കലാപത്തിൽ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകൾ; നിസ്സാരമാക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ

കൂട്ടായ അഭിപ്രായരൂപീകരണത്തെ സ്വാധീനിച്ച് തെരഞ്ഞെടുത്ത വിഷയങ്ങളിൽ മാത്രമായി സാമൂഹ്യാവബോധം ഉണർത്തുന്നതിൽ അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റൽ, സാമൂഹ്യ മാദ്ധ്യമങ്ങളുടെ ഉത്തരവാദിത്തം എന്താണ്? അക്രമത്തിന്റെ പ്രഭവകേന്ദ്രം പട്ടണപ്രദേശമോ നാട്ടുമ്പ്രദേശമോ എന്നതിനെ ആശ്രയിച്ച് ഈ അവബോധത്തിൽ മാറ്റമുണ്ടാകുമോ? ഇരയാക്കപ്പെടുന്ന സ്ത്രീ ന്യൂനപക്ഷസമുദായത്തിൽ നിന്നോ അരികുവത്കരിക്കപ്പെട്ട ഇതരസമുദായങ്ങളിൽ നിന്നോ ഉള്ളയാളാണെങ്കിൽ ഈ അവബോധം ദുർബലമാകുമോ? മുസ്ലീം വിമൺസ് ഫോറത്തിന്റെ പ്രസിഡന്റ് സയ്യിദ ഹമീദും സീനിയർ ഫെല്ലോ സലീന വിൽസനും എഴുതുന്നു.

കലാപത്തിൽ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകൾ; നിസ്സാരമാക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ

ബിൽക്കിസ് ബാനോ. മെയ് നാലിനു ബോംബേ ഹൈക്കോടതി അവരുടെ കേസിൽ വിധി പ്രസ്താവിച്ചതു മുതൽ ആ പേരും പേരും മുഖവും എന്നെ വേട്ടയാടുകയാണ്.

ഗുജറാത്ത് കൂട്ടക്കൊലയുടെ സമയത്ത് മുസ്ലീം സ്ത്രീകൾക്ക് എന്തു സംഭവിച്ചു എന്നതു രേഖപ്പെടുത്താൻ ഞങ്ങൾ ആറു സ്ത്രീകളടങ്ങുന്ന സംഘം 2002 മാർച്ചിൽ അഹമ്മദാബാദിലെത്തി. ഏതെങ്കിലും മതവിശ്വാസത്തിന്രെ അടിസ്ഥാനത്തിലായിരുന്നില്ല, ഞങ്ങൾ ഒരുമിച്ചുകൂടിയിരുന്നത് എങ്കിലും ഞങ്ങളിൽ മുസ്ലീംങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉൾപ്പെട്ടിരുന്നു. നിർവചനങ്ങൾക്കു വഴങ്ങാത്ത പാരസ്പര്യത്താൽ ഞങ്ങൾ തമ്മിൽത്തമ്മിൽ ചേർന്നവരായിരുന്നു. ആ ബന്ധം ഞങ്ങളെ ക്യാമ്പുകളിൽ നിന്നു ക്യാമ്പുകളിലേക്കും താലൂക്കുകളിൽ നിന്നു താലൂക്കുകളിലേക്കും എത്തിച്ചു. കൂടുതൽ ഇടങ്ങളിൽ എത്തിച്ചേരാനായി ഞങ്ങൾ രണ്ടു സംഘമായി പിരിഞ്ഞു. ഞങ്ങളാൽ കഴിയാവുന്നത്രയും ആളുകളെയും കുടുംബങ്ങളേയും സന്ദർശിച്ച്, നിരീക്ഷണങ്ങളെ കഴിവതും ആധികാരികമാക്കണമെന്ന്, അതിലൂടെ തങ്ങളുടെ കുടുംബവും വീടും എല്ലാത്തിലുമുപരി, പ്രത്യാശയും നഷ്ടപ്പെട്ടവർക്കു നീതി ലഭിക്കാൻ പരിശ്രമിക്കണമെന്നും ഞങ്ങൾക്കുണ്ടായിരുന്നു.

