രണ്ടാം മന്‍മോഹന്‍സിങ്ങാവാന്‍ മോദി; സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ക്ക് വേഗം കൂട്ടും

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയത്തിന് പിന്നാലെ സാമ്പത്തികരംഗത്ത് അടിമുടി മാറ്റങ്ങള്‍ക്ക് കളമൊരുങ്ങുന്നു. ജി.എസ്.ടി സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ തന്നെ നടപ്പാക്കാനാണ് കേന്ദ്ര നീക്കം. തൊഴില്‍ രംഗത്തടക്കം വന്‍ മാറ്റങ്ങള്‍ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രണ്ടാം മന്‍മോഹന്‍സിങ്ങാവാന്‍ മോദി; സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ക്ക് വേഗം കൂട്ടും

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതോടെ രാജ്യത്തിന്റെ സാമ്പത്തികരംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. നികുതി പരിഷ്‌ക്കരണങ്ങള്‍ക്ക് പുറമെ ബാഡ് ബാങ്ക് രൂപീകരണം, വ്യാവസായിക രംഗത്തെ വേതനപരിഷ്‌ക്കരണം എന്നിവ നടപ്പാക്കാന്‍ കേന്ദ്രം ഉടന്‍ നടപടി സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നോട്ട് നിരോധനത്തിലെ പ്രതിപക്ഷ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ മറികടന്നെന്ന ആത്മവിശ്വാസമാണ് പുതിയ പരിഷ്‌ക്കാരങ്ങള്‍ക്ക് വേഗത കൂട്ടാനുള്ള ശ്രമത്തിന് പിന്നില്‍.

നികുതി ഘടനയില്‍ വന്‍ മാറ്റങ്ങള്‍ വരുത്തുന്ന ജി.എസ്.ടി ജൂലൈയില്‍ നടപ്പാക്കുമെന്നാണ് കരുതുന്നത്. ആഡംബര വസ്തുക്കള്‍ക്ക് ലെവി ഏര്‍പ്പെടുത്തുന്നതടക്കം നാല് സ്ലാബുകളായാണ് ജി.എസ്.ടി നടപ്പാക്കുക. ജി.എസ്.ടി നടപ്പാക്കുന്നതിന് ഇന്നലെ സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ ധാരണയായിരുന്നു. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ജി.എസ്.ടിയ്ക്ക് അന്തിമാനുമതി നല്‍കും. സംസ്ഥാന നിയമസഭകള്‍ അടുത്ത മാസം ജി.എസ്.ടിയ്ക്ക് അംഗീകാരം നല്‍കുന്നതോടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ ജി.എസ്.ടി നടപ്പാകും. ഇതിലൂടെ സാമ്പത്തിക വളര്‍ച്ചയില്‍ 0.5% വര്‍ദ്ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബാഡ് ബാങ്ക് അല്ലെങ്കില്‍ പൊതുമേഖലാ ആസ്തി പുനഃസ്ഥാപന ഏജന്‍സി രൂപീകരണത്തിനായി കേന്ദ്ര ധനമന്ത്രാലയവും റിസര്‍വ്വ് ബാങ്കും ചര്‍ച്ച നടത്തി വരികയാണ്. ബാങ്കിംഗ് രംഗത്ത് ഉണര്‍വ്വ് നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം. എന്നാല്‍ ധനമന്ത്രാലയത്തിലെ ബാങ്കിംഗ് ഡിവിഷന്‍ ഈ നീക്കത്തെ എതിര്‍ക്കുന്നുണ്ട്.

പൊതുമേഖലാ ബാങ്കുകളുടെ എല്ലാ കിട്ടാക്കടങ്ങളും ഏറ്റെടുത്താകും ബാഡ് ബാങ്ക് പ്രവര്‍ത്തിക്കുക. ഓരോ ബാങ്കും അവയുടെ കിട്ടാക്കടത്തിന് തുല്യമായ ഓഹരികളോ കടപ്പത്രങ്ങളോ പകരം നല്‍കും. പൊതുമേഖലാ ബാങ്കുകളുടെ ആകെ കിട്ടാക്കടം 5,94,929 കോടി രൂപയാണ്. ബാഡ് ബാങ്ക് നിലവില്‍ വരുന്നതോടെ പൊതുമേഖലാ ബാങ്കുകളില്‍ ചീത്ത വായ്പകള്‍ അഥവാ കിട്ടാക്കടങ്ങള്‍ ഉണ്ടാകില്ല. ക്ലീന്‍ ബാലന്‍സ് ഷീറ്റോടെ പുതിയ വായ്പകള്‍ ആരംഭിക്കുകയുമാണ് ബാഡ് ബാങ്കിലൂടെ ലക്ഷ്യമിടുന്നത്.

ദീര്‍ഘനാളായി തീര്‍പ്പാകാതെയുള്ള വ്യവസായ മേഖലയുമായി ബന്ധപ്പെട്ട തൊഴില്‍ ബില്ലുകളിലും തീരുമാനമുണ്ടായേക്കും. തൊഴിലാളികള്‍ക്ക് അനുകൂലമാകും വിധം തൊഴിലിടത്തെ നിയമങ്ങള്‍ ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ മുന്നോട്ട് വെച്ചിട്ടുണ്ട്. സമവായമുണ്ടാക്കിയ ശേഷം ഇക്കാര്യവുമായി മുന്നോട്ട് പോകാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ട്രേഡ് യൂണിയന്‍ സംഘടനകളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ജൂലൈയില്‍ പാര്‍ലമെന്റില്‍ ഇക്കാര്യം അവതരിപ്പിക്കാനാണ് നീക്കം. നേരത്തെ പ്രസവാവധി മൂന്ന് മാസത്തില്‍ നിന്ന് ആറു മാസമാക്കി ഉയര്‍ത്തിയിരുന്നു.

Read More >>