മോട്ടോര്‍ വാഹന നിയമം കര്‍ശനമാക്കി; മദ്യപിച്ച് വാഹനമോടിച്ചാല്‍ പിഴ 10,000, അപകടത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ പത്തുവര്‍ഷം തടവ്

രാജ്യത്ത് മോട്ടോർ വാഹന അപകടങ്ങളും വാഹനപ്പെരുപ്പവും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയമം കർശനമാക്കുന്നത്. പിഴസംഖ്യയില്‍ അഞ്ചിരട്ടി വരെയാണ് വര്‍ധനവ്. ശിക്ഷയുടെ കാഠിന്യവും വര്‍ധിപ്പിച്ചിട്ടുണ്ട്.

മോട്ടോര്‍ വാഹന നിയമം കര്‍ശനമാക്കി; മദ്യപിച്ച് വാഹനമോടിച്ചാല്‍ പിഴ 10,000, അപകടത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ പത്തുവര്‍ഷം തടവ്

പുതിയ മോട്ടോര്‍ വാഹന നിയമ പ്രകാരം വിവിധ കേസുകളുടെ പിഴയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കും. ഇതു വഴി അപകടമുണ്ടാവുകയാണെങ്കില്‍ കുടുംബത്തില്‍ നിന്ന് 25,000 രൂപ വരെ പിഴ ഈടാക്കും. ആര്‍ സി ഓണര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്.

ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്ന നാല് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചാല്‍ 1,000 രൂപ പിഴ ഈടാക്കുകയും മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. സിഗ്‌നല്‍ തെറ്റിച്ചാലും വാഹനമോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കിലും ഈ ശിക്ഷ ബാധകമാണ്. മൊബൈല്‍ ഫോണില്‍ സംസാരിച്ച് കൊണ്ട് വാഹനമോടിച്ചാല്‍ 1000 മുതല്‍ 5000 വരെ പിഴ ഈടാക്കും.

വാഹനാപകടത്തില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മരണം സംഭവിക്കുകയാണെങ്കില്‍ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കണം. ഗുരുതരമായി പരുക്കേല്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍ 5 ലക്ഷം രൂപയും നല്‍കണം. നേരത്തെ ഇത് 50,000 രൂപയും 25,000 രൂപയുമായിരുന്നു.