സ്ത്രീകളെ കെണിയില്‍പ്പെടുത്തി മനുഷ്യക്കടത്ത്: മുംബൈയില്‍ ആള്‍ദൈവം അറസ്റ്റില്‍

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഇയാള്‍ക്കെതിരായ പരാതി. ഇയാള്‍ക്ക് പിന്നില്‍ സെക്‌സ് റാക്കറ്റുണ്ടെന്ന് സംശയമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സ്ത്രീകളെ കെണിയില്‍പ്പെടുത്തി മനുഷ്യക്കടത്ത്: മുംബൈയില്‍ ആള്‍ദൈവം അറസ്റ്റില്‍

സ്ത്രീകളെ കെണിയില്‍പ്പെടുത്തി മനുഷ്യക്കടത്ത് നടത്തിയതിന് മുംബൈയില്‍ ആള്‍ദൈവം അറസ്റ്റിലായി. ഷിഫു സംക്രിതി എന്ന സംഘടനയുടെ സ്ഥാപകന്‍ സുനില്‍ കുല്‍ക്കര്‍ണിയാണ് അറസ്റ്റിലായത്. ഇയാള്‍ പെണ്‍കുട്ടികളെ കെണിയില്‍പ്പെടുത്തുന്നതായി കാണിച്ച് മുംബൈ ഹൈക്കോടതിയില്‍ നിരവധി ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. ഇയാള്‍ മനശാസ്ത്ര വിദഗ്ധനെന്ന് അവകാശപ്പെട്ട് ചികിത്സകളും കൗണ്‍സിലിംഗും നടത്താറുണ്ടെന്ന് ആരോപണമുണ്ട്.

മനുഷ്യക്കടത്ത്, വഞ്ചന, വിവര സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 20നും 30നുമിടെ പ്രായമുള്ള നാല് പെണ്‍കുട്ടികളെ ഇയാള്‍ വശീകരിച്ച് കെണിയില്‍പ്പെടുത്തിയതായി കാണിച്ച് മുംബൈ ഹൈക്കോടതിയില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഇയാളുടെ സ്വാധീനത്തില്‍ പെണ്‍കുട്ടികള്‍ വീടുപേക്ഷിച്ചതായും മയക്കുമരുന്ന് ഉപയോഗിക്കാന്‍ തുടങ്ങിയതായും ഹരജിയില്‍ പറയുന്നു.

സുനില്‍ കുല്‍ക്കര്‍ണിയുടെ സ്വാധീനം മൂലം പെണ്‍കുട്ടികള്‍ വീട്ടിലേക്ക് തിരികെ വരാന്‍ തയ്യാറാകുന്നില്ലെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു. ഹരജി പരിഗണിച്ച ജഡ്ജിമാരായ രഞ്ജിത് മോറും അനുജ പ്രഭുദേശായി എന്നിവര്‍ പോലീസിനോട് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. ഇത്തരം പരാതികളില്‍ നടപടി സ്വീകരിക്കാന്‍ പോലീസ് കാലതാമസം വരുത്തരുത്. ഇതൊരു സെക്‌സ്-മയക്കുമരുന്ന് മാഫിയയായതിനാല്‍ കൂടുതല്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും കെണിയില്‍പ്പെടാനിടയുണ്ടെന്ന് കോടതി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയാണേ്രത ഇയാള്‍ ഇരകളെ കണ്ടെത്തിയത്.