മുസ്ലീമുകള്‍ എന്നു സംശയം; ഉത്തര്‍ പ്രദേശില്‍ ഗോസംരക്ഷകരുടെ മര്‍ദ്ദനമേറ്റ് രണ്ട് പേര്‍ക്ക് പരുക്ക്

തങ്ങള്‍ ഹിന്ദുക്കള്‍ ആണെന്ന് പറഞ്ഞിട്ടും അവര്‍ ആക്രമണം തുടരുകയായിരുന്നു. വീട്ടിലെ ആവശ്യത്തിനാണ് പശുക്കളെ കൊണ്ടു പോകുന്നതെന്ന് പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും അക്രമത്തിന് ഇരയായവർ പറഞ്ഞു...

മുസ്ലീമുകള്‍ എന്നു സംശയം; ഉത്തര്‍ പ്രദേശില്‍ ഗോസംരക്ഷകരുടെ മര്‍ദ്ദനമേറ്റ് രണ്ട് പേര്‍ക്ക് പരുക്ക്

ഗോസംരക്ഷകരുടെ ആക്രമണപരമ്പരയില്‍ ഒന്നു കൂടി. ഉത്തര്‍ പ്രദേശിലെ ജവാറിലാണ് രണ്ട് കരാര്‍ തൊഴിലാളികളെ ഒരു കൂട്ടം ഗോസംരക്ഷകര്‍ ആക്രമിച്ചത്. പശുക്കളെ കടത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമം.

മഞ്ചിപ്പൂര്‍ സ്വദേശികളായ ജയ്ബീര്‍ സിംങ് (33), ഭൂപ് സിംങ് (45) എന്നിവര്‍ മെഹ്ദിപ്പൂരില്‍ നിന്നും ഒരു പശുവിനേയും പശുക്കുട്ടിയേയും വാങ്ങി മടങ്ങുന്ന വഴിയായിരുന്നു ആക്രമികളുടെ കൈയിലകപ്പെട്ടത്. വഴിയ്ക്കു അല്പം വിശ്രമിക്കാനായി ഉവര്‍ ഒരു മരച്ചുവട്ടില്‍ ഇരിക്കുകയായിരുന്നു.

'അവര്‍ മുസ്ലീങ്ങള്‍ ആണെന്ന് തെറ്റിദ്ധരിച്ച് കുറച്ചു ആളുകള്‍ അങ്ങോട്ട് വരുകയായിരുന്നു. അവര്‍ കൂടുതല്‍ ആളുകളെ വിളിച്ചു ചേര്‍ത്തു. ഒന്നും ചോദിക്കാതെ അവര്‍ ആക്രമണം തുടങ്ങി,' ജയ്ബീറിന്‌റെ ബന്ധു ഫതേഹ് സിംങ് പറഞ്ഞു.

തങ്ങള്‍ ഹിന്ദുക്കള്‍ ആണെന്ന് പറഞ്ഞിട്ടും അവര്‍ ആക്രമണം തുടരുകയായിരുന്നു. വീട്ടിലെ ആവശ്യത്തിനാണ് പശുക്കളെ കൊണ്ടു പോകുന്നതെന്ന് പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും അക്രമത്തിന് ഇരയായവർ പറഞ്ഞു.. മര്‍ദ്ദനത്തില്‍ ഇരുവര്‍ക്കും സാരമായി പരിക്കേറ്റു. നാട്ടുകാര്‍ സംഭവത്തിനെപ്പറ്റി അവരുടെ ബന്ധുക്കളെ അറിയിച്ചപ്പോള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

വളരെയധികം സമ്മര്‍ദ്ദം ചെലുത്തിയ ശേഷമാണ് പൊലീസ് എഫ്‌ഐആര്‍ രേഖപ്പെടുത്താന്‍ തയ്യാറായതെന്ന് ഫതേഹ് സിംങ് ആരോപിച്ചു.

മഹേഷ്, ആശിഷ്, ഓംപാല്‍ എന്നിവര്‍ക്കും മറ്റ് അഞ്ച് പേര്‍ക്കുമെതിരേ എഫ്‌ഐആര്‍ എടുത്തിട്ടുണ്ടെന്ന് ജെവാര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് ആയ അജയ് കുമാര്‍ ശര്‍മ പറഞ്ഞു. ഐപിസി 147, 232, 504, 506 വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

സംഭവം കഴിഞ്ഞതും ആക്രമികള്‍ സ്ഥലം വിട്ടു. പൊലീസ് അവര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് അജയ് കുമാര്‍ അറിയിച്ചു. സംഭവത്തിനെ തുടര്‍ന്ന് പ്രദേശത്ത് സ്ഥിതിഗതികള്‍ മോശമായി. ഗോസംരക്ഷണം എന്ന പേരില്‍ നിരപരാധികളെ ആക്രമിച്ചവര്‍ക്കെതിരേ കടുത്ത നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.