ഹൃദയത്തില്‍ സുഷിരം, പള്‍സില്ലാതെ 45 മിനിറ്റ്; എന്നിട്ടും ഈ മുംബൈ ശിശു ജിവിതം തിരിച്ചുപിടിച്ചു

നീല നിറത്തോടെയാണ് ആരാധ്യ ജനിച്ചത്. രക്തത്തിലെ ഓക്‌സിജന്റെ കുറവാണ് ഇതിന് കാരണമെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ശരീരത്തിന് ആവശ്യമായ രക്തം പമ്പ് ചെയ്യുന്നതിനും സാധിക്കാത്ത അവസ്ഥയിലായിരുന്നു ആരാധ്യയുടെ ഹൃദയമെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി

ഹൃദയത്തില്‍ സുഷിരം, പള്‍സില്ലാതെ 45 മിനിറ്റ്; എന്നിട്ടും ഈ മുംബൈ ശിശു ജിവിതം തിരിച്ചുപിടിച്ചു

ഹൃദയത്തില്‍ സുഷിരത്തോടെ ജനനം. മൂന്നാമത്തെ മാസം പള്‍സ് നിലച്ചുപോയത് 45 മിനിറ്റ് നേരം. എന്നിട്ടും ജീവിതത്തിലേക്ക് തിരിച്ചുകയറി അത്ഭുതമായി മുംബൈ സ്വദേശിയായ ശിശു. ആരാധ്യ വാഗ് എന്ന ശിശുവാണ് കൈവിട്ടുപോകുമായിരുന്ന ജീവിതം തിരികെപ്പിടിച്ചത്. മുംബൈയിലെ ആശുപത്രിയില്‍ അവനിന്ന് സുഖമായിരിക്കുന്നു. ഹൃദയത്തില്‍ സുഷിരത്തോട് കൂടിയായിരുന്നു ആരാധ്യയുടെ ജനനം. ഇത് പരിഹരിക്കാനുള്ള ശസ്ത്രക്രിയ നടത്തിയതിനെത്തുടര്‍ന്നാണ് അപ്രതീക്ഷിതമായി പള്‍സ് നിലച്ചത്.

പകച്ചുനില്‍ക്കാതെ ഡോക്ടര്‍മാര്‍ കുഞ്ഞ് ആരാധ്യയുടെ ദേഹത്ത് കൃത്രിമമായി പള്‍സ് നല്‍കുന്ന യന്ത്രം ഘടിപ്പിച്ചു. ഇത് പതിയെ പള്‍സ് വീണ്ടെടുത്തു. ആരാധ്യയുടെ മാതാപിതാക്കള്‍ കണ്ണീരിനിടയിലൂടെ ആശ്വാസത്തിന്റെ പുഞ്ചിരി പൊഴിച്ചു. ആരാധ്യയ്ക്കിപ്പോള്‍ കുഴപ്പങ്ങളൊന്നുമില്ലെന്നും സമപ്രായക്കാരായ കുട്ടികളെപ്പോലെ തന്നെ ജീവിക്കാമെന്നും അവനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. 26 മണിക്കൂര്‍ കൃത്രിമമായി പള്‍സ് നല്‍കിയപ്പോഴാണ് ഹൃദയം സ്വയമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോ. ബിശ്വ പാണ്ഡെ പറഞ്ഞു. നീല നിറത്തോടെയാണ് ആരാധ്യ ജനിച്ചത്.

രക്തത്തിലെ ഓക്‌സിജന്റെ കുറവാണ് ഇതിന് കാരണമെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ശരീരത്തിന് ആവശ്യമായ രക്തം പമ്പ് ചെയ്യുന്നതിനും സാധിക്കാത്ത അവസ്ഥയിലായിരുന്നു ആരാധ്യയുടെ ഹൃദയമെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് ആരാധ്യയുടെ പിതാവ് മുംബൈയിലെ വാഡിയ ആശുപത്രിയിലെത്തുന്നത്. പരിശോധനയ്ക്ക് ശേഷം രക്തത്തില്‍ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കാനുള്ള ബി ടി ഷണ്ടിംഗ് ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നടത്തിയത്.

ശസ്ത്രക്രിയ നടത്തി 24 മണിക്കൂറിന് ശേഷം ആരാധ്യയുടെ രക്തസമ്മര്‍ദ്ദം വളരെയധികം കുറയുകയും ഹൃദയം പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്തു. ഇതോടെയാണ് കൃത്രിമമായി പള്‍സ് നല്‍കി കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഹൃദയം നിലച്ച 45 മിനിറ്റ് ഡോക്ടര്‍മാര്‍ കൈ കൊണ്ട് നെഞ്ചില്‍ അമര്‍ത്തിയാണ് രക്തം പമ്പ് ചെയ്യുന്നതിന് സഹായിച്ചത്. തങ്ങളുടെ നാടായ ധൂലെയില്‍ മികച്ച ചികിത്സാ സംവിധാനങ്ങളില്ലാത്തതാണ് മുംബൈയില്‍ വരാന്‍ കാരണമായതെന്ന് കുട്ടിയുടെ പിതാവ് രവീന്ദ്ര വെയ്ഗ് പറഞ്ഞു.

Read More >>