണകൂടം കരുതിയിരിക്കാം.

ഭാര്യയും 8 മക്കളുമാണ് പെഹ്ലു ഖാനിന്റെ കുടുംബം. ഏറ്റവും ഇളയകുട്ടിക്ക് 5 വയസ്സാണ് പ്രായം.