സ്ത്രീകൾ മുകേഷിന് പ്രലോഭിപ്പിക്കുന്ന മെസേജുകൾ അയക്കാറുണ്ട്; അതിന് ക്യാംപയിൻ ഇല്ലേ എന്ന് മേതിൽ ദേവിക

"മുകേഷേട്ടന്‍ എന്ന രീതിയില്‍ താനാണ് പലപ്പോഴും മറുപടി കൊടുക്കാറുള്ളത്. അല്ലെങ്കില്‍ മുകേഷേട്ടന്‍ തന്നെ ബ്ലോക്ക് ചെയ്യും. ഒരു ഭാര്യ എന്ന നിലയ്ക്ക് എന്നെ വേറൊരു സ്ത്രീ ഹരാസ് ചെയ്യുന്നതാണ് അത്."- അവർ പറയുന്നു.

സ്ത്രീകൾ മുകേഷിന് പ്രലോഭിപ്പിക്കുന്ന മെസേജുകൾ അയക്കാറുണ്ട്; അതിന് ക്യാംപയിൻ ഇല്ലേ എന്ന് മേതിൽ ദേവിക

നടനും എംഎൽഎയുമായ മുകേഷിനെതിരായ മീ ടൂ ആരോപണത്തിൽ പ്രതികരിച്ച് നർത്തകിയും മുകേഷിൻ്റെ ഭാര്യയുമായ മേതിൽ ദേവിക. സ്ത്രീകൾ മുകേഷിന് പ്രലോഭിപ്പിക്കുന്ന മെസേജുകൾ അയക്കാറുണ്ടെന്നും അവരെയൊക്കെ മുകേഷ് ബ്ലോക്ക് ചെയ്യാറുണ്ടെന്നും അവർ പറഞ്ഞു. ഇതിനൊന്നും ക്യാംപയിൻ നടത്താൻ കഴിയില്ലേ എന്നും അവർ ചോദിച്ചു. ന്യൂസ് 18 കേരളയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദേവികയുടെ പ്രതികരണം.

"ഒരു സ്ത്രീ എന്ന നിലയില്‍ ഇത്തരം അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്. എന്നാല്‍ ഒരു ഭാര്യ എന്ന നിലയില്‍, ഇത്രയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്താണ് സംഭവിച്ചത് എന്ന് എനിക്ക് അറിയില്ല. ഇക്കാര്യം മുകേഷേട്ടനോട് സംസാരിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മയില്ല എന്നാണ് അദ്ദേഹം തീര്‍ത്ത് പറയുന്നത്. എന്നോട് നുണ പറയില്ല എന്നാണ് വിശ്വാസം. അതില്‍ ഒരു യുക്തിയും കാണുന്നുണ്ട്. എന്തായാലും അദ്ദേഹം വളരെ വിഷമത്തിലാണ്. മുകേഷേട്ടന്റെ സഹോദരിമാരും മരുമക്കളുമൊക്കെ വിമന്‍ ആക്ടിവിസത്തിന്റെ ആള്‍ക്കാരാണ്. മുകേഷ് മീ ടൂ ക്യാംപെയ്‌നെ വളരെ അനുകൂലിക്കുന്ന ആളുമാണ്."- ദേവിക പറയുന്നു.

"മീ ടൂ ക്യാംപെയ്‌ന്റെ ഭാഗമായി ഒരു സ്ത്രീ എന്ന നിലയ്ക്ക് തനിക്കും ചിലത് പറയാനുണ്ട്. തനിക്കും ചില അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വലിയ ദുരന്തം ഒന്നുമല്ല. ചില അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ നമ്മള്‍ അവിടെ നിന്ന് മാറി നില്‍ക്കും. നമ്മള്‍ മാറിക്കഴിഞ്ഞാല്‍ അതൊരു ഇഷ്യൂ അല്ല. ഇപ്പോഴതൊന്നും പറയുന്നില്ല. അതില്‍ മാധ്യമപ്രവര്‍ത്തകര്‍ അടക്കം കുറേ ആള്‍ക്കാര്‍ കാണും. അത് പറഞ്ഞ് കഴിഞ്ഞാല്‍ അവരുടെ കുടുംബങ്ങളെ ബാധിക്കും. എല്ലാവരും തന്നെ പോലെ ആകില്ലല്ലോ. എനിക്ക് ചുറ്റും സ്വാമി വിവേകാനന്ദന്‍മാരെ ഒന്നും ഞാന്‍ കാണുന്നില്ല. പുരുഷന്‍ ആയാലും സ്ത്രീ ആയാലും."- അവർ കൂട്ടിച്ചേർക്കുന്നു.

