വന്ദേമാതരം ആലപിക്കാത്തതിന് മീററ്റ് മേയര്‍ ഏഴ് കൗണ്‍സിലര്‍മാരെ യോഗത്തില്‍ നിന്ന് പുറത്താക്കി

''ആകെയുള്ള 90 അംഗങ്ങളില്‍ 18 പേര്‍ ഇസ്ലാം വിശ്വാസികളാണ്. അവര്‍ക്ക് മാത്രമാണ് വന്ദേമാതരം പാടാന്‍ മടിയുള്ളത്'' മീററ്റ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും ബിജെപി നേതാവുമായ അഹ്‌ലുവാലിയ പറയുന്നു.

വന്ദേമാതരം ആലപിക്കാത്തതിന് മീററ്റ് മേയര്‍ ഏഴ് കൗണ്‍സിലര്‍മാരെ യോഗത്തില്‍ നിന്ന് പുറത്താക്കി

വന്ദേമാതരം ആലപിക്കാത്തതിന് കോര്‍പ്പറേഷന്‍ യോഗത്തില്‍ നിന്ന് ഏഴ് അംഗങ്ങളെ മേയര്‍ പുറത്താക്കി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ബിജെപി നേതാവും കൂടിയായ മീററ്റ് മുനിസിപ്പല്‍ ചെയര്‍മാന്‍ ഹരികാന്ത് അഹ്‌ലുവാലിയ ആണ് വിചിത്രമായ നടപടി സ്വീകരിച്ചത്. വന്ദേമാതരം ആലപിച്ച് കൗണ്‍സില്‍ യോഗം തുടങ്ങണമെന്നാണ് അഹ്‌ലുവാലിയ ആദ്യം നിര്‍ദ്ദേശം നല്‍കിയത്.

വന്ദേമാതരം ആലപിക്കാന്‍ തയ്യാറല്ലാത്തവരെ ഇനി യോഗങ്ങളില്‍ പങ്കെടുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ പ്രതിഷേധം പ്രകടിപ്പിച്ചു. ഇതിനെത്തുടര്‍ന്ന് ചെയര്‍മാന്‍ ഏഴ് അംഗങ്ങളെ പുറത്താക്കുകയായിരുന്നു ''ആകെയുള്ള 90 അംഗങ്ങളില്‍ 18 പേര്‍ ഇസ്ലാം വിശ്വാസികളാണ്. അവര്‍ക്ക് മാത്രമാണ് വന്ദേമാതരം പാടാന്‍ മടിയുള്ളത്'' അഹ്‌ലുവാലിയ പറയുന്നു.വന്ദേമാതരം ആലപിക്കാന്‍

ആരെയും നിര്‍ബന്ധിക്കരുതെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കെയാണ് മീററ്റ് മേയര്‍ വിചിത്രമായ നിര്‍ദ്ദേശം നല്‍കിയത്. വന്ദേമാതരം ആലപിക്കാനാവശ്യപ്പെട്ടപ്പോള്‍ ചില അംഗങ്ങള്‍ വിസമ്മതം പ്രകടിപ്പിച്ചതിനാലാണ് താന്‍ അത്തരമൊരു നിര്‍ദ്ദേശം നല്‍കിയതെന്ന് മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് മുമ്പും സംസ്ഥാനത്ത് വിവാദങ്ങളുണ്ടായിട്ടുണ്ട്. കല്യാണ്‍ സിംഗ് മന്ത്രിസഭ 1998ല്‍ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കിയിരുന്നു. കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് പിന്നീട് തീരുമാനം പിന്‍വലിക്കുകയായിരുന്നു.