മുത്തലാഖ് കീറാമുട്ടിയാകുമ്പോള്‍ കോടതി നിരീക്ഷണത്തെ അനുകൂലിച്ച് മുസ്ലിം സംഘനകള്‍; മൗലികവകാശ ലംഘനമാണെന്ന് എം എന്‍ കാരശ്ശേരി

കോടതി നിരീക്ഷണത്തോട് പൂര്‍ണ്ണമായ യോജിപ്പാണ് സമസ്ത ഇകെ വിഭാഗം സ്വീകരിച്ചിട്ടുള്ളത്. മുത്തലാഖ് സ്ത്രീവിരുദ്ധമല്ലെന്നും പഴയ നിലപാടില്‍ മാറ്റമില്ലെന്നുമാണ് കാന്തപുരം വിഭാഗം വ്യക്തമാക്കിയത്. അതേസമയം സുപ്രീംകോടതിയുടെ നിരീക്ഷണത്തിനെതിരെ പരസ്യമായിത്തന്നെ എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എം എന്‍ കാരശ്ശേരി രംഗത്ത് വന്നു. മുസ്ലിം പുരുഷന്‍ ഭാര്യയെ ഏകപക്ഷീയമായി പുറത്താക്കുന്ന മുത്തലാഖ് മൗലീകവകാശ ലംഘനമല്ലെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് എം എന്‍ കാരശ്ശേരി ചോദിച്ചു.

മുത്തലാഖ് കീറാമുട്ടിയാകുമ്പോള്‍ കോടതി നിരീക്ഷണത്തെ അനുകൂലിച്ച്  മുസ്ലിം സംഘനകള്‍; മൗലികവകാശ ലംഘനമാണെന്ന് എം എന്‍ കാരശ്ശേരി

മുത്തലാഖ് മൗലികവകാശമാണെങ്കില്‍ കേസില്‍ ഇടപെടില്ലെന്ന സുപ്രീംകോടതി നിരീക്ഷണം പുറത്തുവന്ന സാഹചര്യത്തില്‍ നിലപാടിലുറച്ച് മുസ്ലിം പണ്ഡിതര്‍. കോടതി നിരീക്ഷണത്തോട് പൂര്‍ണ്ണമായ യോജിപ്പാണ് സമസ്ത ഇകെ വിഭാഗം സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ പരസ്യപ്രസ്താവനയ്ക്ക് തല്‍ക്കാലമില്ലെന്നും എല്ലാം കോടതി തീരുമാനിക്കട്ടെയെന്നുമാണ് ഇകെ വിഭാഗത്തിന്റെ അഭിപ്രായം. മുത്തലാഖ് സ്ത്രീവിരുദ്ധമല്ലെന്നും പഴയ നിലപാടില്‍ മാറ്റമില്ലെന്നുമാണ് കാന്തപുരം വിഭാഗം വ്യക്തമാക്കിയത്. കാന്തപുരം അജ്‌മീർ സന്ദര്‍ശനം കഴിഞ്ഞെത്തിയാലുടന്‍ ഇക്കാര്യത്തില്‍ നിലപാട് പറയുമെന്നും അദ്ദേഹത്തിന്റെ അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം സുപ്രീംകോടതിയുടെ നിരീക്ഷണത്തിനെതിരെ പരസ്യമായിത്തന്നെ എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എം എന്‍ കാരശ്ശേരി രംഗത്ത് വന്നു. മുസ്ലിം പുരുഷന്‍ ഭാര്യയെ ഏകപക്ഷീയമായി പുറത്താക്കുന്ന മുത്തലാഖ് മൗലികവകാശ ലംഘനമല്ലെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് എം എന്‍ കാരശ്ശേരി ചോദിച്ചു. മുത്തലാഖ് കേസില്‍ സുപ്രീംകോടതി നിരീക്ഷണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് നാരദാ ന്യൂസിനോട് അദേഹം ഇങ്ങനെ പ്രതികരിച്ചത്. മുജാഹിദ് വിഭാഗങ്ങളാകട്ടെ ഇക്കാര്യത്തില്‍ കൃത്യമായൊരു നിലപാട് പറയാന്‍ തയ്യാറായില്ല. എന്നാല്‍ വിഷയത്തില്‍ തല്‍ക്കാലം പ്രതികരിക്കുന്നില്ലെന്ന് നടന്‍ മാമുക്കോയ പറഞ്ഞു.