"മുകേഷേട്ടെന്റെ ഫോണിലെ പല മെസ്സേജുകള്‍ക്കും താനാണ് റിപ്ലൈ നല്‍കാറുള്ളത്. ഒരുപാട് സ്ത്രീകള്‍ വളരെ പ്രലോഭിപ്പിക്കുന്ന തരത്തില്‍ മെസ്സേജുകള്‍ അയക്കാറുണ്ട്. മുകേഷേട്ടന്‍ എന്ന രീതിയില്‍ താനാണ് പലപ്പോഴും മറുപടി കൊടുക്കാറുള്ളത്. അല്ലെങ്കില്‍ മുകേഷേട്ടന്‍ തന്നെ ബ്ലോക്ക് ചെയ്യും. ഒരു ഭാര്യ എന്ന നിലയ്ക്ക് എന്നെ വേറൊരു സ്ത്രീ ഹരാസ് ചെയ്യുന്നതാണ് അത്. അതിന് ക്യാംപെയ്ന്‍ ഒന്നുമില്ലേ. മീ ടൂ ക്യാംപെയ്ന്‍ വളരെ നല്ല അവസരം തന്നെയാണ്. സ്ത്രീകള്‍ക്ക് തുറന്ന് സംസാരിക്കാനുള്ള അവസരത്തെ വ്യക്തിപരമായി പിന്തുണയ്ക്കുന്നുണ്ട്. സന്ദര്‍ഭങ്ങളില്‍ നിന്നും അടര്‍ത്തി മാറ്റിക്കൊണ്ടാവരുത് അത്. ഇതുവരെ മിണ്ടാത്തവര്‍ പോലും ആരോപണം വന്നപ്പോള്‍ വിളിച്ച് അന്വേഷിക്കുന്നുണ്ട്."- അവർ പറയുന്നു.

"പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്നതിനെക്കുറിച്ച് താന്‍ ഇപ്പോള്‍ ആശങ്കപ്പെടേണ്ടതുണ്ട് എന്ന് തന്നെ കരുതുന്നില്ല. ഒരു സ്ത്രീയ്ക്ക് അനുഭവം തുറന്ന് പറയാനുള്ള എല്ലാ സ്വാതന്ത്യവുമുണ്ട് എന്നത് സമ്മതിക്കുന്നു. അതിനോട് യോജിക്കുന്ന വ്യക്തിയാണ് മുകേഷ്. തന്നെ വിവാഹം കഴിച്ചതിന് ശേഷം സ്ത്രീപക്ഷ പോരാട്ടങ്ങളോട് അനുഭാവം പ്രകടിപ്പിക്കുന്ന ആള്‍ കൂടിയാണ് മുകേഷ്. ഗൗരവമുള്ള സംഭവങ്ങള്‍ നിയമപരമായി തന്നെ മുന്നോട്ട് പോകണം. ചില ആണത്ത അഹങ്കാരങ്ങളുണ്ട്. അവ വീട്ടില്‍ നിന്ന് ഉണ്ടാവുന്നവയാണ്. അവയെല്ലാം മാറണം. മോശം അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്ത്രീകള്‍ അപ്പോള്‍ തന്നെ പ്രതികരിക്കണം. അതേസമയം പുരുഷന്മാരെ മാത്രം കുറ്റം പറയാന്‍ പറ്റില്ല." അവർ വിശദീകരിക്കുന്നു.

Read More >>