സംഘപരിവാർ ഭീഷണി; നാഗ്‌പൂർ സർവകലാശാലയിൽ യെച്ചൂരിക്ക് വിലക്ക്

സർവകലാശാലയിലെ അംബേദ്‌കർ ചിന്തകളുടെ ഡിപ്പാർട്മെന്റാണ് 'ജനാധിപത്യവും അതിന്റെ മൂല്യങ്ങളും' എന്ന വിഷയത്തിൽ പ്രഭാഷണത്തിനായി യെച്ചൂരിയെ ക്ഷണിച്ചത്. എന്നാൽ വെളിപ്പെടുത്താനാകാത്ത കാരണങ്ങളാൽ പരിപാടി റദ്ദാക്കുകയാണ് എന്ന് വിസി അറിയിക്കുകയാണ് ഉണ്ടായതെന്ന് സംഘാടകർ പറയുന്നു.

സംഘപരിവാർ ഭീഷണി; നാഗ്‌പൂർ സർവകലാശാലയിൽ യെച്ചൂരിക്ക് വിലക്ക്

സംഘപരിവാറിന്റെയും എബിവിപിയുടെയും ഭീഷണിയെത്തുടർന്ന് നാഗ്‌പൂർ സർവകലാശാലയിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിലക്ക്. സർവകലാശാല വൈസ് ചാൻസിലറാണ് യച്ചൂരിയുടെ പ്രഭാഷണത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.സർവകലാശാലയിലെ അംബേദ്‌കർ ചിന്തകളുടെ ഡിപ്പാർട്മെന്റാണ് 'ജനാധിപത്യവും അതിന്റെ മൂല്യങ്ങളും' എന്ന വിഷയത്തിൽ പ്രഭാഷണത്തിനായി യെച്ചൂരിയെ ക്ഷണിച്ചത്. മാർച്ച് പതിനെട്ടിനാണ് പ്രഭാഷണം നിശ്ചയിച്ചിരുന്നത്. എന്നാൽ സംഘപരിവാറും എബിവിപിയും വിസിയെ സമ്മർദ്ദത്തിലാക്കിയതിനെത്തുടർന്ന് പരിപാടി റദ്ദാക്കുകയും അനന്തമായി നീട്ടിവെക്കുകയുമായിരുന്നു.

വെളിപ്പെടുത്താനാകാത്ത കാരണങ്ങളാൽ പരിപാടി റദ്ദാക്കുകയാണ് എന്ന് വിസി അറിയിക്കുകയാണ് ഉണ്ടായതെന്ന് സംഘാടകർ പറയുന്നു.സംഘപരിവാർ ഇടപെടൽ മൂലം വിസി സമ്മർദ്ദത്തിലാണെന്നും സംഘാടകർ ആരോപിച്ചു. പ്രഭാഷണത്തിന്റെ രണ്ടു ദിവസം മുൻപ് ഏകപക്ഷീയമായ തീരുമാനത്തിലൂടടെ പ്രഭാഷണത്തിന് വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ സംഘാടകരിൽ നിന്നുൾപ്പെടെ പ്രതിഷേധം ഉയരുകയാണ്.

യെച്ചൂരി സർവകലാശാലയിലെ പരിപാടിയിൽ പങ്കെടുത്താല്‍ വന്‍ പ്രതിഷേധം നേരിടേണ്ടിവരുമെന്നും മറ്റുമുള്ള ഭീഷണികള്‍ എബിവിപിയില്‍നിന്നും ഉണ്ടായതായി വിസിയെ സന്ദര്‍ശിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നിധിന്‍ റൌത് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ വിസിയുടെ നടപടിയുമായി തങ്ങൾക്ക് യാതൊരു ബന്ധവും ഇല്ലെന്ന പരസ്യ നിലപാടിലാണ് എബിവിപി.

Read More >>