രാജസ്ഥാനില്‍ ഗോരക്ഷാ സേനയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവം: വാര്‍ത്ത നിഷേധിച്ച് നഖ്‌വി

കറവ ആവശ്യത്തിനായി പശുക്കളെ കൊണ്ടുപോയ സംഘം അത് തെളിയിക്കുന്ന രേഖകള്‍ കാണിച്ചിട്ടും ഗോരക്ഷാ സേന ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പെഹ്‌ലു ഖാനെന്ന 55കാരനായ കര്‍ഷകനാണ് ഗോസംരക്ഷകരുടെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

രാജസ്ഥാനില്‍ ഗോരക്ഷാ സേനയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവം: വാര്‍ത്ത നിഷേധിച്ച് നഖ്‌വി

രാജസ്ഥാനിലെ അല്‍വാറില്‍ ഗോരക്ഷാ സേനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കനായ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. അത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്ന് നഖ്‌വി രാജ്യസഭയില്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷം മന്ത്രിക്കെതിരേ രംഗത്തുവന്നു.

വാര്‍ത്തയില്‍ പറയുന്ന കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ അവിടെ സംഭവിച്ചിട്ടില്ലെന്ന് പ്രതിപക്ഷ ബഹളത്തിനിടെ നഖ്‌വി പറഞ്ഞു. ഗോസംരക്ഷണം എന്ന പേരില്‍ ഗുണ്ടാസംഘം ജനത്തെ ആക്രമിക്കുന്നതായി പ്രതിപക്ഷകക്ഷികള്‍ ആരോപിച്ചു. ''ഇത് വളരെ വൈകാരികമായ ഒരു വിഷയമാണ്. നാം ഗോഹത്യയെ പിന്തുണയ്ക്കുന്നതായുള്ള ഒരു സന്ദേശം രാജ്യസഭ നല്‍കാന്‍ പാടില്ല. ലക്ഷക്കണക്കിന് ജനങ്ങളുടെ വൈകാരികമായ വിഷയമാണിത്''മന്ത്രി പറഞ്ഞു.

ഗോരക്ഷകരാണ് കര്‍ഷകനെ കൊന്നതെന്ന മാധ്യമ വാര്‍ത്തകള്‍ ഇതിനകം രാജസ്ഥാന്‍ ഗവണ്‍മെന്റ് നിഷേധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെഹ്‌ലു ഖാനെന്ന 55കാരനായ കര്‍ഷകനാണ് ഗോസംരക്ഷകരുടെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ വാഹനം തടഞ്ഞുനിര്‍ത്തിയാണ് സംഘം അക്രമമഴിച്ചുവിട്ടത്. പെഹ്‌ലു ഖാനെക്കുടാതെ നാല് പേര്‍ക്ക് കൂടി അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. അല്‍വാര്‍ ദേശീയ പാതയിലൂടെ കന്നുകാലികളുമായി പോകുകയായിരുന്ന വാഹനം തടഞ്ഞുനിര്‍ത്തിയാണ് സംഘം ആക്രമണം നടത്തിയത്.

കന്നുകാലികളെ കശാപ്പ് ചെയ്യാനുള്ളതല്ലെന്നും കറവ ആവശ്യത്തിനായി വളര്‍ത്താനാണെന്നും തെളിയിക്കുന്ന രേഖകള്‍ കാണിച്ചിട്ടും ഗോരക്ഷാ സേനാംഗങ്ങള്‍ ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും സംഘം അടിച്ചുതകര്‍ത്തു. അക്രമികള്‍ക്കെതിരെ കേസെടുക്കാതിരുന്ന പോലീസ് പശുക്കളെ തട്ടിക്കൊണ്ടു പോയെന്ന പേരില്‍ കൊല്ലപ്പെട്ട പെഹ്‌ലു ഖാന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയാണ് ചെയ്തത്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് പോലീസ് ഗോരക്ഷാ സേനയ്‌ക്കെതിരെ കേസെടുത്തത്.

സംഭവത്തില്‍ ഇരുഭാഗത്തുമുള്ളവര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നാണ് രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ പ്രതികരിച്ചത്. സംഭവത്തെത്തുടര്‍ന്ന് എ ഐ സി സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ ഗോരക്ഷാ സേനയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു.