എട്ട് അദ്ധ്യാപകർ ചേര്‍ന്ന് പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; സംഭവത്തിന് ശേഷം പെണ്‍കുട്ടി മിണ്ടിയില്ലല്ലോ എന്ന് ആഭ്യന്തരമന്ത്രി

രാജസ്ഥാനിലെ ബിക്കാനീറിലാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ എട്ട് അധ്യാപകര്‍ ചേര്‍ന്ന് ഒന്നരവര്‍ഷത്തോളം പീഡിപ്പിച്ചത്. ക്യാന്‍സര്‍ ബാധിതയായ പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ അധ്യാപകര്‍ ഗുളിക നല്‍കി അലസിപ്പിച്ചെന്നും ആരോപണമുണ്ട്. പെണ്‍കുട്ടി ആരോടും പരാതി പറഞ്ഞില്ലെന്നായിരുന്നു സംഭവത്തെക്കുറിച്ചുള്ള രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയയുടെ മറുപടി.

എട്ട് അദ്ധ്യാപകർ ചേര്‍ന്ന് പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; സംഭവത്തിന് ശേഷം പെണ്‍കുട്ടി മിണ്ടിയില്ലല്ലോ എന്ന് ആഭ്യന്തരമന്ത്രി

ബിക്കാനീറിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ എട്ട് അധ്യാപകര്‍ ചേര്‍ന്ന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. ക്യാന്‍സര്‍ ബാധിതയായ പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടി പീഡനത്തെ തുടര്‍ന്നാണ് ഗര്‍ഭിണിയായതെന്ന് പിതാവ് പറഞ്ഞു. അധ്യാപകര്‍ ഗര്‍ഭനിരോധന ഗുളികള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിപ്പിച്ച് കഴിപ്പിച്ചെന്നും വീട്ടുകാര്‍ പറയുന്നു.

2015ലായിരുന്നു സംഭവത്തിന്റെ തുടക്കം. എക്‌സ്ട്രാ ക്ലാസുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ അധ്യാപകന്‍ സ്‌കൂളില്‍ പിടിച്ചു നിര്‍ത്തുകയായിരുന്നു. വസ്ത്രങ്ങള്‍ മാറ്റിയ ശേഷം ചിത്രങ്ങളും വീഡിയോയും ചിത്രീകരിച്ച അധ്യാപകന്‍ ഇതുപയോഗിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്താണ് പീഡിപ്പിച്ചത്. ഇതിന് മറ്റ് അധ്യാപകരും കൂട്ടുനില്‍ക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്. അധ്യാപകര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസ്. കഴിഞ്ഞ വര്‍ഷമാണ് സംഭവം താനറിഞ്ഞതെന്നും അധ്യാപകര്‍ തന്നെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്‌തെന്നും പെണ്‍കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു. അസുഖമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മകളെ കാണാന്‍ അധ്യാപകര്‍ അനുവദിച്ചില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. അപമാനം ഭയന്നാണ് താന്‍ ഇക്കാര്യം മറച്ചുവച്ചതെന്നും ഒടുവില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു.

പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു അധ്യാപകരുടെ ഭീഷണി. സംഭവത്തില്‍ മുഖ്യമന്ത്രി വസുന്ധരെ രാജെ സിന്ധ്യ അടക്കമുള്ളവര്‍ നേരിട്ട് ഇടപ്പെട്ടിട്ടുണ്ട്. എന്നാല്‍ രാജസ്ഥാന്‍ ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഗുലാബ് ചന്ദ് കട്ടാരിയയുടെ പ്രതികരണം ഇതിനകം വിവാദമായിട്ടുണ്ട്. എട്ട്‌പേര്‍ പീഡിപ്പിച്ചിട്ടും എന്ത് കൊണ്ട് ആ ദിവസം തന്നെ പെണ്‍കുട്ടി തുറന്ന് പറഞ്ഞില്ലെന്ന് മനസ്സിലാകുന്നില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഒരാള്‍ പീഡിപ്പിച്ചാല്‍ പോലും പറയണമെന്നും അദ്ദേഹം പറഞ്ഞു.