ബീക്കണില്ലാത്ത എംഎൽഎയ്ക്കു വിലയില്ല; ഐഡി കാർഡ് ചോദിക്കും, സല്യൂട്ട് ഇല്ല!

പഞ്ചാബിലെ അമരീന്ദര്‍ സിംങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് പത്രികയില്‍ വിഐപികളുടേയും എംഎല്‍എമാരുടേയും ചുവന്ന ബീക്കണുകള്‍ മാറ്റുമെന്നു വ്യക്തമാക്കിയിരുന്നു. എന്നാൽ മാറ്റം നടപ്പിൽ വരുത്തിയതിനു ശേഷം ജീവിതം അത്ര എളുപ്പമല്ല എന്നാണു എംഎൽഎമാരുടെ പൊതു അഭിപ്രായം.

ബീക്കണില്ലാത്ത എംഎൽഎയ്ക്കു വിലയില്ല; ഐഡി കാർഡ് ചോദിക്കും, സല്യൂട്ട് ഇല്ല!

രാവിലെ തിരക്കു പിടിച്ച സമയത്തായിരുന്നു ഫത്തേഗഡ് സാഹിബ് എംഎല്‍എ കുല്‍ജിത് സിംങ് നഗ്ര ഡല്‍ഹിയില്‍ നിന്നും ചണ്ഡീഗഢിലേയ്ക്കു പുറപ്പെട്ടത്. അദ്ദേഹത്തിന്റെ വെള്ള ഇന്നോവാ കാര്‍ ചണ്ടീഗഢ്-അമ്പാല ഹൈവേയിലെ ടോള്‍ ഗേറ്റില്‍ കുരുങ്ങിക്കിടക്കുന്നു. ബീക്കണ്‍ ഇല്ലാത്തതിനാല്‍ നഗ്ര അസ്വസ്ഥനായിരുന്നു. രണ്ടു പ്രാവശ്യം എംഎല്‍എ ആയ അദ്ദേഹത്തിനു വിഐപി സ്റ്റാറ്റസ് നല്‍കിയിരുന്നതു എംഎല്‍എ എന്ന സ്റ്റിക്കര്‍ മാത്രമായിരുന്നു. അതുകൊണ്ടു വലിയ പ്രയോജനവുമില്ല.

'എനിക്കിന്നു ഫത്തേഗഢ് സാഹിബില്‍ 15 പരിപാടികളുണ്ട്. ചണ്ഡീഗഢില്‍ അര മണിക്കൂര്‍ നിര്‍ത്തണം. ഈ ടോള്‍ ബൂത്ത് കടക്കാതെ ഞാന്‍ എങ്ങിനെ ഇതെല്ലാം സാധിക്കും? ഞാന്‍ ചുവന്ന ബീക്കണെ പിന്തുണയ്ക്കുകയല്ല. എന്റെ ബീക്കണ്‍ കഴിഞ്ഞ കാലാവധിയില്‍ തന്നെ മാറ്റിയിരുന്നു. പക്ഷേ, സമയം വൈകിക്കാതിരിക്കാനുള്ള സംവിധാനം നമ്മള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു,' നഗ്ര പറഞ്ഞു.

പഞ്ചാബിലെ അമരീന്ദര്‍ സിംങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് പത്രികയില്‍ പറഞ്ഞുട്ടുള്ളതായിരുന്നു വിഐപികളുടേയും എംഎല്‍എമാരുടേയും ചുവന്ന ബീക്കണുകള്‍ മാറ്റുമെന്നത്. അതിനു ശേഷം ജീവിതം അത്ര എളുപ്പമല്ല എന്നാണു പൊതു അഭിപ്രായം.

ഏപ്രില്‍ 15 ന് പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ചു പഞ്ചാബ് ഗവര്‍ണര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസും ജഡ്ജിമാരും, ആംബുലന്‍സ്, ദുരന്തനിവാരണ വാഹനങ്ങള്‍, പൊലീസ്/അഗ്നിശമനസേന, സുരക്ഷാവാഹനങ്ങള്‍ എന്നിവര്‍ക്കേ ബീക്കണ്‍ ഉപയോഗിക്കാനുള്ള അനുവാദമുള്ളൂ.

ചില പുതിയ എംഎല്‍എമാര്‍ പറയുന്നതു ചുവന്ന ബീക്കണ്‍ മാറ്റിയ സമയം അവര്‍ക്കു പ്രയാസമുണ്ടാക്കിയെന്നാണ്. മുതിര്‍ന്ന എംഎല്‍എമാര്‍ ചുവന്ന ബീക്കണിന്റെ സുഖം അനുഭവിച്ചു. ഞങ്ങള്‍ വന്നപ്പോള്‍ ബീക്കണ്‍ എടുത്തു കളഞ്ഞു. മന്ത്രിമാര്‍ക്ക് അധികാരമെങ്കിലുമുണ്ട്. ഞങ്ങള്‍ക്കുണ്ടായിരുന്ന ഒരേയൊരു ആനുകൂല്യം ബീക്കണ്‍ ആയിരുന്നു എന്നു മഹ്ജയിലെ കോണ്‍ഗ്രസ് എംഎല്‍എ പരാതിപ്പെട്ടു.

