മുംബൈയിൽ 122 വർഷം പഴക്കമുള്ള കുരിശ് പൊളിച്ചു നീക്കി

പാതകളിലെ അനധികൃത മതപ്രതിഷ്ഠകള്‍ നീക്കം ചെയ്യണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണു കുരിശ് പൊളിച്ചതെന്ന് ബിഎംസി പറയുമ്പോൾ കുരിശ് നിന്നിരുന്നത് സ്വകാര്യസ്ഥലത്തായിരുന്നു എന്നാണ് ബോംബേ അതിരൂപത അവകാശപ്പെടുന്നത്.

മുംബൈയിൽ 122 വർഷം പഴക്കമുള്ള കുരിശ് പൊളിച്ചു നീക്കി

മുംബൈ ബാന്ദ്രയിലെ 122 വര്‍ഷം പഴക്കമുള്ള കുരിശ് ബിഎംസി പൊളിച്ചു. പാതകളിലെ അനധികൃത മതപ്രതിഷ്ഠകള്‍ നീക്കം ചെയ്യണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണു കുരിശ് പൊളിച്ചത്. ബോംബെ അതിരൂപത ഈ വിഷയം നിയമപരമായി നേരിടുമെന്ന് അറിയിച്ചു. കുരിശ് പൊളിച്ചതില്‍ മുംബൈയിലെ കത്തോലിക്ക സമൂഹം പ്രതിഷേധം പ്രകടിപ്പിച്ചു.

'കുരിശ് പൊളിയ്ക്കുന്നതിനെക്കുറിച്ച് ബിഎംസി പ്രദേശവാസികളുമായി ഏപ്രില്‍ മൂന്നിനു ചര്‍ച്ച ചെയ്തിരുന്നു. പാതയോരങ്ങളിലെ അനധികൃത മതപ്രതിഷ്ഠകള്‍ മാറ്റുന്നതിനുള്ള സുപ്രീം കോടതി നിര്‍ദ്ദേശം അവര്‍ അറിയിച്ചിരുന്നു. ബിഎംസി ഉദ്യോഗസ്ഥരോട് നിയമനടപടി എഴുതിക്കൊടുക്കാന്‍ പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു,' ബോംബേ അതിരൂപതയുടെ വക്താവ് ഫാ. നിഗല്‍ ബാരറ്റ് പറഞ്ഞു.

'കുരിശ് സ്ഥിതി ചെയ്തിരുന്നത് സ്വകാര്യസ്ഥലത്തായിരുന്നു (പ്ലോട്ട് ന: 38, സിഎസ് എ/650). 2010 ല്‍ ബോംബേ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഒരു പൊതുതാല്പര്യ ഹര്‍ജി ആധാരമാക്കിയാണ് അസിസ്റ്റന്‌റ് മുനിസിപ്പല്‍ കമ്മീഷണര്‍ ശരദ് ഉഘാഡെ ഏപ്രില്‍ 26 ന് നോട്ടീസ് നല്‍കിയത്. ആ ഹര്‍ജി ഇപ്പോഴും തീര്‍പ്പാക്കിയിട്ടില്ല. പൊതുസ്ഥലത്തെ മതപ്രതിഷ്ഠകള്‍ മാത്രമെ ഹര്‍ജിയില്‍ പറയുന്നുള്ളു. കുരിശ് നിലനിന്നിരുന്നത് സ്വകാര്യസ്ഥലത്തായതു കൊണ്ട് ആ നോട്ടീസ് അസാധുവാണ്. ഇതിനെക്കുറിച്ച് രേഖകള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ നിരത്തി ഉഘാഡെയെ അറിയിച്ചിരുന്നു,'- ഫാ. ബാരറ്റ് പറഞ്ഞു.

കുരിശ് പൊളിച്ചത് അധികാരദുര്‍വിനിയോഗം ആണെന്നും അദ്ദേഹം ആരോപിച്ചു. നിയമത്തിന്‌റെ വഴിയ്ക്കു നീങ്ങാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി ഉത്തരവ് പ്രകാരം കുരിശ് പൊളിച്ചതായതു കൊണ്ടു പ്രശ്‌നത്തിന്‌റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് വടക്കേ വാന്ദ്രേ എംഎല്‍എ ആശിഷ് ഷേലാര്‍ പറഞ്ഞു. ബി-ലിസ്റ്റ് പ്രകാരം പൊളിച്ചു മാറ്റാന്‍ ഉദ്ദേശിച്ചിരിക്കുന്ന മതപ്രതിഷ്ഠകളുടെ നടത്തിപ്പുകാരുമായി യോഗം കൂടിയിരുന്നു ഷേലാര്‍.

അതേ സമയം പൊതുതാല്പര്യ ഹര്‍ജി പ്രകാരം 32 ക്ഷേത്രങ്ങളും ആറ് കുരിശുകളും പൊളിച്ചു നീക്കാനാണു നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നതെന്ന് അസിസ്റ്റന്‌റ് മുനിസിപ്പല്‍ കമ്മീഷണര്‍ ശരദ് ഉഘാഡെ പറഞ്ഞു.

'കോടതി ഉത്തരവിനു ശേഷം എല്ലാ നടത്തിപ്പുകാര്‍ക്കും കത്തയച്ചിരുന്നു. എല്ലാവരേയും ചര്‍ച്ചയ്ക്കും ക്ഷണിച്ചിരുന്നു. അവരോട് കോടതി ഉത്തരവ് വിശദീകരിക്കുകയും മതപ്രതിഷ്ഠകള്‍ നീക്കം ചെയ്യണമെന്നു അറിയിക്കുകയും ചെയ്തിരുന്നു. അതനുസരിച്ച് ആറ് ക്ഷേത്രങ്ങള്‍ പൊളിച്ചതായി കണ്ടു. ബാക്കിയുള്ളവ നീക്കം ചെയ്യാനുള്ള നടപടിയാണ് ശനിയാഴ്ച തുടങ്ങിയത്. ഞങ്ങള്‍ നിയമം അനുസരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ,'- ഉഘാഡേ പറഞ്ഞു.