ഞങ്ങൾ തയ്യാറാക്കിയ വിവരണത്തിൽ 2002ലെ കലാപകാലത്തു നടമാടിയ അതിഹീനമായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള ഞെട്ടലുളവാക്കുന്ന ആഖ്യാനങ്ങൾ അടങ്ങിയിരുന്നു. ബലാത്സംഗത്തിന്റെയും കൂട്ടബലാത്സംഗത്തിന്റെയും സംഘം ചേർന്നുള്ള ബലാത്സംഗങ്ങളുടെയും വസ്ത്രമുരിയലിന്റെയും മാനാപമാനത്തിന്റെയും സാക്ഷ്യങ്ങൾ. കുറ്റവാളികളിലേക്കു തിരികെയെത്തുന്നതു തടയാനായി എല്ലാ തെളിവുകളും നശിപ്പിക്കാനുദ്ദേശിച്ച്, പല ബലാത്സംഗ ഇരകളെയും ജീവനോടെ ചുട്ടുകരിച്ചിരുന്നു.

'സ്ഥാപനവത്കരിക്കപ്പെട്ട കലാപവ്യവസ്ഥ' എന്നു പോൾ ബ്രാസ് വിശേഷിപ്പിക്കുന്ന, അക്രമം, അക്രമത്തിനുമേൽ അക്രമം എന്ന ഘടനയിലാണ് വംശഹത്യകളുടെ കാലത്തു നാം കാണുന്ന ലൈംഗികാതിക്രമങ്ങളുടെ വിന്യാസം. സ്ത്രീകൾക്കുനേരെയുള്ള അതിപൗരുഷപ്രകടനത്തിന്റെ ഊർജ്ജസ്രോതസ്സായി പ്രവർത്തിക്കുന്ന അതിരുകടക്കലുകളുടെ പിന്നിലെ ചേതോവികാരം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ശൗര്യമില്ലായ്മയെ സഹിക്കാത്ത, പകരം ഭൂരിപക്ഷ സമുദായങ്ങളിൽ നിന്നുള്ള പുരുഷന്മാരെ 'പ്രവർത്തിക്കാൻ' പ്രകോപിപ്പിക്കുന്ന ചട്ടക്കൂടാണ്, അതിനുള്ളത്. പുരുഷന്മാരുടെ അഭിമാനത്തിന്റെ മൂർത്തീകരണമായി സ്ത്രീകളെ പരിഗണിക്കുന്ന ഒരു സാമൂഹ്യക്രമത്തിലാണു നാം ജീവിക്കുന്നത്. 'അവരുടെ സ്ത്രീകളെ' ആക്രമിക്കുന്നത്, അതുകൊണ്ടുതന്നെ ആ സമൂഹത്തെ മുഴുവൻ അഴിച്ചുകളയുന്നതിനു തുല്യമാണ്.

ബിൽക്കിസും യാസ്മിനു സറീനയും കൗസറും പെരുതായ മറ്റു മുസ്ലീം സ്ത്രീകളും കുഞ്ഞുങ്ങളും അനുഭവിച്ച ലൈംഗികാതിക്രമങ്ങളുടെ പേടിപ്പെടുത്തുന്ന വിശദാംശങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്തും ചർച്ച ചെയ്തും അവർക്കു നീതി തേടിക്കൊടുക്കുന്നതിനായുള്ള ഒരു ശ്രമവും മാദ്ധ്യമങ്ങളുടെ ഭാഗത്തുനിന്ന് വർഷങ്ങളായി കാണാനില്ല. പ്രസംഗങ്ങളിലൂടെയും പ്രതിരൂപാത്മകമായ ശരീരചേഷ്ടകളിലൂടെയും പ്രകോപനം സൃഷ്ടിക്കുന്ന അപകടകരമായ പ്രക്രിയ, അമിതാവേശത്തിൽ മേശമേൽ കൈചുരുട്ടിയടിച്ചു വിജയം അവകാശപ്പെടുന്ന പ്രൈംടൈം ടെലിവിഷൻ ചർച്ചകളിലെങ്ങും വിഷയമാവാറില്ല.

