നാരദ വിഷയം ഇന്ന് രാജ്യസഭയില്‍; എഡിറ്റര്‍ക്കും കുടുംബത്തിനും സുരക്ഷയൊരുക്കണമെന്ന് ബംഗാളില്‍ നിന്നുള്ള എംപി

നാരദ എഡിറ്റര്‍ മാത്യു സാമുവലിനും കുടുംബത്തിനും സുരക്ഷയൊരുക്കണമെന്ന് രാജ്യസഭയില്‍ ആവശ്യം. ബംഗാളില്‍ നിന്നുള്ള സിപിഐ (എം) അംഗം റിതഭ്രത ബാനര്‍ജിയാണ് ഇക്കാര്യം ശൂന്യവേളയില്‍ ഉന്നയിച്ചത്.

നാരദ വിഷയം ഇന്ന് രാജ്യസഭയില്‍; എഡിറ്റര്‍ക്കും കുടുംബത്തിനും സുരക്ഷയൊരുക്കണമെന്ന് ബംഗാളില്‍ നിന്നുള്ള എംപി

ബാനര്‍ജിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍

സര്‍, സമൂഹത്തിലെ കൊള്ളരുതായ്മകള്‍ തുറന്നുകാട്ടുന്നവര്‍ക്കും അവരുടെ കുടുംബത്തിനും, പ്രത്യേകിച്ച് കുടുംബത്തിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയും സംരക്ഷണവുമൊരുക്കേണ്ടതിനെക്കുറിച്ചാണ് എനിക്ക് പറയുവാനുള്ളത്. വിവിധ രംഗങ്ങളിലുള്ള അഴിമതി പുറത്തുകൊണ്ടുവരുന്നവര്‍ പല തരത്തിലുമുള്ള ഭീഷണികളും വെല്ലുവിളികളും നേരിടേണ്ടതായി വരും. ഇത്തരക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് പോലും ജീവന് നേരെയുള്ള ആക്രമണം നേരിടേണ്ടി വന്നേക്കാം. ഈയിടെ മാത്യു സാമുവല്‍ കേരള ഡിജിപിയ്ക്ക് കൊടുത്ത പരാതിയില്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ തന്നെ ചിലര്‍ കാറില്‍ പിന്തുടരുന്നതായി പറയുന്നുണ്ട്.

വെള്ള സാന്‍ട്രോ കാര്‍ പിന്തുടരുന്നത് അദ്ദേഹം ശ്രദ്ധിച്ചെങ്കിലും ആദ്യം അവഗണിച്ചു. എന്നാല്‍ തിരികെ വീട്ടിലേക്കുള്ള യാത്രയിലും ഇതേ കാര്‍ മാത്യു സാമുവലിനെ പിന്തുടരുകയായിരുന്നു. കെ രജിസ്‌ട്രേഷനിലുള്ള കാര്‍ കേരളത്തിലോ കര്‍ണാടകയിലോ രജിസ്റ്റര്‍ ചെയ്തതാകാനിടയുണ്ട്. മാത്യു സാമുവലിന്റെ സ്ഥാപനത്തിലെ ജീവനക്കാരി ഏയ്ഞ്ചല്‍ എബ്രഹാമും സമാനമായ പരാതി നല്‍കിയിട്ടുണ്ട്. ''നാരദ നടത്തിയ ഒളിക്യാമറ ഓപ്പറേഷന്റെ ദൃക്‌സാക്ഷിയാണ് ഞാന്‍. ആയതിനാല്‍ എന്നെ അപായപ്പെടുത്തേണ്ടത് ചിലയാളുകളുടെ ആവശ്യമാണ്. ഒരിക്കല്‍ യാത്രാമധ്യേ എന്നെ ചിലര്‍ പിന്തുടരുന്നത് അറിഞ്ഞെങ്കിലും ഞാന്‍ ആദ്യം അത് അവഗണിച്ചു. എന്നാല്‍ ഇത് തുടര്‍ന്നപ്പോള്‍ ഇതിന് പിന്നില്‍ അപായപ്പെടുത്താനുള്ള ഗൂഢാലോചനയുണ്ടെന്ന് മനസിലായി'' ഏയ്ഞ്ചലിന്റെ പരാതിയില്‍ പറയുന്നു.

ഡല്‍ഹിയില്‍ താമസിക്കുന്ന ഭാര്യയും മക്കളും സമാനമായ അനുഭവത്തെക്കുറിച്ച് മാത്യു സാമുവലിനോട് പറഞ്ഞിരുന്നു. ഒരു ദിവസം സായാഹ്ന സവാരിക്കിറങ്ങിയ ഇവര്‍ ഒരു സംഘം തങ്ങളെ പിന്തുടരുന്നത് കണ്ടു. പിറ്റേ ദിവസം രാവിലെ നടക്കാനിറങ്ങിയപ്പോഴും ഇതേ സംഘം പിന്തുടരുന്നത് കണ്ടതോടെ ആരൊക്കെയോ തങ്ങളെ അപായപ്പെടുത്താന്‍ ശ്രമം നടത്തുന്നതായി ഇവര്‍ക്ക് മനസിലായി. മാത്യു സാമുവല്‍ ഇക്കാര്യത്തെക്കുറിച്ച് ഫെയ്‌സ്ബുക്കിലെഴുതി- ''ഇപ്പോള്‍ ഡല്‍ഹിയിലുള്ള മക്കള്‍ എന്നെ വിളിച്ച് കുറച്ചുപേര്‍ തങ്ങളെ തുടര്‍ച്ചയായി പിന്തുടരുന്നതായി പറഞ്ഞു. ഇതേ അനുഭവം എന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായ ഏയ്ഞ്ചല്‍ എബ്രഹാമിനുമുണ്ടായിട്ടുണ്ട്. മെട്രോ യാത്രയ്ക്കിടെ അപരിചിതരായ രണ്ട് പേര്‍ തന്നെ പിന്തുടരുന്നത് ഏയ്ഞ്ചലിന്റെ ശ്രദ്ധയില്‍പ്പെട്ടു. ചികിത്സയുമായി ബന്ധപ്പെട്ട് കേരളത്തിലുള്ള ഞാന്‍ അവരോട് ഭയപ്പെടാതിരിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഒരു വെള്ള സാന്‍ട്രോ കാര്‍ ഞാന്‍ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടു. വീട്ടില്‍ നിന്ന് ആശുപത്രിയിലേക്കുള്ള 13 കിലോമീറ്ററും തിരിച്ച് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രയിലും ഈ കാര്‍ പിന്തുടരുന്നുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം ചേര്‍ത്തുവായിച്ചാല്‍ നാരദ ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയവരെ ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി എനിക്ക് മനസിലായി. ഡല്‍ഹിയിലുള്ള എന്റെ കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് എനിക്കിപ്പോള്‍ ഭീതി തോന്നുന്നു.''

സര്‍,പശ്ചിമ ബംഗാള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ചിട്ടി കമ്പനികളുടേയും അഴിമതിയുടേയും കേന്ദ്രമാണ്. മാത്യു സാമുവല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷന്‍ ഭരിക്കുന്ന പാര്‍ട്ടിയിലുള്ള ചിലരുടെ തനിനിറം വെളിച്ചത്തുകൊണ്ടുവന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള അവിഹിത ബന്ധം നാരദയ്‌ക്കെതിരെയുള്ള വേട്ടയായി മാറി. സര്‍, ഈ സാഹചര്യത്തില്‍ മാത്യു സാമുവലിനും കുടുംബത്തിനും വേണ്ട സുരക്ഷയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.