ഝാര്‍ഖണ്ഡില്‍ 2000പേര്‍ ചേര്‍ന്ന് നാലുപേരെ കൂടി അടിച്ചു കൊന്നു; നിയന്ത്രിക്കാന്‍ അഞ്ചു പൊലീസുകാരുമായി ബിജെപി സര്‍ക്കാര്‍

കന്നുകാലി വ്യാപാരികളായ നാല് മുസ്ലീം യുവാക്കളെ വ്യാഴാഴ്ച അടിച്ചുകൊന്നിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നെന്ന പ്രചരണം നടത്തിയാണ് അക്രമം. ഇന്നലെ കക്കൂസ് ടാങ്ക് നിര്‍മ്മിക്കുന്ന സഹോരദങ്ങളുള്‍പ്പെടെ മൂന്ന് യുവാക്കളെയാണ് അക്രമികള്‍ തല്ലിക്കൊന്നത്. ഇവരുടെ മുത്തശ്ശിക്ക് ഗുരുതരപരിക്കേറ്റു.

ഝാര്‍ഖണ്ഡില്‍ 2000പേര്‍ ചേര്‍ന്ന് നാലുപേരെ കൂടി അടിച്ചു കൊന്നു; നിയന്ത്രിക്കാന്‍ അഞ്ചു പൊലീസുകാരുമായി ബിജെപി സര്‍ക്കാര്‍

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നെന്ന് നവമാദ്ധ്യമങ്ങളിലടക്കം വ്യാജപ്രചരണം നടത്തി കഴിഞ്ഞ ഒമ്പത് ദിവസത്തിനുള്ളില്‍ ഝാര്‍ഖണ്ഡില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം ഒമ്പതായി. ഇന്നലെ സഹോദരങ്ങളുള്‍പ്പെടെ മൂന്ന് പേരെയാണ് അഞ്ച് പൊലീസുകാരുടെ മുന്നില്‍വെച്ച് രണ്ടായിരത്തോളം വരുന്ന അക്രമികള്‍ അടിച്ചുകൊന്നത്. ചന്തയില്‍ വില്‍ക്കാന്‍ കന്നുകാലികളെ മേടിക്കാന്‍ പോയ നാല് മുസ്ലീം യുവാക്കളെ വ്യാഴാഴ്ച രാജ്‌നഗറില്‍ അക്രമികള്‍ അടിച്ചുകൊന്നിരുന്നു.

വികാസ്(28), സഹോദരന്‍ ഗൗതം(26) സുഹൃത്ത് ഗണേഷ്( 25) എന്നിവരാണ് ഇന്നലെ കിഴക്കന്‍ സിംഗ്ഭൂമിലെ ഭാഗ്‌ബെറയില്‍ കൊല്ലപ്പെട്ടത്. ഇവരുടെ മുത്തശ്ശി രാംസഖീ ദേവിയെ(70) കല്ലുകൊണ്ടിടിച്ച് ക്രൂരമായി മുറിവേല്‍പ്പിച്ചു. സ്വച്ഛ് ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട് കക്കൂസ് ടാങ്ക് നിര്‍മ്മാണം കരാറേറ്റെടുത്തിരുക്കുന്നവരാണ് കൊല്ലപ്പെട്ട യുവാക്കള്‍. ജോലിയുടെ ഭാഗമായി ഭാഗ്‌ബെറയ്ക്കടുത്ത നഗാദിയില്‍ ഫ്‌ളക്‌സ് ബാനര്‍ കെട്ടിയശേഷം വികാസും ഗൗതമും മറ്റൊരു സഹോദരന്‍ ഉത്തമും ചേരിപ്രദേശത്തെ ആളുകളെ കാണുമ്പോള്‍ ഏതാനും ആളുകള്‍ ഇവരെ തടഞ്ഞുനിര്‍ത്തുകയായിരുന്നു.

ഇവരോട് തിരിച്ചറിയല്‍ രേഖകള്‍ കാണിച്ചുകൊടുത്തപ്പോള്‍ ആധാറോ, വോട്ടര്‍ ഐഡിയോ കാണണമെന്നായിരുന്നു ആവശ്യം. ഇതെതുടര്‍ന്ന് ഇവര്‍ വീട്ടില്‍ വിളിച്ച് മുത്തശ്ശി രാംസഖിയോട് തിരിച്ചറിയല്‍ രേഖകള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു. എഴുപതുകാരിയായ രാംസഖീ ഇക്കാര്യം പൊലീസ് സ്റ്റേഷനില്‍ അറിയിച്ച് അയല്‍ക്കാരനായ ഗണേഷ് എന്ന യുവാവിനൊപ്പം സംഭവ സ്ഥലത്തേയ്ക്ക് പുറപ്പെടുകയായിരുന്നു.

ഭാഗ്‌ബെറ പൊലീസ് സ്റ്റേഷന്‍ മേധാവിയടക്കം അഞ്ചു പൊലീസുകാര്‍ അപ്പോഴേക്കും സംഭവസ്ഥലത്തെത്തിയിരുന്നു. പൊലീസ് എത്തുമ്പോഴേക്കും വികാസും ഗൗതമും മൃതപ്രായരായിരുന്നു. ഇവരുടെ സഹോദരനായ ഉത്തം അക്രമികളുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. മുത്തശ്ശി എത്തിയതിനു ശേഷവും അഞ്ഞൂറിലേറെ വരുന്ന അക്രമി സംഘം വടിയും കല്ലുമുപയോഗിച്ച് യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അഞ്ച് പൊലീസുകാര്‍ക്ക് ഇത് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.

യുവാക്കളെ മര്‍ദ്ദിക്കുന്നത് തടയാന്‍ മുത്തശ്ശി രാംസഖി തടയാന്‍ ശ്രമിച്ചെങ്കിലും കല്ലുപയോഗിച്ച് അവരെയും അക്രമികള്‍ മുറിവേല്‍പ്പിച്ചു. ഒപ്പം വന്ന ഗണേഷെന്ന യുവാവിനെയും അക്രമിസംഘം മര്‍ദ്ദിച്ചുകൊന്നു. സ്ഥിതി വഷളായപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ കൂടുതല്‍ സേനയെ ആവശ്യപ്പെട്ടെങ്കിലും അറുപത് പൊലീസുകാര്‍ മാത്രമാണ് എത്തിയത്. അക്രമിസംഘമാകട്ടെ അപ്പോഴേക്കും രണ്ടായിരമായി. ഇവര്‍ പൊലീസിനേയും ആക്രമിക്കുകയായിരുന്നു. ആറ് പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും രണ്ടാ പൊലീസ് വാഹനങ്ങള്‍ തല്ലിതകര്‍ക്കുകയും ചെയ്തു.

ഈ മാസം 11ന് രണ്ട് പേരെ സമാനമായ രീതിയില്‍ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച കന്നുകാലി വ്യാപാരികളായ നാല് മുസ്ലീം യുവാക്കളെ അഞ്ഞൂറോളം വരുന്ന അക്രമി സംഘം അടിച്ചു കൊന്നിരുന്നു. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവര്‍ ഈ ഭാഗങ്ങളിലുണ്ടെന്ന പ്രചരണം രണ്ടാഴ്ചയായി നവമാദ്ധ്യമങ്ങളിലടക്കം ശക്തമായിരുന്നു. ഇത് വ്യാജമാണെന്ന് റേഡിയോയിലൂടെയും മറ്റും വിശദീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ഈ ഭാഗങ്ങളില്‍ കൂടുതല്‍ സേനയം വിന്യസിക്കുന്നകതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടില്ല. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് പറഞ്ഞു.

Story by
Read More >>