പട്ടിണി സഹിക്കാതെ അമ്മയുടെ മൃതദേഹത്തില്‍ നിന്നും മുലപ്പാല്‍ കുടിക്കുന്ന ഒരു വയസുകാരന്റെ വീഡിയോ വൈറലാകുന്നു

പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത 'അച്ചാ ദിന്‍' ഏതായാലും ഇങ്ങനെയും ചില ഹൃദയഭേദകമായ കാഴ്ചകള്‍ ബാക്കി വയ്കുന്നുണ്ട്

പട്ടിണി സഹിക്കാതെ അമ്മയുടെ മൃതദേഹത്തില്‍ നിന്നും മുലപ്പാല്‍ കുടിക്കുന്ന ഒരു വയസുകാരന്റെ വീഡിയോ വൈറലാകുന്നു

റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കാണപ്പെട്ട യുവതിയുടെ മാറില്‍ ഒട്ടിചേര്‍ന്നു കിടന്നു മുലപ്പാല്‍ കുടിക്കുന്ന ഒരു വയസുകാരന്റെ ദയനീയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുന്നു.

മധ്യപ്രദേശിലെ ദമൊഹിലാണ് മരിച്ച നിലയിലുള്ള യുവതിയെയും അടുത്തായി പിഞ്ചുകുഞ്ഞിനേയും ഒരു ട്രെയിന്‍ ഡ്രൈവര്‍ കണ്ടത്. തലസ്ഥാനമായ ഭോപാലില്‍ നിന്നും 250 കിമി അകലെയാണ് ദമൊഹ്.വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയപ്പോഴാണ് ഹൃദയഭേദകമായ ഈ കാഴ്ച കാണുന്നത്.

അമ്മയുടെ മൃതശരീരത്തില്‍ നിന്നും മുലപ്പാല്‍ കുടിക്കാന്‍ ശ്രമിക്കുന്ന കുട്ടി കരഞ്ഞു കൊണ്ട് അമ്മയെ ഉണര്‍ത്താനും ശ്രമിക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. വിശന്നു വലഞ്ഞു അവശനിലയിലാണ് കുട്ടി.

ട്രെയിനില്‍ നിന്നും വീഴുകയോ അല്ലെങ്കില്‍ ട്രെയിന്‍ തട്ടിയോ ആയിരിക്കാം അമ്മ മരണപ്പെടുന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തലയില്‍ ആഴത്തിലുള്ള മുറിവേറ്റ നിലയിലാണ്. മരണപ്പെടും മുന്‍പുള്ള ഏതാനും നിമിഷങ്ങളില്‍ അമ്മ തന്റെ മകനെ മുലയൂട്ടാന്‍ ശ്രമിച്ചിരുന്നതായും പൊലീസ് പറയുന്നു. ദിവസങ്ങളായി അമ്മയും കുഞ്ഞും പട്ടിണിയായിരുന്നു എന്നും, വിശപ്പിന്റെ ആധിക്യമാണ് കുഞ്ഞിന്റെ ഈ ദയനീയാവസ്ഥയ്ക്കു പ്രേരിപ്പിച്ചതെന്നും ഇവര്‍ വിലയിരുത്തുന്നു.കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സമതിയുടെ സംരക്ഷണത്തിലേക്ക് കൈമാറി.


മരണപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവെന്നു പറഞ്ഞു കുഞ്ഞിനെ തേടി ഒരാള്‍ ദമൊഹ് സ്റ്റേഷനിലെത്തി. മരിച്ചത് ഫുല്ലോ ഭായി എന്ന സ്ത്രീയാണ് എന്നും ഇവര്‍ കഴിഞ്ഞ ചൊവാഴ്ച മരുന്ന് വാങ്ങാനായി വീട്ടില്‍ നിന്നും പോയതാണ് എന്നും ഇയാള്‍ മൊഴി നല്‍കി.

ഇതിനിടെ കുഞ്ഞിനെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ ആദ്യം തയ്യാറായില്ല എന്നും പരാതി ഉയര്‍ന്നു. അഡ്മിഷന്‍ ഫീസായ 10 രൂപ അടയ്ക്കാന്‍ ആളില്ലാത്തതായിരുന്നു പ്രശ്നം. ഒടുവില്‍ ഒരു ജീവനക്കാരന്‍ ഈ തുക അടച്ചതോടെയാണ് കുഞ്ഞിന്‍റെ ചികിത്സ ആരംഭിക്കുന്നത്. പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത 'അച്ചാ ദിന്‍' ഏതായാലും ഇങ്ങനെയും ചില ഹൃദയഭേദകമായ കാഴ്ചകള്‍ ബാക്കി വയ്കുന്നുണ്ട്