​ഗോരഖ്പൂർ ദുരന്തം; മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 70ആയി

ഓക്സിജൻ നിലച്ച സമയത്ത് വാർഡിൽ ഉണ്ടായിരുന്ന ഏഴു കുഞ്ഞുങ്ങൾ കൂടി മരിച്ചു. ഇതോടെ ഓഗസ്റ്റ് നാലു മുതലുള്ള ഒരാഴ്ചയ്ക്കിടെ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം എഴുപതായി.

​ഗോരഖ്പൂർ ദുരന്തം; മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 70ആയി

ഉത്തർപ്രദേശിലെ ​ഗോരഖ്പൂരിൽ ബാബ രാഘവ്ദാസ് സർക്കാർ മെഡിക്കൽ കോളേജിൽ ഓക്സിജൻ കിട്ടാതെ മരിച്ച പിഞ്ചു കുഞ്ഞുങ്ങളുടെ എണ്ണം 70ആയി. ചികിത്സയിലായിരുന്ന ഏഴു കുഞ്ഞുങ്ങൾ കൂടി മരിച്ചതോടെയാണിത്. ഓക്സിജൻ നിലച്ചപ്പോൾ വാർഡിൽ ഉണ്ടായിരുന്ന കുഞ്ഞുങ്ങളാണ് മരിച്ചത്.

ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമാണ് ​ഗോരഖ്പൂർ. ആവശ്യമായ ഓക്സിജൻ സിലിണ്ടറുകൾ ഇല്ലാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് ഇത്രയും കുഞ്ഞുങ്ങൾ മരിച്ചത്. ഇതിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ മാത്രം മരിച്ചത് 30 കുഞ്ഞുങ്ങളാണ്. തുടർന്ന് 33 കുഞ്ഞുങ്ങളും കൂടി മരിച്ചു. മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പിഞ്ചു കുഞ്ഞുങ്ങളാണ് ഓക്സിജൻ വിതരണം നിലച്ചതിനെ തുടർന്ന് ഉത്തർപ്രദേശിൽ മരിച്ചത്.

എന്നാൽ ഓക്സിജൻ ലഭ്യതക്കുറവു മൂലമല്ല കുഞ്ഞുങ്ങൾ മരിച്ചതെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ബിജെപിയുടെയും നിലപാട്. മസ്തിഷ്ക ജ്വരം മൂലമാണ് മുഴുവൻ കുട്ടികളും മരിച്ചതെന്ന് യോഗി ആദിത്യനാഥ് പ്രതികരിച്ചിരുന്നു. സംഭവത്തിൽ അനുശോചിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തയാറാകാതിരുന്നതും വിവാദമായിട്ടുണ്ട്. പ്രധാനമന്ത്രി സ്വന്തം ട്വിറ്റർ അക്കൗണ്ടിലും ഓഫിസ് ട്വിറ്ററിലും ഇന്നലെ വൈകിട്ടുവരെ ഖേദമോ അനുശോചനമോ രേഖപ്പെടുത്തിയില്ല.

കേന്ദ്രമന്ത്രിയെയും ഡോക്ടർസംഘത്തെയും ഗോരഖ്പുരിലേക്ക് അയച്ചു എന്നു മാത്രമാണു ട്വിറ്ററിൽ മോദിയുടെ പ്രതികരണം. നഷ്ടപരിഹാരവും ഇന്നലെ വൈകിട്ടുവരെ പ്രഖ്യാപിച്ചിട്ടില്ല. കുടിശികയായ 64 ലക്ഷം രൂപ നൽകാത്തതിനെ തുടർന്ന് ആശുപത്രിയിലെ ഓക്‌സിജൻ വിതരണം സ്വകാര്യ കമ്പനി നിർത്തിയതാണു ദുരന്തകാരണം. കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിൽ അധികൃതർ കാണിച്ച അലംഭാവത്തിൽ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാണ്.

Read More >>