നിറകണ്ണുകളോടെ ഡോ. കെ ശിവൻ; ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

ദൗത്യത്തിലേറ്റ തിരിച്ചടിയിൽ തളരരുതെന്ന് ഏറ്റവും മികച്ച അവസരങ്ങൾ ഇനിയും വരാനിരിക്കുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു

നിറകണ്ണുകളോടെ ഡോ. കെ ശിവൻ; ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

ചരിത്രം കുറിക്കാനുള്ള ഓരോ നിമിഷവും ആകാംക്ഷയുടെ മുള്‍മുനയിലൂടെ മറികടന്നാണ് ചന്ദ്രയാന്‍-2 ചന്ദ്രോപരിതലത്തിനു തൊട്ടുമുകളില്‍വെച്ച് അനിശ്ചിതത്വത്തിലായത്. ശനിയാഴ്ച പുലര്‍ച്ചെ രാജ്യം മുഴുവന്‍ ശുഭവാര്‍ത്തയ്ക്കായി കാതോര്‍ത്ത് മിഴിയടയ്ക്കാതെയിരിക്കുമ്പോള്‍ ഏവരുടെയും ശ്രദ്ധ മുഴുവന്‍ ബെംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ.(ഇസ്റോ) കേന്ദ്രത്തിലായിരുന്നു. ചരിത്രനിമിഷത്തിനു സാക്ഷ്യംവഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്റോ കേന്ദ്രത്തിലെത്തിയിരുന്നു.

ചന്ദ്രയാന്‍ 2 ദൗത്യം അനിശ്ചിതത്വത്തിലായതിനു പിന്നാലെ പ്രധാനമന്ത്രി ശാസ്ത്രജ്ഞമാരെ അഭിസംബോധന ചെയ്തത്. ശേഷം നിറകണ്ണുകളോടെ യാത്രയാക്കാനെത്തിയ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറെ വികാരനിര്‍ഭരമായ രംഗത്തിനാണ് ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രം സാക്ഷിയായത്.ഇസ്‌റോ ചെയര്‍മാന്‍ ഡോ.കെ.ശിവനെ ആശ്വസിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോയാണിത്. ഇതില്‍ നരേന്ദ്ര മോദി ഡോ.കെ.ശിവനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നത് കാണാം. ദൗത്യത്തിലേറ്റ തിരിച്ചടിയിൽ തളരരുതെന്ന് ഏറ്റവും മികച്ച അവസരങ്ങൾ ഇനിയും വരാനിരിക്കുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐഎസ്ആര്‍ഒ കേന്ദ്രത്തിലെത്തിയ കുട്ടികളുമൊത്ത് സംവദിച്ചപ്പോഴും വലിയ നേട്ടമാണ് രാജ്യം നേടിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദൗത്യം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ച പുലര്‍ച്ചെ, സോഫ്റ്റ് ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടിരുന്നു. ഇതിന് മണിക്കൂറുകള്‍ക്കു ശേഷമാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് മോദി ബെംഗളൂരുവിലെത്തിയത്.