മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തില്‍ ബീഫ് വിളമ്പിയില്ല; ബിജെപി നേതാവ് പാര്‍ട്ടിവിട്ടു

മേഘാലയയിലെ വെസ്റ്റ് ഗാരോ ഹില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ബര്‍ണാഡ് മറാക്കാണ് പാര്‍ട്ടി ബാന്ധവം ഉപേക്ഷിച്ചത്.

മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തില്‍ ബീഫ് വിളമ്പിയില്ല; ബിജെപി നേതാവ് പാര്‍ട്ടിവിട്ടു

മോദി സര്‍ക്കാരിന്റെ മൂന്നാംവാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നടന്ന പാര്‍ട്ടിയില്‍ ബീഫ് വിളമ്പാത്തതില്‍ പ്രതിഷേധിച്ച് ബിജെപി നേതാവ് പാര്‍ട്ടി വിട്ടു. മേഘാലയയിലെ വെസ്റ്റ് ഗാരോ ഹില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ബര്‍ണാഡ് മറാക്കാണ് പാര്‍ട്ടി ബാന്ധവം ഉപേക്ഷിച്ചത്. ആഘോഷ പരിപാടിയില്‍ ഭക്ഷണത്തിനൊപ്പം ബീഫ് വിളമ്പണമെന്നൊയിരുന്നു ബര്‍ണാഡിന്റെ ആവശ്യം. എന്നാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഇത് വിലക്കി. ഇതോടെയാണ് ബര്‍ണാഡ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്.

വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗക്കാര്‍ക്ക് തങ്ങളുടേതായ ഭക്ഷണരീതികളുണ്ട്. ഗാരോയില്‍ ആഘോഷസമയത്ത് പശുവിനെ വരെ അറുക്കാറുണ്ട്. അതുകൊണ്ടാണ് ആഘോഷത്തില്‍ ബീഫ് വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനെ നിരാകരിച്ചതിലൂടെ, ബിജെപി തദ്ദേശീയരുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും മാനിക്കാത്തവരാണെന്ന് വ്യക്തമായിരിക്കുകയാണെന്നും ബര്‍ണാഡ് പറഞ്ഞു. സംസ്‌കാരത്തെ മാനിക്കാത്ത പാര്‍ട്ടിയില്‍ തുടരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു ക്രിസ്ത്യനും അതിലുപരി ഗാരോ വിഭാഗത്തില്‍പ്പെട്ടയാളുമാണ് താനെന്നും ബീഫ് നിരോധന വിഷയത്തില്‍ തനിക്ക് കടുത്ത അതൃപ്തിയുണ്ടെന്നും ബര്‍ണാഡ് പറഞ്ഞു. ബിജെപി ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും രാജിവച്ച ശേഷം അദ്ദേഹം വ്യക്തമാക്കി.

മേഘാലയയില്‍ അടുത്തവര്‍ഷം ആദ്യപാദത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബര്‍ണാഡിന്റെ രാജി. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മേഘാലയയില്‍ നിലവില്‍ കോണ്‍ഗ്രസാണ് ഭരണം കയ്യാളുന്നത്. ഗോത്രവിഭാഗമായ ഗാരോസ് വംശജരാണ് ഇവിടെ വോട്ടര്‍മാരില്‍ മുന്നില്‍. ബിജെപിക്ക് ഭരണം കിട്ടിയാല്‍ സംസ്ഥാനത്ത് കുറഞ്ഞ വിലയ്ക്ക് ബീഫ് ലഭ്യമാക്കുമെന്ന് അടുത്തിടെ ബര്‍ണാഡ് പറഞ്ഞത് വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് ബീഫ് വിഷയത്തില്‍ ബിജെപിയെ തള്ളിപ്പറഞ്ഞ് ബര്‍ണാഡ് രാജിവച്ചിരിക്കുന്നത്.

Read More >>