കണ്ണന്താനത്തിന്റെ ഇന്നത്തെ കോമഡി: ആദ്യം മാലിന്യം നിക്ഷേപിച്ച് സെറ്റിട്ടു; എന്നിട്ടത് നീക്കം ചെയ്തത് കയ്യോടെ പിടിച്ച് പിടിഐ

ഇന്ത്യാഗേറ്റിലെ മാലിന്യം നീക്കം ചെയ്യാനെത്തി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വെട്ടിലായി

കണ്ണന്താനത്തിന്റെ ഇന്നത്തെ കോമഡി: ആദ്യം മാലിന്യം നിക്ഷേപിച്ച് സെറ്റിട്ടു; എന്നിട്ടത് നീക്കം ചെയ്തത് കയ്യോടെ പിടിച്ച് പിടിഐ

കേന്ദ്രമന്ത്രിയായതിനു ശേഷം വിവാദങ്ങളുടെ തോഴനായ അല്‍ഫോണ്‍സ് കണ്ണന്താനം വീണ്ടും വിവാദത്തില്‍. പെട്രോള്‍ വിലവര്‍ധന സംബന്ധിച്ച പ്രസ്താവനയുടെ ക്ഷീണം മാറുംമുമ്പാണ് പുതിയ വിവാദവും കണ്ണന്താനത്തെ തേടിയെത്തിയിരിക്കുന്നത്. സ്വച്ഛതാ ഹി സേവാ ക്യാംപെയിനിന്റെ ഭാഗമായി ഇന്ത്യാഗേറ്റ് പരിസരം വൃത്തിയാക്കാന്‍ എത്തിയ കണ്ണന്താനം, മാലിന്യനിര്‍മ്മാര്‍ജനത്തിന്റെ 'സെറ്റിട്ടു'വെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാലിന്യം നീക്കം ചെയ്ത് ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യാനെത്തിയ കണ്ണന്താനത്തിന് ഇന്ത്യാഗേറ്റ് പരിസരത്ത് മാലിന്യങ്ങളൊന്നും കണ്ടെത്താനായില്ല. ടൂറിസം മന്ത്രി നിന്നു വിയര്‍ത്തതോടെ വളണ്ടിയര്‍മാരും മന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരും എവിടെ നിന്നോ സംഘടിപ്പിച്ച കുറേ മാലിന്യങ്ങളുമായി മന്ത്രിക്കരികിലെത്തി. ഐസ്‌ക്രീം കപ്പുകളും പാന്‍മസാല പായ്ക്കറ്റുകളും വെള്ളക്കുപ്പികളും തുടങ്ങി കിട്ടാവുന്ന സകല മാലിന്യങ്ങളും മന്ത്രിക്കുമുന്നില്‍ സംഘം നിക്ഷേപിച്ചു. അതോടെ സന്തോഷവാനായ മന്ത്രി മാലിന്യങ്ങളൊന്നൊന്നായി നീക്കിത്തുടങ്ങി. ഇതൊക്കെ കണ്ട നാട്ടുകാര്‍ക്ക് ഒന്നും പിടികിട്ടിയില്ല. അന്വേഷിച്ചപ്പോഴാണ് കേന്ദ്രമന്ത്രിയാണിതെന്ന് മനസിലായത്. റോഡിന് സമീപത്ത് ഭക്ഷണം വില്‍ക്കുന്ന തട്ടുകടക്കാരോടും മന്ത്രി കുശലാന്വേഷണം നടത്തി. ഭക്ഷണം കഴിക്കാനെത്തുന്നവരോടും കടക്കാരോടും കുശലാന്വേഷണം നടത്തിയ അദ്ദേഹം മാലിന്യനിര്‍മാര്‍ജനത്തിന്റെ ആവശ്യകത സംബന്ധിച്ച് എല്ലാവര്‍ക്കും ഉപദേശവും ഫ്രീയായി നല്‍കി.


ഇന്ത്യാ ഗേറ്റ് പരിസരം സ്ഥിരമായി വൃത്തിയാക്കാറുണ്ടെന്നും എന്നാല്‍ കുറച്ച് കൂടെ മെച്ചപ്പെടുത്താന്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത 15 ടൂറിസം മേഖലയില്‍ ഒന്നാണ് ഇന്ത്യ ഗേറ്റ്. കഴിഞ്ഞ ദിവസം പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവിനെ ന്യായീകരിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശം രൂക്ഷമായ വിമര്‍ശനങ്ങളേറ്റുവാങ്ങിയിരുന്നു. വണ്ടിയുള്ളവരെല്ലാം പണക്കാരാണെന്നും അവരില്‍ നിന്നു പണം പിരിച്ചു വേണം പാവപ്പെട്ടവരെ സഹായിക്കാനെന്നും ആയിരുന്നു അദ്ദേഹം പറഞ്ഞത്. പെട്രോളിയം വില വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ളവയില്‍ നിന്നും കിട്ടുന്ന പണം രാജ്യത്തെ കക്കൂസുകളുള്‍പ്പെടെ നിര്‍മ്മിക്കുന്നതിനായാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരേ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ട്രോള്‍മഴ തുടരുന്നതിനിടെയാണ് പുതിയ വിവാദം.

Read More >>