ശിവസേന എംപി വിമാന ജീവനക്കാരനെ ചെരുപ്പിനടിച്ച സംഭവം: പ്രധാനമന്ത്രിയെ അപമാനിച്ചതിനുളള പ്രതികരണമെന്ന് ഭാര്യ

ഗെയ്ക്ക്‌വാദ് വളരെ ശാന്തസ്വഭാവമുള്ള വ്യക്തിയാണെന്നും ജീവിതത്തില്‍ ഇന്നേവരെ ആരോടും വഴക്ക് കൂടി താന്‍ കണ്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ശിവസേന എംപി വിമാന ജീവനക്കാരനെ ചെരുപ്പിനടിച്ച സംഭവം: പ്രധാനമന്ത്രിയെ അപമാനിച്ചതിനുളള പ്രതികരണമെന്ന് ഭാര്യ

ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്‌വാദ് എയര്‍ ഇന്ത്യ വിമാന ജീവനക്കാരനെ ചെരുപ്പിനടിച്ച സംഭവത്തില്‍ ഭര്‍ത്താവിന് പിന്തുണയുമായി ഭാര്യ. വിമാനജീവനക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചപ്പോള്‍ പ്രതികരിക്കുക മാത്രമാണ് ഭര്‍ത്താവ് ചെയ്തതെന്ന് ഗെയ്ക്ക്‌വാദിന്റെ ഭാര്യ ഉഷ പറഞ്ഞു. ഗെയ്ക്ക്‌വാദ് വളരെ ശാന്തസ്വഭാവമുള്ള വ്യക്തിയാണെന്നും ജീവിതത്തില്‍ ഇന്നേവരെ ആരോടും വഴക്ക് കൂടി താന്‍ കണ്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ഭര്‍ത്താവിന് രാഷ്ട്രീയത്തില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുണ്ട് രണ്ട് തവണ എംഎല്‍ എ ആയ വ്യക്തിയാണ്. ഇപ്പോള്‍ ഒസ്മാനാബാദിലെ എംപിയാണ്. ഇതിന് കാരണം അദ്ദേഹത്തിന്റെ എളിമയും ശാന്തതയുമാണെന്ന് ഉഷ പറഞ്ഞു. എയര്‍ ഇന്ത്യ ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ പരാതി കൊടുക്കാന്‍ ആലോചിക്കവെ പ്രധാനമന്ത്രിയെക്കുറിച്ച് വളരെ മോശം പ്രയോഗങ്ങള്‍ നടത്തിയതാണ് ജീവനക്കാരനെ മര്‍ദ്ദിക്കുന്നതിന് കാരണമായതെന്ന് അവര്‍ പറഞ്ഞു.

വ്യാഴാഴ്ചയാണ് എയര്‍ ഇന്ത്യയുടെ പുനെ-ഡല്‍ഹി വിമാനത്തില്‍ ഗെയ്ക്ക്‌വാദ് വിമാനജീവനക്കാരനെ ചെരുപ്പൂരിയടിച്ചത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ വിമാനക്കമ്പനികള്‍ രംഗത്തുവരികയും എയര്‍ ഇന്ത്യയും ഇന്‍ഡിഗോ എയര്‍ലൈന്‍സുമടക്കമുള്ളവര്‍ ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കുകയും ചെയ്തിരുന്നു. ഇയാളെ കരിമ്പട്ടികയില്‍പ്പെടുത്താനും വിമാനക്കമ്പനികള്‍ ആലോചിക്കുന്നതായി വാര്‍ത്തകളുണ്ട്.