കശ്മീരിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്ന സൈനികനെ ഭീകരർ വധിച്ചു; ഭീകരതയ്‌ക്കെതിരായി പോരാടാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിരോധ മന്ത്രി

ഗ്രാമവാസികളാണ് ഉമറിന്റെ മൃതദേഹം കണ്ടത്. ഇദ്ദേഹത്തിന്റെ വീരമൃത്യു ജവാന്മാരുടെ പോരാട്ടവീര്യം വർധിപ്പിക്കുകയെ ഉള്ളൂവെന്നും ഭീകരതയ്‌ക്കെതിരായി പോരാടാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രതിരോധ മന്ത്രി അരുൺ ജെയ്‌റ്റിലി പറഞ്ഞു.

കശ്മീരിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്ന സൈനികനെ ഭീകരർ  വധിച്ചു; ഭീകരതയ്‌ക്കെതിരായി  പോരാടാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന്  പ്രതിരോധ മന്ത്രി

കശ്മീരിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ഭീകരർ സൈനികനെ തട്ടിക്കൊണ്ടു പോയി വധിച്ചു.ലെഫ്റ്റനന്റ് ഉമര്‍ ഫയാസ് ആണ് വീരമൃത്യു വരിച്ചത് . 23 വയസ്സായിരുന്നു. ഇദ്ദേഹത്തിന്റെ വീരമൃത്യു ജവാന്മാരുടെ പോരാട്ടവീര്യം വർധിപ്പിക്കുകയെ ഉള്ളൂവെന്നും ഭീകരതയ്‌ക്കെതിരായി പോരാടാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രതിരോധ മന്ത്രി അരുൺ ജെയ്‌റ്റിലി പറഞ്ഞു.

കശ്മീരിലെ ഷോപിയന്‍ ജില്ലയിലാണ് സംഭവം. ലെഫ്റ്റനന്റ് ഉമര്‍ ഫയാസ് തന്റെ അമ്മാവന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഷോപിയന്‍ ജില്ലയില്‍ പോയതായിരുന്നു. ചൊവ്വാഴ്ച്ച രാത്രി എട്ട് മണിയോടെ മൂന്ന് പേര്‍ ഉമറിനെ വിവാഹ ചടങ്ങു നടക്കുന്നിടത്ത് അന്വേഷിച്ചെത്തി. നാട്ടുകാർ തടയാന്‍ ശ്രമിച്ചെങ്കിലും അവര്‍ സൈനികനെ ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നു.

ഭീകരർ തട്ടികൊണ്ടുപോയ ഉമറിന്റെ മൃതദേഹം ഇന്നലെ ഷോപിയനിലെ ഹര്‍മൈന്‍ ഗ്രാമത്തിലെ ബസ് സ്റ്റാന്റിൽ കണ്ടെത്തി.ശരീരത്തിൽ രണ്ടു വെടിയുണ്ടയേറ്റ നിലയിലായിരുന്നു മൃതദേഹം. 62 രാഷ്ട്രീയ റൈഫിള്‍സ് സേന ഉമറിന്റെ മൃതദേഹത്തില്‍ ത്രിവര്‍ണപതാക പുതപ്പിച്ചു. ശവമടക്കിനു മുമ്പ് ആകാശത്തിലേയ്ക്കു തിരയൊഴിച്ച് ആദരവ് പ്രകടിപ്പിച്ചു.

ഉമറിന്റെ പിതാവ് ഫയാസ് അഹമ്മദ് പരേയ്ക്കിന് തന്റെ മകന്‍ ജീവിച്ചിരിക്കുന്നില്ലെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. 'എനിക്ക് ഒരു മകനേയുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അവന്റെ അമ്മയും രണ്ട് സഹോദരിമാരും മാത്രം,' വിതുമ്പാന്‍ പോലുമാകാതെ ഫയാസ് പറഞ്ഞു.

2012 ല്‍ പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ നാഷണല്‍ ഡിഫന്‍സ് ആക്കാദമിയില്‍ ചേരണമെന്ന് ഉമര്‍ പറഞ്ഞു. ആപ്പിൾ കര്‍ഷകനായ ഫയാസ് എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. "മകന്റെ ആ തീരുമാനം ഇങ്ങനെയൊരു ദുരന്തത്തില്‍ അവസാനിക്കുമെന്നു പ്രതീക്ഷിച്ചില്ല"- ഉമറിന്റെ പിതാവ് പറഞ്ഞു.

ഗ്രാമവാസികളാണ് ഉമറിന്റെ മൃതദേഹം കണ്ടത്. അവര്‍ അപ്പോള്‍ത്തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഉമറിനെ തിരിച്ചറിഞ്ഞ ഡോക്ടര്‍ അവന്റെ അമ്മാവന്‍ മുഹമ്മദ് അഷ്‌റഫിനെ വിവരമറിയിക്കുകയായിരുന്നു.

സര്‍സുന ഗ്രാമത്തില്‍ ഒരേയൊരു സൈനികനേ ഉണ്ടായിരുന്നുള്ളൂ. 1990 കളില്‍ അദ്ദേഹം കൊല്ലപ്പെട്ടിരുന്നു. ഉമറിന്റെ പിതാവിന്റെ അമ്മാവന്‍ ആയിരുന്നു അത്.

എന്നാല്‍, ഉമറിനെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കുല്‍ഗാം പൊലീസ് സൂപ്രണ്ട് ശ്രീധര്‍ പട്ടേല്‍ പറഞ്ഞു. 'ഞങ്ങള്‍ക്ക് ഒന്നുമറിയില്ല. ഉമറിന്റെ മൃതദേഹം കണ്ടെത്തിയതിനു ശേഷമാണു ഞങ്ങള്‍ അതിനെപ്പറ്റി കേള്‍ക്കുന്നത്. തലേന്ന് രാത്രി ആയിരിക്കണം അയാള്‍ കൊല്ലപ്പെട്ടത്,' പട്ടേല്‍ പറഞ്ഞു.

Read More >>