നാരദ ഒളിക്യാമറ ഓപ്പറേഷന്‍: മാത്യു സാമുവലിനെ സിബിഐ ചോദ്യം ചെയ്തു

കേസില്‍ മാത്യു സാമുവല്‍ പ്രതിയല്ലെന്നും ഒളിക്യാമറ ഓപ്പറേഷനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനാണ് ചോദ്യം ചെയ്തതെന്നും സിബിഐ അറിയിച്ചു

നാരദ ഒളിക്യാമറ ഓപ്പറേഷന്‍: മാത്യു സാമുവലിനെ സിബിഐ ചോദ്യം ചെയ്തു

നാരദ ഒളി ക്യാമറ ഓപ്പറേഷനുമായി ബന്ധപ്പെട്ട് എഡിറ്ററും സിഇഒയുമായ മാത്യു സാമുവലിനെ ഇന്ന് സിബിഐ ചോദ്യം ചെയ്തു. കേസില്‍ മാത്യു സാമുവല്‍ പ്രതിയല്ലെന്നും ഒളിക്യാമറ ഓപ്പറേഷനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനാണ് ചോദ്യം ചെയ്തതെന്നും സിബിഐ അറിയിച്ചു. അഞ്ച് മണിക്കൂറോളമാണ് മാത്യു സാമുവലിനേയും റിപ്പോര്‍ട്ടര്‍മാരായ ഏയ്ഞ്ചല്‍ എബ്രഹാം, റിക്ക് എന്നിവരെ ചോദ്യം ചെയ്തത്. നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കൂലി വാങ്ങുന്നത് പുറത്തുകൊണ്ടുവന്ന ഒളി ക്യാമറ ഓപ്പറേഷന് നേതൃത്വം വഹിച്ചത് മാത്യു സാമുവലും എയ്ഞ്ചല്‍ എബ്രഹാമുമാണ്.

തൃണമൂല്‍ നേതാക്കള്‍ക്ക് പണം നല്‍കിയതിനെക്കുറിച്ചും പണം കൈമാറിയ സ്ഥലത്തേക്കുറിച്ചും മറ്റുമാണ് സിബിഐ ചോദിച്ചതെന്ന് ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന മാത്യു സാമുവല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചോദ്യം ചെയ്ത അഞ്ച് മണിക്കൂറിനിടെ ഒരു തവണ മാത്രമാണ് ഇടവള നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്ത ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് നിഷിത മഹോത്ര, ജസ്റ്റിസ് ടി ചക്രബോര്‍ത്തി എന്നിവരടങ്ങുന്ന സംഘമാണ് സിബിഐയോട് കേസ് അന്വേഷിക്കാന്‍ ഉത്തരവിട്ടത്.

20016 ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പണം വാങ്ങുന്ന ദൃശ്യങ്ങള്‍ നാരദ പുറത്തുവിട്ടത്. മാര്‍ച്ച് 17ന് ഹൈക്കോടതി സിബിഐയോട് ഒളിക്യാമറ ഓപ്പറേഷന് ഉപയോഗിച്ച ഉപകരണങ്ങളെല്ലാം 24 മണിക്കൂറിനുള്ളില്‍ കസ്റ്റഡിയിലെടുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. 72 മണിക്കൂറിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാനും ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതി പിന്നീട് ഒരു മാസത്തേക്ക് സമയം നീട്ടിക്കൊടുക്കുകയായിരുന്നു.