ബുലന്ദ്ഷഹർ കലാപ ദിവസം സ്കൂൾ ഉച്ചക്ക് മുൻപ് അടച്ചു; പ്രാഥമിക വിദ്യാഭ്യാസ വകുപ്പിൽ നിന്നും അറിയിപ്പ് ലഭിച്ചിരുന്നുവെന്ന് സ്കൂൾ അധികൃതർ

തബ്‌ലീഗ് ജമാഅത്തിന്റെ ഇജ്തിമ (സമ്മേളനം) നടക്കുന്നതിനാല്‍ സാഹചര്യങ്ങള്‍ പന്തിയല്ലെന്നു പറഞ്ഞ് പ്രാഥമിക വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അറിയിപ്പ് ലഭിച്ചതിനെത്തുടർന്നാണ് സ്‌കൂൾ നേരത്തെ അടച്ചതെന്ന് അധ്യാപകന്‍ ദേശ്‌രാജ് സിങ് പറഞ്ഞു.

ബുലന്ദ്ഷഹർ കലാപ ദിവസം സ്കൂൾ ഉച്ചക്ക് മുൻപ് അടച്ചു; പ്രാഥമിക വിദ്യാഭ്യാസ വകുപ്പിൽ നിന്നും അറിയിപ്പ് ലഭിച്ചിരുന്നുവെന്ന് സ്കൂൾ അധികൃതർ

പശുവിനെ കശാപ്പു ചെയ്‌തെന്ന അഭ്യൂഹം പ്രചരിപ്പിച്ച് നാനൂറോളം വരുന്ന സംഘപരിവാർ അക്രമികൾ അഴിച്ചു വിട്ട കലാപം രൂക്ഷമാകുന്നതിന് മുമ്പ് തന്നെ ബുലന്ദ്ഷഹറിലെ ചിന്‍ഗ്രാവതി ഗ്രാമത്തിലെ സ്‌കൂളില്‍ ഉച്ചഭക്ഷണം നേരത്തെ വിതരണം ചെയ്ത് വിദ്യാര്‍ത്ഥികളെ പറഞ്ഞുവിട്ടു. തബ്‌ലീഗ് ജമാഅത്തിന്റെ ഇജ്തിമ (സമ്മേളനം) നടക്കുന്നതിനാല്‍ സാഹചര്യങ്ങള്‍ പന്തിയല്ലെന്നു പറഞ്ഞ് പ്രാഥമിക വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അറിയിപ്പ് ലഭിച്ചതിനെത്തുടർന്നാണ് സ്‌കൂൾ നേരത്തെ അടച്ചതെന്ന് അധ്യാപകന്‍ ദേശ്‌രാജ് സിങ് പറഞ്ഞു.

സാധാരണ 12.30നാണ് ഉച്ചഭക്ഷണം വിതരണം ചെയ്യാറുള്ളത്. എന്നാല്‍ തിങ്കളാഴ്ച 11.15ഓടെ ഭക്ഷണം വിതരണം ചെയ്ത് കുട്ടികളെ വീട്ടിലേക്കു പറഞ്ഞു വിട്ടു. ചില കുട്ടികള്‍ ഭക്ഷണം പാതി കഴിച്ചും ബാഗുകള്‍ ഉപേക്ഷിച്ചുമാണ് പോയതെന്നും അദ്ദേഹം പറഞ്ഞു. ഈ സ്‌കൂളിനു ഏതാണ്ട് നൂറു മീറ്റര്‍ അകലെയാണ് പിന്നീട് ഒരു പൊലീസ് ഇന്‍സ്‌പെക്ടറുടെ കൊലപാതകത്തില്‍ കലാശിച്ച രൂക്ഷമായ ആള്‍ക്കൂട്ട ആക്രമണം അരങ്ങേറിയത്. സംഭവം ദിവസം ഉച്ചഭക്ഷണം നേരത്തെ വിതരണം ചെയ്ത് കുട്ടികളെ പറഞ്ഞു വിടാന്‍ ഉത്തരവ് ലഭിച്ചെന്ന് പാചകക്കാരനായ രാജ്പാല്‍ സിങും പറഞ്ഞു. ഒന്നു മുതല്‍ എട്ട് വരെ ക്ലാസുകളിലായി 150ലേറെ വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് സ്‌കൂളിന്റെ സാധാരണ പ്രവര്‍ത്തന സമയം. ബുധനാഴ്ച സകൂള്‍ വീണ്ടും തുറന്നെങ്കിലും അധ്യാപകരൊഴികെ ആരും എത്തിയില്ല. സംഘര്‍ഷാവസ്ഥ ശാന്തമായാല്‍ വിദ്യാര്‍ത്ഥികളും തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് അധ്യാപകര്‍.

പശുവിനെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് ബജ്രംഗ്ദള്‍ ഉള്‍പ്പെടെയുള്ള ഹിന്ദുത്വ തീവ്രവാദ സംഘടനകളാണ് കലാപം അഴിച്ചുവിട്ടതെന്ന് വ്യക്തമായതാണ്. സംഭവസ്ഥലത്തു നിന്നും 50ഓളം കിലോമീറ്റര്‍ അകലെ നടന്ന ആയിരക്കണക്കിന് മുസ്ലിംകള്‍ ഒത്തു ചേര്‍ന്ന തബ്‌ലീഗി ഇജ്തിമ സമ്മേളനത്തെ ഈ കലാപവുമായി ബന്ധിപ്പിക്കാന്‍ ശ്രമമുണ്ടായതായി റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഏറെ അകലെ നടന്ന ഈ മുസ്ലിം സമ്മേളനം പ്രശ്‌നമാകാന്‍ ഇടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ സ്‌കൂള്‍ നേരത്തെ വിട്ടത്. ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ വാഹനങ്ങളിലും മറ്റും ഇതു വഴിയാണ് കടന്നു പോയിരുന്നത്. കലാപ സമയത്ത് ഇവര്‍ പ്രദേശത്ത് ഉണ്ടായിരുന്നില്ല.