കൊലപാതകം, കൂട്ടബലാത്സംഗം, ജീവനോടെ ചുട്ടെരിക്കൽ, പൊതുജനമദ്ധ്യത്തിലെ വസ്ത്രാക്ഷേപം എന്നിങ്ങനെ, ഒന്നല്ല, ഒട്ടനവധി കുറ്റകൃത്യങ്ങൾ ധാരയായി നടക്കുമ്പോൾ ജനത്തിന്റെ കൂട്ടായ പ്രജ്ഞയെ അതൊരുതരത്തിലും അലോസരപ്പെടുത്തുന്നില്ലെന്നത് വിചിത്രമാണ്.

കൂട്ടായ അഭിപ്രായരൂപീകരണത്തെ സ്വാധീനിച്ച് തെരഞ്ഞെടുത്ത വിഷയങ്ങളിൽ മാത്രമായി സാമൂഹ്യാവബോധം ഉണർത്തുന്നതിൽ അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റൽ, സാമൂഹ്യ മാദ്ധ്യമങ്ങളുടെ ഉത്തരവാദിത്തം എന്താണ്? അക്രമത്തിന്റെ പ്രഭവകേന്ദ്രം പട്ടണപ്രദേശമോ നാട്ടുമ്പ്രദേശമോ എന്നതിനെ ആശ്രയിച്ച് ഈ അവബോധത്തിൽ മാറ്റമുണ്ടാകുമോ? ഇരയാക്കപ്പെടുന്ന സ്ത്രീ ന്യൂനപക്ഷസമുദായത്തിൽ നിന്നോ അരികുവത്കരിക്കപ്പെട്ട ഇതരസമുദായങ്ങളിൽ നിന്നോ ഉള്ളയാളാണെങ്കിൽ ഈ അവബോധം ദുർബലമാകുമോ?

ന്യൂനപക്ഷ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം ഭീതിതമാംവിധം സാമാന്യവത്കരിക്കപ്പെട്ടോ?

ഈ ചോദ്യങ്ങൾക്ക് 'ഉവ്വ്' അഥവാ 'ഇല്ല' എന്ന ഉത്തരം ലഭ്യമാവില്ല എന്നുവരികിലും അവ ചോദിക്കപ്പെടേണ്ടതു തന്നെയാണ്. കരാളമായ അതിക്രമത്തിന് വിധേയമായ ഇടം എന്ന നിലയിലും നിലവിൽ പ്രതിഷേധത്തിന്റെയും പ്രക്ഷോഭത്തിന്റെയും ഇടം എന്ന നിലയിലും ആ സ്ത്രീകളുടെ ശരീരങ്ങളെ ഓർമ്മപ്പെടുത്തേണ്ടത് അവശ്യമായതിനാൽ; ശിക്ഷയുടെ കാഠിന്യം നിർണ്ണയിക്കുന്നതിൽ നമ്മുടെ കോടതിമുറികൾക്കുമേലെ സമ്മർദ്ദം ഉരുവപ്പെടാൻ പാകത്തിന് ഈ സംഭവങ്ങളുടെ മാദ്ധ്യമ പ്രതിനിധാനം പര്യാപ്തമാണോ എന്നു പരിശോധിക്കുന്നതിന്; നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുന്ന ബിൽക്കിസിനെ പോലെയുള്ള ധീരരായ സ്ത്രീകളുടെ പിന്നിൽ നാം പാറപോലെ ഉറച്ചുനിൽക്കുന്നുവെന്ന് ഉറപ്പിക്കുന്നതിന്, ഈ ചോദ്യങ്ങൾ ഉയരുക തന്നെ വേണം.

വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ, ബിൽക്കിസ് ബാനോ പറഞ്ഞു:

मुझे इन्साफ चाहिए, बदला नहीं
(എനിക്കു നീതിവേണം, പ്രതികാരമല്ല…)

ഖുറാനിൽ ബിൽകിസ് എന്നു പേരായ അജയ്യയായ ഷേബാ രാജ്ഞിയെ കണക്കേ…

[സയീദ ഹമീദ് മുസ്ലീം വിമൻസ് ഫോറത്തിന്റെ സ്ഥാപകാംഗവും നിലവിലെ അദ്ധ്യക്ഷയുമാണ്. സലീന വിൽസൺ ഫോറത്തിലെ സീനിയർ ഫെലോ ആണ്.]

കടപ്പാട്: ഹിന്ദുസ്ഥാൻ ടൈംസ്