ടോള്‍ ബൂത്തുകളിലെ ബൂം ബാരിയറുകള്‍ മാത്രമല്ല, വിഐപി വാഹനങ്ങള്‍ക്കു ടോള്‍ കൊടുക്കേണ്ടായിരുന്നു. ബീക്കണ്‍ മാറ്റിയ ശേഷം തന്റെ വാഹനം ടോള്‍ ബൂത്തുകളില്‍ തടയുന്നെന്നും സര്‍ക്കാര്‍ പരിപാടികളില്‍ സൗജന്യപ്രവേശനം അനുവദിക്കുന്നില്ലെന്നും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു എംഎല്‍എ പറഞ്ഞു.

'ബീക്കണ്‍ ഉണ്ടായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു. ഒരു ദിവസം ടോള്‍ ബൂത്തിലെ സ്ത്രീ ഞാന്‍ എംഎല്‍എ ആണെന്നു പറഞ്ഞിട്ടും വിശ്വസിച്ചില്ല. ഞാന്‍ എന്റെ ഐഡി കാര്‍ഡ് കാണിച്ചപ്പോള്‍ അത് ആര്‍ക്കു വേണമെങ്കിലും ഉണ്ടാക്കാം എന്നായിരുന്നു മറുപടി. അഞ്ചു മിനിറ്റുകള്‍ കഴിഞ്ഞ് അവര്‍ എന്നെ വിശ്വസിച്ചില്ലെങ്കിലും പോകാനനുവദിച്ചു,' മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ പറഞ്ഞു.

ബീക്കണ്‍ മാറ്റിയതു കൊണ്ടുള്ള ഒരേയൊരു പ്രശ്‌നം ടോള്‍ പ്ലാസകളിലെ കാത്തുകെട്ടി കിടക്കല്‍ ആണെന്നു മറ്റൊരു എംഎല്‍എ പരാതിപ്പെടുന്നു. മറ്റൊരു പുതിയ എംഎല്‍എ സത്യപ്രതിജ്ഞ കഴിഞ്ഞതും പുതിയ ചുവന്ന ബീക്കണ്‍ വാങ്ങിച്ചു. പക്ഷേ പ്രയോജനമുണ്ടായില്ല. 2500 രൂപ ചെലവാക്കി വാങ്ങിയ ബീക്കണ്‍ വീട്ടില്‍ വെറുതേ കിടക്കുകയാണെന്ന് അദ്ദേഹം സങ്കടപ്പെടുന്നു.

'ഞാന്‍ ദിവസവും അതിനെ നോക്കി ചിരിക്കും. എംഎല്‍എ ആയത് എന്തിനാണ്? എന്റെ മണ്ഡലത്തില്‍ പോയി കെട്ടുകണക്കിനു ഫയലുകള്‍ ചുമന്നു മന്ത്രിമാര്‍ക്കു കൊടുക്കാനാണോ?,' അദ്ദേഹം ചോദിക്കുന്നു.

ചണ്ഡിഗഢില്‍ നഗ്രയുടെ കാര്‍ ഒടുക്കം കൗണ്ടറിലെത്തി. ജനാലയിലൂടെ തല പുറത്തേയ്ക്കിട്ടു ഡ്രൈവര്‍ പറഞ്ഞു:'എംഎല്‍എ സാറാണ്.' കൗണ്ടറില്‍ ഇരിക്കുന്നയാള്‍ സെക്യൂരിറ്റി ഗാര്‍ഡിനെ നോക്കുന്നു. ഗാര്‍ഡ് കാറിനടുത്തേയ്ക്കു വന്നു അകത്തേയ്ക്കു നോക്കുന്നു. 'ആരാ എംഎല്‍എ? ഐഡി കാര്‍ഡ് ഉണ്ടോ?' ഗാര്‍ഡിന്റെ ചോദ്യം.

നഗ്ര കാര്‍ഡ് കാണിക്കുന്നു. ഗാര്‍ഡ് അതു തിരിച്ചും മറിച്ചും നോക്കുമ്പോള്‍ പിന്നാലെയുള്ള വാഹനങ്ങളിൽ നിന്ന് തുടരെ ഹോണ്‍ മുഴങ്ങി. അപ്പോള്‍ മറ്റൊരു ഗാര്‍ഡ് ഓടി വന്നു പുതിയ ആള്‍ക്കാരാണു, ക്ഷമിക്കണം എന്നു പറഞ്ഞു നഗ്രയെ പോകാനനുവദിച്ചു.

ഏതാണ്ടു മുപ്പത് കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ചുവപ്പും നീലയും ബീക്കണുകളുള്ള ജിപ്‌സി നഗ്രയെ കടന്നു പോയി. ഡെപ്യൂട്ടി കമ്മീഷണറുടെ കാര്‍ ആയിരുന്നു അത്. അവര്‍ക്ക് എല്ലായിടത്തും തടസ്സമില്ലാതെ പോകാം. ഞങ്ങളെ ഒരു ട്രക്ക് പോലും ഓവര്‍ടേക്ക് ചെയ്യാന്‍ സമ്മതിക്കില്ല, നെഗ്ര പറഞ്ഞു.

എന്നാല്‍ ബീക്കണ്‍ നിരോധനത്തിനെ മറികടന്ന എംഎല്‍എമാരും ഉണ്ട്. അവര്‍ പഞ്ചാബ് സര്‍ക്കാര്‍ എന്നു നമ്പര്‍ പ്ലേറ്റില്‍ എഴുതുകയോ പൈലറ്റ് വാഹനങ്ങള്‍ മുമ്പേ അയയ്ക്കുകയോ ചെയ്യും!.

Story by