'ദി ക്വിൻ്റി'ൻ്റെ ഓഫീസിലും ഉടമയുടെ വീട്ടിലും മുന്നറിയിപ്പില്ലാതെ റെയ്ഡ്; മോദി സർക്കാരിൻ്റെ മാധ്യമ വിരട്ടലെന്ന് ആക്ഷേപം

സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെ സമ്മര്‍ദ്ദത്തിലാക്കി വായടപ്പിക്കുന്ന മോഡി സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരടക്കം പലരും രംഗത്തെത്തി.

ദി ക്വിൻ്റിൻ്റെ ഓഫീസിലും ഉടമയുടെ വീട്ടിലും മുന്നറിയിപ്പില്ലാതെ റെയ്ഡ്; മോദി സർക്കാരിൻ്റെ മാധ്യമ വിരട്ടലെന്ന് ആക്ഷേപം

പ്രമുഖ മാധ്യമ സംരഭകനും ദി ക്വിന്റ് വാര്‍ത്താ പോര്‍ട്ടലിന്റെ ഉടമയും എഡിറ്ററുമായ രാഘവ് ബെഹലിന്റെ നോയിഡയിലെ വീട്ടിലും ക്വിന്റ് ഓഫീസിലും ആദായ നികുതി ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പില്ലാതെ റെയ്ഡ് നടത്തി. ഈ സമയം ബെഹല്‍ മുംബൈയിലായിരുന്നു. അദ്ദേഹം ദല്‍ഹിയിലേക്കു തിരിച്ചിട്ടുണ്ട്. ക്വിന്റ് പൂര്‍ണമായും നികുതി ചട്ടങ്ങള്‍ പാലിക്കുന്ന സ്ഥാപനമാണെന്നും എല്ലാ സാമ്പത്തിക രേഖകളും കാണിക്കാന്‍ ഒരുക്കമാണെന്നും ബെഹല്‍ വ്യക്തമാക്കി.

സംഭവത്തില്‍ വലിയ ആശങ്കയറിച്ചും പിന്തുണ തേടിയും ബെഹല്‍ എഡിറ്റേഴ്‌സ് ഗില്‍ഡിനെ സമീപിച്ചിട്ടുണ്ട്. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരില്‍ ഒരാളോട് ഫോണില്‍ സംസാരിച്ചെന്നും നിര്‍ണായകവും ഗൗരവമേറിയതുമായ വാര്‍ത്താ വിവരങ്ങള്‍ അടങ്ങിയ രേഖകളോ മെയിലുകളോ തുറന്നു പരിശോധിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബെഹല്‍ പറഞ്ഞു. അങ്ങനെ ചെയ്താല്‍ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് ഇവ പകര്‍ത്തിയെടുക്കാന്‍ അനുവദിക്കരുതെന്നും ബെഹല്‍ ആവശ്യപ്പെട്ടു.

ക്വിന്റ് നിക്ഷേപമുള്ള ദക്ഷിണേന്ത്യന്‍ വാര്‍ത്താ പോര്‍ട്ടലായ ദി ന്യൂസ് മിനിറ്റിന്റെ ബാംഗ്ലൂരിലെ ഓഫീസിലും ഇതേസമയം ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തി. സാമ്പത്തിക രേഖകളും ഓഡിറ്റ് ബുക്കുകളും പരിശോധിച്ചു. ന്യൂസ് മിനിറ്റ് പൂര്‍ണമായും പരിശോധനയോട് സഹകരിച്ചെന്ന് ചീഫ് എഡിറ്റര്‍ ധന്യ രാജേന്ദ്രന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ ഈ നടപടിയില്‍ പിന്തുണയ്ക്കണമെന്ന് ബെഹല്‍ എഡിറ്റേഴ്‌സ് ഗില്‍ഡിനോട് ആവശ്യപ്പെട്ടു. സംഭവം ട്വിറ്ററില്‍ വലിയ പ്രതിഷേധത്തിനിടയാക്കി. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെ സമ്മര്‍ദ്ദത്തിലാക്കി വായടപ്പിക്കുന്ന മോഡി സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരടക്കം പലരും രംഗത്തെത്തി. ആദായ നികുതി നിയമ പ്രകാരമുള്ള സര്‍വെക്കാണ് എത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

റെയ്ഡ് വലിയ ആശങ്കയുണ്ടാക്കുന്നതാണെന്നും സര്‍ക്കാര്‍ മറുപടി പറയണമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് അധ്യക്ഷനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ശേഖര്‍ ഗുപ്ത പറഞ്ഞു. നികുതി ഉദ്യോഗസ്ഥര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ റെയ്ഡുകള്‍ വിരട്ടല്‍ പോലെയാണെന്നും അദ്ദേഹം പറഞ്ഞു. ഈ നടപടിക്ക് എന്തെങ്കിലും ന്യായീകരണമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഉടന്‍ മറുപടി നല്‍കണമെന്നും ഇല്ലെങ്കില്‍ ഇത് മാധ്യമ വേട്ടയായി പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.Read More >>