രാമക്ഷേത്ര നിര്‍മാണമാവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ മുസ്ലീം സംഘടനയുടെ പോസ്റ്ററുകള്‍; പിന്നില്‍ ആര്‍ എസ് എസെന്ന് ആരോപണം

ആര്‍ എസ് എസിന്റെ ബി ടീമായി നിന്ന് മുസ്ലീം കര്‍സേവക് സംഘ് പ്രവര്‍ത്തിക്കുന്നതായാണ് പൊതുവായ ആരോപണം.

രാമക്ഷേത്ര നിര്‍മാണമാവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ മുസ്ലീം സംഘടനയുടെ പോസ്റ്ററുകള്‍; പിന്നില്‍ ആര്‍ എസ് എസെന്ന് ആരോപണം

ഉത്തര്‍പ്രദേശില്‍ രാമക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ച് മുസ്ലീം സംഘടനയുടെ പോസ്റ്ററുകള്‍. മുസ്ലിം കര്‍സേവക് സംഘ് എന്ന സംഘടനയാണ് ഫൈസാബാദില്‍ ഹോര്‍ഡിംഗ്‌സുകള്‍ ഉയര്‍ത്തിയത്. നരേന്ദ്ര മോഡി, അമിത് ഷാ, രാജ്‌നാഥ് സിംഗ്, എല്‍ കെ അദ്വാനി, യോഗി ആദിത്യനാഥ് തുടങ്ങിയ നേതാക്കളുടെ ചിത്രത്തോടൊപ്പം സംഘടനാ നേതാക്കളുടെ ചിത്രവും വെച്ച ഹോര്‍ഡിംഗ്‌സുകളാണ് സ്ഥാപിച്ചിട്ടുള്ളത്.

'തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം പണിയുകയെന്നത് ഇന്ത്യന്‍ മുസ്ലീങ്ങളുടെ ആവശ്യമാണ്' എന്ന് തിരക്കേറിയ അശോക് മാര്‍ഗില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡില്‍ പറയുന്നു. കോടതിയ്ക്ക് പുറത്ത് ഇരുകൂട്ടരും തമ്മില്‍ ഒത്തുതീര്‍പ്പിലെത്താനുള്ള സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് തങ്ങള്‍ ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയതെന്ന് മുസ്ലീം കര്‍സേവക് സംഘ് പ്രസിഡന്റ് മുഹമ്മദ് അസം ഖാന്‍ പറഞ്ഞു.

കോടതിയുത്തരവിന് കാത്തുനില്‍ക്കാതെ രാമക്ഷേത്ര നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് സംഘടന പന്ത്രണ്ട് വലിയ ഹോര്‍ഡിംഗുകളും 200ഓളം ചെറിയ ഹോര്‍ഡിംഗുകളും ലക്‌നൗവിലും ഫൈസാബാദിലുമായി ഉയര്‍ത്തിയിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. മുസ്ലീം രാഷ്ട്രീയ മഞ്ച് എന്ന ആര്‍ എസ് എസ് പിന്തുണയുള്ള സംഘടനയുടെ മുന്‍ അംഗവും കൂടിയാണ് ഖാന്‍. രാമക്ഷേത്ര നിര്‍മാണത്തിനായി പ്രദേശത്തെ 150ഓളം മുസ്ലീങ്ങളില്‍ നിന്ന് ഒപ്പുശേഖരണം നടത്തിയതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ സംഘടനയുടെ നടപടിക്കെതിരെ സംസ്ഥാനത്തെ മുസ്ലീങ്ങള്‍ക്കിടയില്‍ നിന്ന് കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. ആര്‍ എസ് എസിന്റെ ബി ടീമായി നിന്ന് മുസ്ലീം കര്‍സേവക് സംഘ് പ്രവര്‍ത്തിക്കുന്നതായാണ് പൊതുവായ ആരോപണം.