ഭരണഘടനയുടെ മൗലികവകാശത്തിന്റെ കണ്ണുകൊണ്ടുമാത്രം നോക്കുമ്പോള്‍ ഇസ്ലാമിന്റെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കില്ലെന്നും കോടതിയുടെ നിരീക്ഷണത്തെ സ്വാഗതം ചെയ്യുന്നതായും ജമാഅത്തെ ഇസ്ലാമി വിദ്യാർത്ഥിനി സംഘടനയായ ജിഐഒ സംസ്ഥാന സെക്രട്ടറിയേറ്റംഗം റുക്‌സാന ഷംസീര്‍ നാരദാ ന്യൂസിനോട് പറഞ്ഞു. മൗലികാവകാശം എന്നതിലപ്പുറം ഇസ്ലാമിന്റെ ആധികാരിക ഗ്രന്ഥങ്ങള്‍ മുന്‍നിര്‍ത്തി വിധി പറയാന്‍ സുപ്രീംകോടതിയ്ക്ക് സാധിക്കേണ്ടതുണ്ടെന്നും ഇവര്‍ പറഞ്ഞു.

മുന്നു തവണ തലാഖ് ചൊല്ലിയാല്‍ വിവാഹ ബന്ധം വേര്‍പെടുത്താമെന്ന നിയമം ഖുറാനില്ലെന്നു പറഞ്ഞ് മുത്തലാഖിനെതിരെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരി രംഗത്തുവന്നിരുന്നു. മുസ്ലിം പണ്ഡിതന്മാരെ മാത്രം ആശ്രയിക്കാതെ സ്ത്രീകള്‍ ഖുറാന്‍ വായിക്കണമെന്നും അവര്‍ ആവശ്യപ്പെടുകയുണ്ടായി.

മുത്തലാഖും ഏകീകൃത സിവില്‍കോഡും ബഹുഭാര്യത്വ വിഷയവുമെല്ലാം മുസ്ലിം സമുദായത്തില്‍ ചര്‍ച്ചയാകുമ്പോഴാണ് സുപ്രീംകോടതിയുടെ വാക്കാലുള്ള നിരീക്ഷണം. ആരെയും ബോധ്യപ്പെടുത്താതെ ഒരൊറ്റ വാക്കിലാണ് ഒരു മുസ്ലിം സ്വന്തം ഭാര്യയെ ദാമ്പത്യജീവിതത്തില്‍ നിന്ന് പുറത്താക്കുന്നത്. ഇത് പൗരവകാശലംഘനത്തിന്റെയും മൗലീകവകാശലംഘനത്തിന്റെയും പട്ടികയില്‍ത്തന്നെ വരുന്നതാണെന്ന നിലപാടാണ് കാരശ്ശേരി ഉള്‍പ്പെടെയുള്ളവര്‍ ആദ്യം മുതലെ സ്വീകരിച്ചിട്ടുള്ളത്.

ശരീഅത്ത് നിയമപ്രകാരമുള്ള മുത്തലാഖിനെ അനുകൂലിക്കുന്ന നിലപാടാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡും സ്വീകരിച്ചിട്ടുള്ളത്. മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തുന്ന ഉത്തരാഖണ്ഡിലെ ഷൈറാ ബാനുവിനെ പ്രകീര്‍ത്തിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്തുവന്നതോടെയാണ് ഇതിന് പിന്നിലെ ബിജെപി അജണ്ട പുറത്തുവരുന്നത്. ഏകീകൃത സിവില്‍കോഡിന്റെ ആദ്യഘട്ടമാണ് മുത്തലാഖ് നിരോധമെന്നും ഇത് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നുമുള്ള രീതിയിലാണ് മുസ്ലിം സംഘടനകള്‍ ഒന്നടങ്കം ഈ വിഷയത്തെ പ്രചരിപ്പിച്ചത്.